കാസര്‍ഗോഡുനിന്നു കാണാതായ പത്താംക്ലാസുകാരിയെയും പ്ലസ്ടുക്കാരനെയും ചെന്നൈയില്‍ കണ്ടെത്തി; നാട്ടിലെത്തിക്കാന്‍ ബന്ധുക്കളും പൊലീസും തിരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍നിന്നു കാണാതായ പതിനാറുകാരിയെയും പതിനേ‍ഴുകാരനെയും ചെന്നൈയില്‍ കണ്ടെത്തി. നാട്ടിലേക്ക് ഇവരെ തിരിച്ചെത്തിക്കാന്‍ പൊലീസും ബന്ധുക്കളും തിരിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് ഇരുവരെയും കാണാതായത്.

പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒന്നിച്ചു നാടുവിട്ടതാണെന്ന് ആദ്യമേ സൂചനയുണ്ടായിരുന്നു. ആണ്‍കുട്ടിയുടെ വീട്ടിലും ബന്ധുക്കളും വീട്ടിലും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി, പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈകുന്നേരത്തിനകം കണ്ടെത്തണമെന്ന് ഹൊസ്ദുര്‍ഗ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തിനായി കൂടുതല്‍ സമയം വേണമെന്നു ചൊവ്വാ‍ഴ്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സാധ്യമായ രീതിയിലെല്ലാം അന്വേഷണം നടന്നുവരുന്നതായും പോലീസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനിടെ ഇരുവരും തിരുവനന്തപുരത്ത് ഭീമാപള്ളിയില്‍ ചിലരുടെ സംരക്ഷണയില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, കാസര്‍ഗോഡ് പൊലീസ് ഭീമാപള്ളിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.

പെണ്‍കുട്ടി ഡിസംബര്‍ ഒമ്പതിന് രാവിലെ പതിവുപോലെ സ്കൂളിലേക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതേദിവസം ആണ്‍കുട്ടിയും വീടുവിട്ടതായി കണ്ടെത്തി. ഏഴ് പവന്‍ സ്വര്‍ണവുമായാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നുമിറങ്ങിയത്. ആണ്‍കുട്ടി തന്റെ മൊബൈല്‍ ഫോണ്‍ കാഞ്ഞങ്ങാട്ടെ കടയില്‍ വിറ്റതായും പൊലീസ് കണ്ടെത്തി. പുതിയ ഫോണ്‍ വാങ്ങിയ ശേഷമാണ് നാടുവിട്ടത്.

അതിനിടെ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ വാങ്ങി മുങ്ങിയ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. പാണത്തൂരിലെ മുഹമ്മദ് സലാമിനും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കുമെതിരെയാണ് ബന്ധുക്കളുടെ പരാതി പ്രകാരം വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. ഒരു ലക്ഷം രൂപ തന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്തി നല്‍കാമെന്നായിരുന്നു ഇവര്‍ ബന്ധുക്കള്‍ക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍ 10,000 രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം സംഘം മുങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News