തിയേറ്ററുടമകളെ തള്ളിപ്പറഞ്ഞ് പ്രിഥ്വിരാജ്; അനാവശ്യസമരം സിനിമാ വ്യവസായത്തെ നശിപ്പിക്കും; നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്നും താരം

കൊച്ചി: തിയേറ്റര്‍ അടച്ചിട്ട് ഉടമകള്‍ നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞ് നടന്‍ പ്രിഥ്വിരാജ്. താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്നും അനാവശ്യമായി നടത്തുന്ന ഈ സിനിമാ സമരം വ്യവസായത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും പ്രിഥ്വിരാജ് ഫേസ്ബുക്കില്‍ പറഞ്ഞു. മുമ്പെങ്ങും ഇല്ലാത്തവിധം ഊര്‍ജത്തിലാണ് മലയാള സിനിമ ഇപ്പോള്‍. പ്രശ്നം എത്രയും പെട്ടെന്നു പരിഹരിച്ചു സംസ്ഥാനത്തെ സിനിമാ ശാലകള്‍ എത്രയും പെട്ടെന്നു തുറക്കാന്‍ വ‍ഴിയൊരുങ്ങട്ടെയെന്നും പ്രിഥ്വിരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ രണ്ടു മാസങ്ങളോളം ജോലി സംബന്ധവും അല്ലാതെയും ആയി ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു. ഈ കാലയളവില്‍ സാക്ഷാത്കരിക്കപ്പെട്ടതു മലയാള സിനിമ വ്യവസായത്തിന്റെ ഒരു വലിയ സ്വപ്നവും വരും നാളുകളില്‍ ഇനിയും വലുതായി സ്വപ്നം കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന 100 കോടി എന്ന മഹാത്ഭുതം ആണ്. ‘പുലിമുരുഗന്‍’ എന്ന സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!

എന്നാല്‍ ഈ പോസ്റ്റ് ഇതേ കാലയളവില്‍ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന, മറ്റൊരു മഹാത്ഭുതത്തെ പറ്റി ആണ്….സിനിമ സമരം!

മുന്‍പെങ്ങും ഇല്ലാത്ത ഒരു ഊര്‍ജം കൈവരിച്ചു വന്ന മലയാള സിനിമ വ്യവസായത്തിന്റെ 75 കോടിയില്‍പരം മുടക്കു മുതലിന് തടയിട്ടുകൊണ്ട് എന്തിനായിരുന്നു ഇങ്ങനെ ഒരു സമരം? പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ വിഹിതം വേണമെന്ന ചില തിയേറ്റര്‍ ഉടമകളുടെ ആവശ്യം. കേരളത്തില്‍ ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു എ ക്ളാസ് റിലീസ് തിയേറ്റര്‍ പോലും നിരന്തരമായി നഷ്ടത്തില്‍ ആണ് പ്രവര്‍ത്തനം തുടരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല, ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും പോലെ കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെയും ഒരു സുവര്‍ണ്ണ കാലഘട്ടം ആയിരുന്നു 2015 – 2016 എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ആവശ്യം? ഇപ്പോള്‍ നിലവിലുള്ള വിഹിത കണക്കുകളുടെയും ടാക്സ് റേറ്റുകളുടെയും വിശദീകരണത്തിലേക്കു ഞാന്‍ കടക്കുന്നില്ല..എന്നാല്‍ അവയെപ്പറ്റി അറിഞ്ഞാല്‍, ഒരു നിര്‍മാതാവിന് തന്റെ മുടക്കു മുതല്‍ തിരിച്ചു ലഭിക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്നും എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു ആവശ്യം അപ്രാപ്യം ആണെന്നും വളരെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.

ശെരി ആണ്..മള്‍ട്ടിപ്ളെക്സ് തിയേറ്റര്‍ കോംപ്ളെക്സുകള്‍ക്കു നല്‍കുന്ന ലാഭ വിഹിത കണക്കുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട കാര്യം, ഒരു ശരാശരി മള്‍ട്ടിപ്ളെക്സില്‍ ഒരു റിലീസ് സിനിമയുടെ 15 മുതല്‍ 25 ഷോകള്‍ വരെ ഒരു ദിവസം നടക്കാറുണ്ട്. അത് പോട്ടെ..ഒരു മള്‍ട്ടിപ്ളെക്സ് കോംപ്ളക്സ് ഒരു സിനിമ പ്രേക്ഷകന് നല്‍കുന്ന അതേസൌകര്യങ്ങള്‍ ഉള്ള എത്ര സിംഗിള്‍ സ്ക്രീന്‍ തീയേറ്ററുകള്‍ ഉണ്ട് ഇന്ന് കേരളത്തില്‍? ഇനി ഉണ്ട് എന്നാണ് വാദമെങ്കില്‍, എന്തുകൊണ്ട് എല്ലാ സംഘടനകള്‍ക്കും അംഗീകൃതമായ ഒരു തീയേറ്റര്‍ റേറ്റിംഗ് പാനല്‍/ബോഡി രൂപികരിച്ചു തീയേറ്ററുകള്‍ അത്തരത്തില്‍ റേറ്റ് ചെയ്തു വിഹിതം നിശ്ചയിച്ചുകൂടാ?

ഈ ആശയ തര്‍ക്കത്തില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കുന്നു…ഞാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പം ആണ്. അത് ഞാന്‍ ഒരു നിര്‍മാതാവോ വിതരണക്കാരനോ ആയതു കൊണ്ടല്ല. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന, ലോകത്തിനു മുന്നില്‍ നമ്മുടെ സിനിമയെ നമ്മുടെ സംസ്കാരത്തിന്റെ നെടുന്തൂണുകളില്‍ ഒന്നായി ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ സ്നേഹി ആയതു കൊണ്ടാണ്.

ഈ പ്രശ്നത്തിന് ഒരു പരിഹാരം എത്രയും പെട്ടന്ന് ഉണ്ടായി, കേരളത്തിലെ സിനിമ ശാലകള്‍ എത്രയും പെട്ടന്ന് വീണ്ടും ജനസാഗരങ്ങള്‍ക്കു സാക്ഷ്യം വഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.

പ്രിഥ്വി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News