സിപിഐഎം ജനങ്ങളുടെ പ്രസ്ഥാനമാകുന്നത് ഇങ്ങനെയാണ്; മമ്പാട്ടെ മിച്ചഭൂമി സമരകേന്ദ്രത്തില്‍ നസീംബീഗത്തിന്‍റെ വീട്ടില്‍ വൈദ്യുതിയെത്തി; അഭിവാദ്യങ്ങളുമായി നാട്ടുകാര്‍

മലപ്പുറം: അ‍ഴിമതിക്കാരായ കോണ്‍ഗ്രസുകാര്‍ക്കും അക്രമികളായ ബിജെപിക്കാര്‍ക്കും വിപരീതമായി ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പമാണ് സിപിഐഎം എന്ന് തെളിയിച്ച് മമ്പാട്ടെ മിച്ചഭൂമി സമരകേന്ദ്രത്തില്‍ നസീംബീഗത്തിന്റെ വീട്ടില്‍ വൈദ്യുതിയെത്തി. സിപിഐ എം ലോക്കല്‍കമ്മിറ്റി നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്താലാണ് നസീംബീഗത്തിനും മകന്‍ ജിയാസിനും വീട് ഒരുങ്ങിയത്. സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതിയാണ് നസീമബീഗത്തിന് തുണയായത്.

സമരകേന്ദ്രത്തില്‍ വയറിങ് പൂര്‍ത്തിയാക്കിയ 17-ഓളം വീടുകള്‍ക്കുകൂടി അടുത്തദിവസംതന്നെ വൈദ്യുതി ലഭിക്കും. സമ്പൂര്‍ണ വൈദ്യുതീകരണം സംബന്ധിച്ച് കെഎസ്ഇബി അധികൃതര്‍ സര്‍വേ നടത്തുന്ന സമയത്ത് സമരകേന്ദ്രത്തില്‍ വീടുകളുടെ നിര്‍മാണം നടന്നിരുന്നില്ല. അതിനാല്‍ ഇവിടത്തെ താമസക്കാര്‍ സര്‍വെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് വൈദ്യുതിമന്ത്രിയുടെ ശ്രദ്ധയില്‍ ഈ പ്രശ്നം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഉത്തരവുപ്രകാരമാണ് കണക്ഷന്‍ ലഭിച്ചത്.

കമ്പനിപടിക്കല്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് നസീംബീഗവും മകനും താമസിച്ചിരുന്നത്. ഇളയ മകനെ ഗര്‍ഭംധരിച്ചപ്പോള്‍ തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇളയമകന് എട്ടുവയസ്സായെങ്കിലും അതിനൊത്ത മാനസിക വളര്‍ച്ചയില്ല. മൂത്തമകന്‍ ചാവക്കാട് യത്തീംഖാനയില്‍ പഠിക്കുന്നു. നസീംബീഗത്തിനും ശാരീരികമായി സുഖമില്ല. ഈ സാഹചര്യത്തിലാണ് സിപിഐഎം വീട് നിര്‍മിച്ചുനല്‍കാന്‍ മുന്‍കൈയെടുത്തത്.

സെപ്റ്റംബര്‍ 17-നാണ് മിച്ചഭൂമിയില്‍ ഭൂരഹിതര്‍ കുടില്‍കെട്ടി താമസം തുടങ്ങിയത്. അവകാശം സ്ഥാപിച്ച ഭൂമി അളന്നുതിട്ടപ്പെടുത്തി ഓരോരുത്തരുടെയും പേരില്‍ നീക്കിവച്ചാണ് സമരം ആരംഭിച്ചത്. ഇപ്പോള്‍ 82 കുടുംബങ്ങള്‍ താമസക്കാരായുണ്ട്. താമസക്കാര്‍ക്ക് കുടിവെള്ളത്തിനായി വലിയ കിണര്‍ കുഴിച്ചു. ഇതിനും നാട്ടുകാരും മറ്റു സംഘടനകളും സഹായിച്ചു. കിണറില്‍നിന്ന് വെള്ളം കോരി വീടുകളില്‍ എത്തിക്കുവാന്‍ താമസക്കാര്‍ക്ക് പ്രയാസം നേരിടുന്നുണ്ട്. ടാങ്കും പമ്പ്ഹൌസും പൈപ്പുകളും സ്ഥാപിക്കുവാന്‍ നാട്ടുകാരുടെ സഹായമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് താമസക്കാര്‍.

പ്ളാസ്റ്റിക് ഷീറ്റും മറ്റും മറച്ചുകെട്ടി സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങള്‍ താമസിക്കുന്ന കാഴ്ച ദയനീയമാണ്. എന്നാല്‍ വാടക കൊടുക്കാതെ താമസിക്കുവാന്‍ കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസവും അവരിലുണ്ട്. സമരകേന്ദ്രത്തില്‍ വൈദ്യുതിയെത്തിയപോലെ മറ്റുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News