അടിമാലി/ഇടുക്കി: അടിമാലിയിൽ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയിച്ച് ആദിവാസി യുവതിയെയും നവജാത ശിശുവിനെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ. അടിമാലി പഞ്ചായത്തിലെ വാളറ പാട്ടയടമ്പ് ആദിവാസി കോളനിയിലെ രവിയാണ് വൈകുന്നേരം പൊലീസ് പിടിയിലായത്. പാട്ടയടമ്പ് ആദിവാസി കോളനി നിവാസിയായ വിമലയ്ക്കും 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനുമാണ് ക്രൂരമർദ്ദനം ഏറ്റത്. മർദ്ദിച്ച് അവശയാക്കിയ ശേഷം വീട്ടിൽ ഉപേക്ഷിച്ച് രവി കടന്നു കളയുകയായിരുന്നു. തുടർന്ന് പൊലീസും ആദിവാസി ക്ഷേമവിഭാഗവും എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത്. സ്ഥിരം വീട്ടിൽ വഴക്കുണ്ടാക്കുന്ന രവി, വിമലയെ മർദ്ദിക്കാറുണ്ട്. അന്നും പതിവുപോലെ രാത്രി രവി, വിമലയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനോ കുഞ്ഞിനെ മുലയൂട്ടാനോ ഇയാൾ അനുവദിച്ചിരുന്നില്ല. ഏഴാം മാസം ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ആരോപിച്ചായിരുന്നു മർദ്ദനം എന്നാണു പ്രാഥമിക നിഗമനം. ഏഴാം മാസത്തിൽ ജനിച്ചതിനാൽ കുഞ്ഞ് തന്റേത് അല്ലെന്നാണ് രവി ആരോപിക്കുന്നത്.
വിമലയുടെ മുഖം ഇടിയേറ്റു വികൃതമായ അവസ്ഥയിലാണ്. മോണയും വായും പൊട്ടി ചോരയൊലിക്കുന്ന നിലയിൽ അബോധാവസ്ഥയിലാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ വിമലയെ എത്തിച്ചത്. കുഞ്ഞിന്റെ ദേഹത്തും മർദ്ദനമേറ്റ പരുക്കുണ്ട്. ഇരുവരുടെയും ആരോഗ്യനില മോശമാണെന്ന് അടിമാലി താലൂക്കാശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
രവി-വിമല ദമ്പതികൾക്ക് നാലു കുട്ടികൾ കൂടിയുണ്ട്. മൂത്ത രണ്ടു കുട്ടികളെ സമീപത്തു താമസിക്കുന്ന രവിയുടെ പിതാവിനെയും ഇളയ കുഞ്ഞുങ്ങളെ വിമലയുടെ മാതാവ് ലക്ഷ്മിയെയും താൽക്കാലിക സംരക്ഷണത്തിനായി ഏൽപിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളറ കെടിഡിസി ജംഗ്ഷനിൽ നിന്ന് ആറു കിലോമീറ്ററോളം ഉള്ളിലാണ് പാട്ടയടമ്പ് കുടി. രണ്ടു കിലോമീറ്ററോളം ചുമന്നാണ് ഇവരെ പോലീസ് വാഹനത്തിലെത്തിച്ചത്.
Get real time update about this post categories directly on your device, subscribe now.