നന്നായി നീന്തലറിയാവുന്ന ജസ്റ്റിൻ മുങ്ങിമരിച്ചത് എങ്ങനെ? മകനെ സ്‌പേസ് എൻജിനീയറാക്കാൻ കൊതിച്ച സൗദി മലയാളി ജോൺ സേവ്യറിനു പറയാനുള്ളത്

ജസ്റ്റിൻ നന്നായി നീന്തൽ അറിയാവുന്ന കുട്ടിയായിരുന്നു. മകനെ സ്‌പേസ് എൻജിനീയറാക്കണം എന്ന ആഗ്രഹമാണ് സൗദി മലയാളിയായ ജോൺ സേവ്യറിനെ മകനെ അമിത്തി സർവകലാശാലയിൽ ചേർക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, ഒരുമാസം കഴിഞ്ഞപ്പോൾ മകൻ തിരിച്ചെത്തി., തണുത്തുവിറങ്ങലിച്ച ശവശരീരമായിട്ട്. കോളജിൽ അന്വേഷിച്ചപ്പോൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചെന്നു വിശദീകരണം. ഒപ്പം, ഹൃദ്രോഗിയാണ് മകനെന്നു അറിയിച്ചില്ലെന്നു അച്ഛൻ ജോൺ സേവ്യറിനു ശകാരവും. നോയിഡയിൽ റീ പോസ്റ്റ് മോർട്ടം നടത്തിയപ്പോഴും ലഭിച്ച ഉത്തരം ഇതു തന്നെ.

എന്നാൽ, സ്‌പോർട്‌സിലും നീന്തലിലും താരമായിരുന്ന ജസ്റ്റിൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചെന്നു പറഞ്ഞാൽ അത് ആ അച്ഛനു വിശ്വസിക്കാനാകുന്നതായിരുന്നില്ല. നല്ല കായികക്ഷമതയുണ്ടായിരുന്ന മകൻ ഹൃദ്രോഗിയാണെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും. വണ്ടാനം മെഡിക്കൽ കോളജിൽ റീപോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് സംഗതിയിലെ പൊള്ളത്തരം പുറത്തുവന്നത്. ജസ്റ്റിന്റെ തലയിൽ സാരമായ ക്ഷതം ഉണ്ടായിരുന്നു. കൂടാതെ വൃക്കയിലും രക്തസ്രാവം ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് ജോൺ സേവ്യർ തന്നെ പറയുന്നു.

justin-john

‘കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സൗദിയിൽ ജോലി ചെയ്യുന്ന എന്റെ പേര് ജോൺ സേവ്യർ എന്നാണ്. ഭാര്യ അന്ന ജോൺ. വിവാഹ ശേഷം ആറുവർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചു-ജസ്റ്റിൻ. ഏഴാം തരം വരെ മകൻ സൗദിയിലെ ഇന്ത്യൻ സ്‌കൂളിൽ പഠിച്ചു. തുടർ വിദ്യാഭ്യാസത്തിനായി അവനെ തമിഴ്‌നാട്ടിലെ ഏർക്കാടിലുള്ള പ്രശസ്തമായ മൗണ്ട് ഫോർട്ട് സ്‌കൂളിൽ ചേർത്തു. പഠിക്കാൻ മിടുക്കനായിരുന്നു. ബാസ്‌കറ്റ് ബോളിലും നീന്തലിലും മിടുക്കനായിരുന്നു. വാട്ടർ പോളോയിൽ സ്വർണ മെഡൽ വാങ്ങി.

ഡിസ്റ്റിംഗ്ഷനോടു കൂടി പ്ലസ് ടു വിജയിച്ചു. ഇംഗ്ലീഷ് ഭാഷയിൽ സ്‌കൂളിൽ എന്നും ഒന്നാമനായിരുന്നു. തുടർന്ന് സ്‌പേസ് സയൻസ് പഠിക്കാൻ അവൻ ആഗ്രഹിച്ചു. ഒരു പരസ്യത്തിൽ ആകൃഷ്ടരായി ഞങ്ങൾ അവനെ നോയിഡയിലുള്ള അമിത്തി സ്വകാര്യ സർവകലാശാലയിൽ (Deemed Universtiy) ചേർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഡീംഡ് സർവകലാശാലയാണ് അമിത്തി.

2009 ഓഗസ്റ്റ് മൂന്നാം തിയ്യതിയാണ് അവിടത്തെ ഹോസ്റ്റലിൽ ചേരുന്നത്. കൃത്യം ഒരു മാസം കഴിഞ്ഞ്, അതായത് സെപ്തംബർ മൂന്നാം തിയ്യതി രാവിലെ ഡൽഹിയിലുള്ള ഞങ്ങളുടെ ബന്ധു ജെസ്റ്റിൻ മരിച്ചുവെന്ന വിവരമാണ് ഞങ്ങളെ അറിയിക്കുന്നത്.

