തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയകാര്യ സമിതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുക്കാതിരുന്നതു ശരിയായില്ലെന്നു പി.ജെ കുര്യൻ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് കുര്യൻ ഉമ്മൻചാണ്ടിക്കെതിരെ വിമർശനം ഉന്നയിച്ചത്. കെപിസിസി അധ്യക്ഷൻ വി.എം സുധീരനെതിരെയും രൂക്ഷവിമർശനം ഉണ്ടായി.
ഉമ്മൻചാണ്ടിക്കെതിരെ രാഷ്ട്രീയകാര്യ സമിതിയിൽ ആഞ്ഞടിക്കുകയായിരുന്നു പി.ജെ കുര്യൻ. പാർട്ടിയെക്കൊണ്ട് നേട്ടമുണ്ടാക്കിയ ആളാണ് ഉമ്മൻചാണ്ടി. എന്നിട്ടും യോഗത്തിൽ ഉമ്മൻചാണ്ടി പങ്കെടുത്തില്ല. ചെറിയ കാര്യങ്ങൾക്കു വേണ്ടിയാണ് ഉമ്മൻചാണ്ടി മാറിനിൽക്കുന്നത്. പാർട്ടിയെ ഉപയോഗിച്ച് നേട്ടം കൊയ്തിട്ടും ഇത്തരം ചെറിയ കാര്യങ്ങൾക്കു വേണ്ടി വിട്ടുനിന്നത് ശരിയായില്ലെന്നു പി.ജെ കുര്യൻ വിമർശിച്ചു. ഒരാൾക്കു വേണ്ടി യോഗം ഇത്രയും നീട്ടിക്കൊണ്ടു പോയത് ശരിയായില്ലെന്നു പി.സി ചാക്കോയും നിലപാടെടുത്തു.
എ ഗ്രൂപ്പ് നേതാക്കളാണ് സുധീരനെതിരെ വിമർശനം ഉന്നയിച്ചത്. കെ.സി ജോസഫ്, ബെന്നി ബഹനാൻ എന്നിവർ സുധീരനെ വിമർശിച്ച് സംസാരിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗം ചേരാതെ സുധീരൻ ഏകപക്ഷീയ നിലപാടിൽ മുന്നോട്ടു പോകുകയാണെന്നായിരുന്നു വിമർശനം. മുൻ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പ്രസ്താവനകൾ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നായിരുന്നു ബെന്നി ബഹനാന്റെ വിമർശനം. സഹകരണ സമരം, മാവോയിസ്റ്റ് വേട്ട തുടങ്ങിയ വിഷയങ്ങളിൽ തന്നിഷ്ടപ്രകാരമുള്ള നിലപാട് എടുത്തെന്നു കെ.സി ജോസഫും സുധീരനെ വിമർശിച്ചു.
അതേസമയം, പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻചാണ്ടി പാർട്ടിയുമായി സഹകരിച്ചു മുന്നോട്ടു പോകും. ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയുമായി ചർച്ചനടത്തും. രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുക്കണമായിരുന്നു എന്ന അഭിപ്രായം ഉണ്ട്. പ്രതിഷേധിച്ചു കൊണ്ടല്ല അദ്ദേഹം മാറി നിന്നത്. സൗകര്യപ്പെടാത്തതിനാലാണ് പങ്കെടുക്കാതിരുന്നത്. രാജ്‌മോഹൻ ഉണ്ണിത്താനോടു രാജി താൻ ആവശ്യപ്പെടുകയായിരുന്നെന്നു അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here