കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍; മാലിന്യ സംസ്കരണ രംഗത്തു മുതല്‍മുടക്കാന്‍ തയാറുള്ളവര്‍ക്കു പ്രോത്സാഹനം

കൊച്ചി: കേരളത്തെ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാലിന്യമുക്തമാക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. മാലിന്യസംസ്കരണരംഗത്ത് മുതല്‍മുടക്കാന്‍ വരുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ഹോട്ടല്‍ ക്രൗണ്‍ പ്ളാസയില്‍ നടന്ന പുനഃചംക്രമണ വ്യവസായ നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ച് ടണ്‍വരെ ജൈവമാലിന്യം സംസ്കരിക്കാനുള്ള ഇന്തോ-ജാപ്പനീസ് പദ്ധതി കൊച്ചിയിലെ ചേരാനല്ലൂരില്‍ നടപ്പാക്കും. ഇത് വിജയകരമാണെങ്കില്‍ സംസ്ഥാനത്തു മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും. വിളപ്പില്‍ശാലപോലുള്ള കേന്ദ്രീകൃത മാലിന്യസംസ്കരണ മാര്‍ഗങ്ങള്‍ തേടുന്നത് ഇന്ന് അസാധ്യമാണ്. വികേന്ദ്രീകൃതരീതിയാണ് ഇനി പ്രോത്സാഹിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രോണിക്-പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണംചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അവയുടെ ഉല്‍പ്പാദകരില്‍ക്കൂടി നിക്ഷിപ്തമാക്കിക്കൊണ്ടുള്ള പുതിയ നിയമം നിലവില്‍വന്നിട്ടുണ്ട്. ഇത് ശക്തമായി നടപ്പാക്കും. മാലിന്യസംസ്കരണത്തിനുള്ള വ്യക്തവും പ്രായോഗികവും പരിസ്ഥിതിസൌഹൃദവുമായ പദ്ധതിയുമായി വരുന്ന നിക്ഷേപകര്‍ക്ക് എല്ലാവിധ സൌകര്യവും സര്‍ക്കാര്‍ നല്‍കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വ്യവസായവകുപ്പിന്റെയും കൈവശമുള്ള അനുയോജ്യമായ ഭൂമി ഇത്തരം നിക്ഷേപങ്ങള്‍ക്ക് നല്‍കും.

ബയോ മെഡിക്കല്‍ മാലിന്യം സംസ്കരിക്കാന്‍ പാലക്കാട് ഐഎംഎയുടെ ഒരു പ്ളാന്റ് മാത്രമാണ് ഇപ്പോഴുള്ളത്. ഇത്തരം മാലിന്യം സംസ്കരിക്കുന്നതിനും നമുക്ക് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. മാലിന്യസംസ്കരണരംഗത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ളവരെയും ഇതുസംബന്ധിച്ച നൂതനസാങ്കേതികവിദ്യ കൈവശമുള്ളവരെയും യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ നിക്ഷേപകസംഗമത്തിനാവുമെന്നും മന്ത്രി പറഞ്ഞു.

എം സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (കേരള) ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമള്‍ ദാവെ, ചെയര്‍മാന്‍ വി പി നന്ദകുമാര്‍, ക്ളീന്‍ കേരള മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി ഹാരൂണ്‍, മരട് നഗരസഭാ ചെയര്‍മാന്‍ ദിവ്യ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News