മരണശേഷം 48-ാം ദിവസം റീ പോസ്റ്റുമോർട്ടം നടത്തുന്നതിനായി മൃതദേഹം പുറത്തെടുക്കുന്നു.
പിന്നീട് ഞാൻ കോളജിൽ വിളിച്ചപ്പോൾ അവർ വാർത്ത സ്ഥിരീകരിച്ചു. കുറ്റപ്പെടുത്തുന്ന രീതിയിലാണ് മാനേജ്‌മെന്റ് എന്നോടു സംസാരിച്ചത്. മകൻ ഹൃദ്രോഗി ആയിരുന്ന വിവരം ഞാൻ മറച്ചുവെച്ചുവെന്നായിരുന്നു ആരോപണം. അവൻ പൂർണ ആരോഗ്യവാനായിരുന്നു. സ്‌പോർട്‌സിൽ വളരെ ആക്ടീവ് ആയിരുന്നു. തിടുക്കത്തിൽ അവർ പോസ്റ്റ്‌മോർട്ടം നടത്താൻ ശ്രമിച്ചു. ശക്തമായി എതിർത്തതു കൊണ്ട് അവർ അത് മാറ്റി വെച്ചു.

പിന്നീട് ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തി. മുങ്ങിമരണം എന്ന് റിപ്പോർട്ട് കിട്ടി. മകൻ മുങ്ങിയത് അഞ്ചടിയിൽ താഴെ മാത്രം വെള്ളത്തിലായിരുന്നു എന്ന് അവർ തന്നെ പറയുന്നു. പിന്നീട് കേരളത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ശ്രീകുമാരിയുടെ നേതൃത്വത്തിൽ നടത്തിയ റീ പോസ്റ്റുമോർട്ടത്തിൽ നോയിഡയിൽ ചെയ്തതു തട്ടിപ്പാണെന്നു തെളിഞ്ഞു. മകന്റെ തലയിൽ സാരമായ ക്ഷതം ഉണ്ടായിരുന്നു. കൂടാതെ വൃക്കയിലും രക്തസ്രാവം ഉണ്ടായിരുന്നു. കേസ് അന്വേഷണം ആദ്യം കേരളാ പൊലീസ് നടത്തി. അവർ നോയിഡയിൽ പോയി.

Justine 1

ജസ്റ്റിന്‍ മാതാപിതാക്കള്‍ക്കൊപ്പം

ഈ കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് കേരളാ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. അവർ സമയം വലിച്ചു നീട്ടി ഉഴപ്പിക്കൊണ്ടിരുന്നു. കോടതി കൊടുത്തത് എട്ടു മാസത്തെ സമയമായിരുന്നു. ഏറെ വൈകിയപ്പോൾ ഞാൻ കോടതിയലക്ഷ്യത്തിന് പരാതി ഫയൽ ചെയ്തു. പിന്നീട് അവർ കേസ് അവസാനിപ്പിക്കണമെന്നു പറഞ്ഞ് ഗാസിയാബാദ് സിബിഐ കോടതിയിൽ കേസ് അവസാനിപ്പിക്കാനുള്ള ഹർജി നൽകി. പ്രതിഷേധവുമായി ഞാൻ മുന്നോട്ടു വന്നപ്പോൾ കോടതി പുനഃരന്വേഷണത്തിന് ഉത്തരവിട്ടു.

സ്വകാര്യ സ്വാശ്രയ കോളേജിനെതിരെ വാർത്തകൊടുക്കാൻ തയ്യാറാകാതെ വന്നതോടെ സ്വന്തമായി വെബ് സൈറ്റ് തുടങ്ങി ജോൺ പോരാട്ടം തുടരുകയാണ്. കേസിൻറെ വിവരങ്ങളും ചിത്രങ്ങളും വാർത്തകളും സൈറ്റിലുണ്ട്.
ഇപ്പോഴിതാ വീണ്ടും അവർ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ,വയലാർ രവി, എകെ ആന്റണി, ശശി തരൂർ, തുടങ്ങിയ നിരവധി നേതാക്കളെ നേരിൽ കണ്ടു പരാതി സമ്മർപ്പിച്ചുവെങ്കിലും ഫലം ഒന്നും ഉണ്ടായതുമില്ല.

നീതിക്കു വേണ്ടി ഞാൻ മുട്ടാതെ വാതിലുകളില്ല. എന്റെ മകന് നീതി കിട്ടണം അതിനു വേണ്ടി ഏത് അറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. ഇനി ഒരു ജിഷ്ണുവും ജസ്റ്റിനും ഉണ്ടായിക്കൂട. മാനേജ്‌മെന്റിന്റെ വൈകൃതങ്ങൾക്ക് ഇനി ഒരു കുഞ്ഞും ഇരയായിക്കൂടാ. നീതി ലഭിക്കും വരെ ഞാൻ പോരാട്ടം തുടരുക തന്നെ ചെയ്യും’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News