സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫൈസൽ അന്തരിച്ചു; ഖബറടക്കം മക്കയിലെ ഹറം പള്ളിയിൽ

റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫൈസൽ അന്തരിച്ചു. ഇന്നു സൗദി രാജകുടുംബ കോടതിയാണ് മരണം സ്ഥിരീകരിച്ച് പ്രഖ്യാപനം നടത്തിയത്. അൽ-സൗദ് രാജകുമാരൻ എന്ന പേരിലും അറിയപ്പെട്ടിരുന്ന രാജകുമാരനായിരുന്നു അദ്ദേഹം. ജനങ്ങളുടെ രാജകുമാരൻ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. മുഹമ്മദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് എന്നായിരുന്നു മുഴുവൻ പേര്. 80 വയസ്സായിരുന്നു. ഖബറടക്കം അസർ നമസ്‌കാരത്തിനു ശേഷം മക്ക ഹറം പള്ളിയിൽ നടന്നു.

ഫൈസൽ രാജാവിന്റെ മകനാണ് അൽ സൗദ് രാജകുമാരൻ. 1970-ൽ സൗദി ജലവിഭവ വകുപ്പിൽ സലൈൻ വാട്ടർ കൺവേർഷൻ ഡിപ്പാർട്ട്‌മെന്റിൽ ഡയറക്ടറായി അദ്ദേഹം തന്റെ ഔദ്യോഗികവൃത്തി ആരംഭിച്ചു. ജലവിഭവ വകുപ്പിൽ കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് വേർതിരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. 1974-ൽ സൗദി ജലവിഭവ-കൃഷി ഉപമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ പുതുതായി രൂപീകരിക്കപ്പെട്ട സലൈൻ വാട്ടർ കൺവേർഷൻ കോർപറേഷൻ ഗവർണറായും സൗദ് രാജകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു.

1937-ൽ ഫൈസൽ രാജാവിന്റെയും ഇഫത് അൽ തുന്യാനിന്റെയും മൂത്തമകനായി തായിഫിലാണ് മുഹമ്മദ് ബിൻ ഫൈസൽ രാജകുമാരന്റെ ജനനം. സൗദ് ബിൻ ഫൈസൽ, തുർക്കി ബിൻ ഫൈസൽ, ലുലുവാഹ് ബിൻത് ഫൈസൽ, സാറാ ബിൻത് ഫൈസൽ, ഹൈഫ ബിൻത് ഫൈസൽ എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങൾ. ലോറൻസ് വില്ലെ സ്‌കൂൾ, ഹൺ സ്‌കൂൾ എന്നീ വിദേശ സ്‌കൂളുകളിൽ അദ്ദേഹം പഠനം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ സഹോദരങ്ങളിൽ ആദ്യം വിദേശ പഠനം നടത്തിയതും അദ്ദേഹമായിരുന്നു. അറിയപ്പെടുന്ന വ്യാപാരി കൂടിയായിരുന്നു മുഹമ്മദ് രാജകുമാരൻ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like