ജിഷ്ണുവിന്‍റെ ആത്മഹത്യ സമരത്തിന്‍റെ സര്‍ക്കുലറാകുമ്പോള്‍

ജിഷ്ണുവിന്‍റെ ആത്മഹത്യ പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ നിന്നു തുറന്നുവിട്ട പീഡനകഥകള്‍ കേരളത്തിലെ ഓരോ സ്വാശ്രയ കാമ്പസുകളിലെയും കണ്ണീരിന്‍റെ രുചിയോടെ മലയാളിക്കു വേദനയാവുകയാണ് ഓരോ നിമിഷവും. കുറച്ചു വര്‍ഷം മുമ്പ് സുഹൃത്തായ അശ്വിന്‍ പറഞ്ഞ കഥകളാണ് സ്വാശ്രയ കോളജിലെ പീഡനങ്ങളെക്കുറിച്ച് ബോധ്യമുണ്ടാക്കിത്തന്നത്. ഇപ്പോള്‍ ഒരു വിദ്യാര്‍ഥിക്കു സ്വന്തം ജീവന്‍ ബലി കൊടുക്കേണ്ടിവന്നു, ഈ മാനേജ്മെന്‍റ് കാട്ടാളത്തത്തിനു മുന്നില്‍. അതിലപ്പുറം, ആ ജീവന്‍ ബലികൊടുക്കപ്പെട്ടതിനാല്‍ മാത്രമാണ് കേരളം ഇപ്പോള്‍ ഇതു ചര്‍ച്ച ചെയ്യുന്നതെന്നു പറയേണ്ടിവരും.

ചെറുതും വലുതുമായ മാനസികവും ശാരീരികവുമായ ചൂഷണങ്ങൾ കൂടി നാലു വർഷം അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് വിദ്യാർത്ഥികൾ എന്ന ഇരുണ്ട മനസ്സുള്ളവരാണ് നെഹ്റു മാനേജ്മെന്റും അധ്യാപകരും. എഞ്ചിനീയറിംഗ്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സിലബസിൽ വിദ്യാർത്ഥി വിരുദ്ധത കുത്തിനിറച്ചവരാണവർ. അറ്റന്‍ഡന്‍സിന്റേയും പരീക്ഷയുടേയും ഷേവിംഗിന്റേയും ഐഡി കാർഡിന്റെയുമെല്ലാം പേരിൽ വിദ്യാർത്ഥികളെ തെറി വിളിക്കുകയും ഇടിമുറികളിൽ കൈത്തരിപ്പ് തീർക്കുകയും ചെയ്യുന്ന ചെറ്റത്തരത്തിന്റെ പേരാണ് നെഹ്റു ഗ്രൂപ്പ്.

ക്ലാസ് മുറിക്കകത്തും ഹോസ്റ്റലിനും മെസ്സിനകത്തും അടിമ ജീവിതം നയിക്കുന്ന പെൺകുട്ടികൾ ഉൾപ്പടെയുള്ള കുട്ടികൾ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിയാൻ തയ്യാറെടുക്കുകയാണ്. സ്വൈര്യ ജീവിതവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടാൽ കണ്ണാടിച്ചിലുകൾ തകർന്നു വീഴുക തന്നെ ചെയ്യും
ഇല്ലെങ്കിൽ എറിഞ്ഞുടുക്കുകയും ചെയ്യും.

സ്വാതന്ത്രവും ജനാധിപത്യവും സോഷ്യലിസവും മനസ്സിലെഴുതിവച്ചവർ അതിലേതെങ്കിലുമൊന്നിന് തൊട്ടാവാടി മുള്ളിന്റെ പോറലെങ്കിലുമേറ്റാൽ അടങ്ങിയിരിക്കില്ല. ജന്മിത്വവും നാടുവാഴിത്തവും സൃഷ്ടിച്ച അടിമനരകജീവിതം കൊടി പിടിച്ച് തിരുത്തിയെഴുതിയ ചുവന്ന ചരിത്രമുള്ള നാടാണിത്. ഞങ്ങടെ മക്കളെ നിങ്ങടെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങടെ പാടത്ത് പണിക്കിറങ്ങില്ല ഞങ്ങളെന്നു പറഞ്ഞ അടിച്ചമർത്തപ്പെട്ടവന്റെ സ്വപ്നമാണ് ഈ നാട്ടിലെ വിദ്യഭ്യാസത്തിന്റെ അടിത്തറ.

കെട്ടുത്താലി അഴിച്ചു വിറ്റും വീടു വിറ്റും മക്കളെ പഠിപ്പിക്കുന്ന നാട്ടിൽ അധ്യാപക പീഢനത്താൽ വിദ്യാർത്ഥി ജീവിതമവസാനിപ്പിച്ചാൽ അറിവിന്റെ കെടാവിളക്കണഞ്ഞു പോകും. രോഹിത് വെമുലെയും രജനി എസ് ആനന്ദും മുതൽ ജിഷ്ണു വരെയുള്ളവർ ആത്മഹത്യ കൊണ്ട് സമരത്തിന്റെ സർക്കുലറിറക്കയവരാണ്. ഈ സർക്കുലർ ഞങ്ങൾ ഏറ്റെടുക്കുകയാണ്. വിദ്യാർത്ഥി വിരുദ്ധമായ ഒരു വിദ്യാലയവും ഇവിടെ കച്ചവടം നടത്തേണ്ടതില്ല.

കുട്ടികളെ ചെമ്പനീർ പൂ പോലെ ചേർത്തു പിടിച്ച പണ്ഡിറ്റ് നെഹ്റുന്റെ പേരിലുള്ള വിദ്യാഭ്യാസ സംവിധാനത്തിനകത്ത് ഈ തെമ്മാടിത്തരം ഇനി തുടരാനുമാകില്ല. നെഹ്റുവിന്റെ പേര് അറിവിന്റെ നിറകേന്ദ്രങ്ങൾക്കുള്ളതാണ്. അറിവിന്റെ ആഭാസച്ചുവരുകളിൽ നിന്ന് മഹാനായ നെഹ്റു വിന്റെ ചിത്രവും പേരും കുമ്മായമടിച്ച് മായ്ച്ചുകളയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here