പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന പുണ്യത്തിൽ മനംനിറഞ്ഞ് ഭക്തർ; സന്നിധാനം ഭക്തിസാന്ദ്രം

സന്നിധാനം: പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനത്തിന്റെ പുണ്യം നുകർന്ന് ഭക്തജനലക്ഷങ്ങൾ. സംക്രമപൂജ തൊഴുതുനിന്ന ഭക്തർക്ക് ദർശനപുണ്യം നൽകിക്കൊണ്ടായിരുന്നു സംക്രമസന്ധ്യയിലെ മകരജ്യോതി. ശനിയാഴ്ച സംക്രമസന്ധ്യയിൽ വൈകുന്നേരം 6.40നാണ് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി തെളിഞ്ഞത്. ആത്മ നിർവൃതി ഹൃദയത്തിലേറ്റുവാങ്ങിയ ഭക്തർ അയ്യപ്പനെ വണങ്ങി ദർശന പുണ്യം നേടി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരസംക്രമ നക്ഷത്രവും ശ്രീകൃഷ്ണ പരുന്തുമെല്ലാം ഭക്തജനങ്ങളുടെ കാത്തിരിപ്പിനു പൂർണതയേകി അകമ്പടിയായി എത്തി.

മകരസംക്രമ പൂജയ്ക്കും മകരവിളക്കിനുമായുള്ള ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. ഇന്നു തിരുവാഭരണ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തി. അവിടെനിന്ന് ആഘോഷപൂർവം വരവേറ്റ് സന്നിധാനത്തേക്ക് ആനയിച്ചു. സന്നിധാനത്തു ദേവസ്വം ബോർഡ് അധികൃതർ തിരുവാഭരണങ്ങൾ സ്വീകരിച്ചു.

ശ്രീകോവിലിനു മുമ്പിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് പേടകങ്ങൾ ഏറ്റുവാങ്ങി. ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയ തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. ഇതിനു ശേഷമാണ് ദീപാരാധനയ്ക്കായി നട തുറന്നത്. രാവിലെ 7.40 ന് മകരസംക്രമപൂജ നടന്നു. സൂര്യൻ ധനുരാശിയിൽനിന്നു മകരംരാശിയിലേക്കു മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകവും നടന്നു. ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here