മരിക്കാൻ ഭയമായതുകൊണ്ടാകാം അന്നു ഞാനതു ചെയ്യാതിരുന്നത്; ബംഗളുരു ക്രൈസ്റ്റ് സര്‍വകലാശാലയുടെ തട്ടിപ്പിനിരയായി പണം പോയതു തുറന്ന് പറഞ്ഞ് മലയാളി മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ബംഗളുരു ക്രൈസ്റ്റിന്‍റെ തട്ടിപ്പു തുറന്നു പറഞ്ഞു മലയാളിയായ മാധ്യമപ്രവര്‍ത്തക. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ ഷെറിന്‍ വില്‍സണാണ് ക്രൈസ്റ്റ് സര്‍വകലാശാല ഇല്ലാത്ത കോ‍ഴ്സ് കാട്ടി പറ്റിച്ച് 1,20,000 രൂപ കൈക്കലാക്കിയ വിവരം ഫേസ്ബുക്കിലൂടെ പറഞ്ഞത്. കടുത്ത പീഡനങ്ങളാണ് ക്രൈസ്റ്റ് സര്‍വകലാശാലയില്‍ നേരിടേണ്ടിവന്നതെന്നും ഷെറിന്‍ പോസ്റ്റില്‍ പറയുന്നു.

ഷെറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

2014ലാണ് ഞാൻ ബംഗലൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ MS in COMMUNICATION എന്ന കോഴ്സിനു ചേരുന്നത്. വർഷം Rs.1,20,000 ആയിരുന്നു ഫീസ്. ഏറെ താത്പര്യത്തോടും പ്രതീക്ഷയോടും കൂടിയാണ് കോഴ്സിനു ചേർന്നത്. അങ്ങനെയിരിക്കെ ക്ളാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം കോഴ്സ് കോർഡിനേറ്റർ ക്ളാസിൽ വന്ന് ഒരു അനൗൺസ്മെന്റ് നടത്തി – “നിങ്ങൾക്ക് Master of Science in Communication അല്ല ലഭിക്കുക, Master of Arts ആണ് ലഭിക്കുക”. അതായത് അഡ്മിഷൻ സമയത്ത് അവർ പറഞ്ഞ കോഴ്സ് ആയിരിക്കില്ല ഇനി ലഭിക്കുക എന്ന്. സിലബസ് പഴയതു തന്നെ തുടരും പക്ഷെ ലഭിക്കുന്ന ഡിഗ്രി MS അല്ല MA ആകും.

ക്ളാസിലുണ്ടായിരുന്ന 61 പേരും എന്താണു സംഭവിക്കുന്നതെന്നറിയാതെ വിഷമിച്ചു. ഡിഗ്രി മാറുന്നതു സംബന്ധിച്ചു ക്ളാസിൽ വന്നു പറഞ്ഞതല്ലാതെ ഔദ്യോഗികമായി ഒരു മെയിൽ പോലും ആർക്കും ലഭിച്ചില്ല. ക്ളാസുകൾ തുടർന്നു. പക്ഷെ ആശിച്ചു ചേർന്ന കോഴ്സ് ലഭിക്കില്ലെന്നായപ്പോൾ ഞാനുൾപ്പെടെ പലരും മാനസികമായി തളർന്നു..ഒരു ഡിഗ്രിയിൽ എന്തിരിക്കുന്നു എന്നാകും പലരും ചിന്തിക്കുക..ഏന്താണെങ്കിലും പഠിച്ചാൽ പോരേ അല്ലേ????

ക്ളാസിൽ അറ്റൻഡൻസ് ഇടുന്പോൾ താഴ്ത്തി വച്ച തല ഉയർത്തി റോൾ നമ്പർ പറഞ്ഞപ്പോൾ ശ്രദ്ധിച്ചിരിക്കുകയല്ലായിരുന്നുവെന്നു പറഞ്ഞ് ആബ്സന്റ് മാർക്ക് ചെയ്യുക, പനി പിടിച്ചു ലീവ് എടുത്തപ്പോഴും ഒരു അദ്ധ്യപകന്റെ ക്ളാസിൽ ഇരുന്നില്ലെന്നു കാണിച്ച് ഇന്റേണൽ മാർക്ക് കുറക്കുക തുടങ്ങിയ അനേകം കലാപരിപാടികൾ അവിടെ നടക്കുന്നുണ്ടെന്നും ഓർക്കുക.ഇപ്പോൾ മറ്റു പല കോളേജുകളേപ്പറ്റി കേൾക്കുന്നതുപോലെതന്നെ ഇവിടെ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയും മാനസികമായി നല്ല പിരിമുറുക്കം അനുഭവിക്കുന്നുണ്ട്.

ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ MA കോഴ്സുകൾക്ക് Rs.50,000 ആണ് വീസ് എന്നിരിക്കേ ഞങ്ങളുടെ ‍ഡിഗ്രി MA ആക്കിയിട്ടും ഫീസ് 1,20,000 ആയി തുടർന്നു. ഇഷ്ടപ്പെട്ട കോഴ്സ് ലഭിച്ചില്ലെങ്കിലും മറ്റു കോളേജുകളിൽ അഡ്മിഷൻ ഏകദേശം പൂർത്തിയായതിനാലും മറ്റു പല വ്യക്തിപരമായ കാരണങ്ങളാലും ഭൂരിഭാഗം ആളുകളും അവിടെ തുടരാൻ തീരുമാനിച്ചു. പക്ഷെ ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കില്ലെന്നായതോടെ എനിക്കു തുടർന്നു പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടു. മറ്റൊരു കോളേജിൽ അഡ്മിഷൻ ലഭിക്കാതെ അവിടുന്നു തീർത്തുവരാൻ വീട്ടുകാരും സമ്മതിച്ചില്ല. അവസാനം എറണാകുളത്തെ ഒരു കോളേജിൽ അഡ്മിഷൻ ശരിയായി.

ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ കോഴ്സ് നിർത്താൻ തീരുമാനിച്ചു. എന്റേതായ കാരണം കൊണ്ടല്ല കോഴ്സ് നിർത്തിയത്. പറഞ്ഞ കോഴ്സ് നൽകാതെ അവർ ഞങ്ങളെ പറ്റിച്ചതു കൊണ്ടാണ്. ഒരു ദിവസം കൊണ്ട് UGC കോഴ്സ് മാറ്റാൻ കോളേജിനോട് ആവശ്യപ്പെടില്ലല്ലോ? ഡിഗ്രിയുടെ പേരുമാറ്റി അഡ്മിഷൻ നൽകി അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നില്ലേ??? അവിടെ സബ്മിറ്റ് ചെയ്ത എന്റെ 10th,12th, ഡിഗ്രി എന്നിവയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കണമെങ്കിൽ ഫീസ് അടച്ചതിന്റെ റസീത് ഞാൻ അവിടെ ഏൽപ്പിക്കണം.ഫീസ് തിരികെ നൽകുകയുമില്ല. ഗുണ്ടകളെപ്പോലെയാണ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലിരുന്ന സ്ത്രീയടക്കമുള്ളവർ പെരുമാറിയത്. കൂടെ വന്ന ബന്ധുക്കളെ എന്റെയൊപ്പം വരാൻ സമ്മതിക്കുകയും ചെയ്തില്ല. സർട്ടിഫിക്കേറ്റുകൾ ലഭിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതിനാൽ ഫീസ് റസീപ്റ്റ് അവിടെ നൽകേണ്ടിവന്നു. പരാതി നൽകാനായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇവിടെ കോളേജിനെപ്പറ്റിയുള്ള ഒരു പരാതിയും സ്വീകരിക്കില്ലെന്ന മറുപടിയും. കർണാടകയിൽ ഇവരുടെ സ്വാധീനം വ്യക്തം.

എന്റെ എടുത്തുചാട്ടമെന്നും വീട്ടുകാരുടെ പണം വെറുതെ കളഞ്ഞുവെന്ന കുറ്റപ്പെടുത്തലുകൾ കേട്ട് ഞാൻ മടങ്ങി. ഫീ ഇനത്തിൽ Rs.1,20,000 , ഹോസ്റ്റൽ ഫീസ്, മറ്റു ചിലവുകൾ എല്ലാം കൂടി നല്ലൊരു തുക നഷ്ടം. കടുത്ത മാനസിക സമ്മർദം മൂലം പലവട്ടം ചിന്തിച്ചതാണ് ആത്മഹത്യയെക്കുറിച്ച്…ഈ കോളേജിനെതിരെ പ്രതികരിക്കാൻ എന്റെ പ്രായം കണക്കിലെടുത്താകണം അന്ന് വീട്ടുകാർ അനുവദിച്ചില്ല. പക്ഷെ ഇന്നു പഠനം പൂർത്തിയാക്കി ഞാൻ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. എന്റെ മാതാപിതാക്കൾ അധ്വാനിച്ചുണ്ടാക്കിയ പണം അവിടെ വെറുതെ കളഞ്ഞതിൽ ഇന്നും എനിക്ക് വിഷമമുണ്ട്. അത് ഏതു വിധേനയും തിരികെ വാങ്ങണമെന്ന ആഗ്രഹവും..എന്നെങ്കിലും ആവശ്യം വരുമെന്നുള്ളതുകൊണ്ട് എല്ലാ ഇ-മെയിലുകളും ഫീ റസീപ്റ്റിന്റെ ഫോട്ടോകോപ്പിയും സൂക്ഷിച്ചു വച്ചിട്ടുമുണ്ട്…ഇന്ന് ഒരു വാർത്താ ചാനലിൽ ജോലിചെയ്യുന്നതും ഈ കുറിപ്പെഴുതാൻ ധൈര്യം നൽകിയിട്ടുണ്ടെന്നു പറയാം…ഇനി മറ്റൊരു ജിഷ്ണുവോ ഷെറിനോ ഉണ്ടാകാതിരിക്കാൻ ….ഓരോ വിദ്യാർത്ഥിക്കും പറയാനുണ്ടാകും ഇതുപോലൊരു അനുഭവം.മാതൃക കലാലയങ്ങളും അധ്യാപകരുമൊക്കെ ഇന്നത്തെ കാലത്ത് വളരെ ചുരുക്കം!!!

ഒരുപക്ഷേ മരിക്കാൻ ഭയമായതുകൊണ്ടും കടുത്ത മാനസിക സമ്മർദം നേരിടുമ്പോഴും ആശ്വസിപ്പിക്കാനും പിന്തുണയേകാനും കുറച്ചു കൂട്ടുകാരുണ്ടായതുകൊണ്ടുമാകാം ഞാൻ ഇന്നും ജീവനോടെയുള്ളത്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News