ഐസകിന്റെ ആശയം കേന്ദ്രസർക്കാരും അംഗീകരിക്കുന്നു; ഫാറ്റ് ടാക്‌സ് രാജ്യമൊട്ടാകെ നടപ്പാക്കാൻ ആലോചന

ദില്ലി: ധനമന്ത്രി തോമസ് ഐസകിന്റെ ആശയം ആദ്യം പരിഹസിച്ചെങ്കിലും ഇപ്പോൾ കേന്ദ്രസർക്കാരും അംഗീകരിക്കുന്നു. ജങ്ക് ഫുഡുകൾക്ക് ഫാറ്റ് ടാക്‌സ് ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ പദ്ധതി രാജ്യമൊട്ടാകെ നടപ്പിലാക്കാൻ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കു മുന്നിൽ നിർദേശമെത്തി. ആരോഗ്യം-ശുചിത്വം-നഗരവികസനം എന്നിവയ്ക്കായി രൂപീകരിച്ച സമിതിയാണ് പ്രധാനമന്ത്രിക്കു മുന്നിൽ ഇങ്ങനെയൊരു നിർദേശം സമർപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ കേരള ബജറ്റിലാണ് ഫാറ്റ് ടാക്‌സ് ഏർപ്പെടുത്താനുള്ള നിർദേശം ഉണ്ടായിരുന്നത്.

പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ കൂടുതലായി ഉൾച്ചേർന്ന ഭക്ഷണങ്ങൾക്ക് അധിക നികുതി ഈടാക്കാനുള്ള നിർദേശമാണ് ഫാറ്റ് ടാക്‌സ് എന്ന കൊഴുപ്പ് ടാക്‌സ്. ഭക്ഷ്യസുരക്ഷാ നിയമത്തിൽ ജങ്ക് ഫുഡ് എന്ന വാക്കിന് വ്യക്തമായ വിശേഷണം ഇല്ലാത്ത പശ്ചാത്തലത്തിലാണ് സമിതി ഇങ്ങനെയൊരു നിർദേശം കൊണ്ടുവന്നിരിക്കുന്നത്. സർക്കാരിന് ഇതിലൂടെ ലഭിക്കുന്ന അധികവരുമാനം ആരോഗ്യബജറ്റിൽ വകമാറ്റി ചെലവഴിക്കാമെന്നും സമിതി നിർദേശിക്കുന്നു.

സമിതി നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി അനുമതി നൽകുകയാണെങ്കിൽ നികുതി നിർദേശം ബജറ്റിൽ അവതരിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സമിതിയുടെ നിർദേശത്തോടു പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തെ കുറിച്ച് പഠിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

ബർഗർ, പിസ, പാസ്ത തുടങ്ങിയ ജങ്ക് ഫുഡുകൾക്ക് ഫാറ്റ് ടാക്‌സ് ഏർപ്പെടുത്താനുള്ള നിർദേശം ആദ്യമായി അവതരിപ്പിച്ചത് കേരള സർക്കാരായിരുന്നു. കഴിഞ്ഞ ബജറ്റിലെ തോമസ് ഐസകിന്റെ നിർദേശത്തെ പക്ഷേ ബിജെപി അടക്കമുള്ള കക്ഷികൾ പരിഹാസത്തോടെയായിരുന്നു എതിരേറ്റത്. എന്നാൽ, തൊട്ടുപിന്നാലെ കേരള സർക്കാരിനെ മാതൃകയാക്കി ഗുജറാത്തും ഫാറ്റ് ടാക്‌സ് ഏർപ്പെടുത്തിയതോടെ ബിജെപി അടക്കം എല്ലാവരുടെയും വായടഞ്ഞു.

അനാരോഗ്യകരമായ ബർഗർ, പിസ, പാസ്ത എന്നിങ്ങനെയുള്ള ജങ്ക് ഫുഡ് നിരുത്സാഹപ്പെടുത്താനാണ് കൊഴുപ്പ് നികുതി നിർദേശം വെച്ചത്. ബ്രാൻഡഡ് റസ്റ്റോറന്റുകൾ പാകംചെയ്ത് വിൽക്കുന്ന ബർഗർ, പിസ, ടാക്കോസ്, ഡോനട്‌സ്, സാൻഡ് വിച്ച്, ബർഗർപാറ്റി, പാസ്ത തുടങ്ങിയവയ്ക്ക് 14.5 ശതമാനം നികുതിയാണ് ബജറ്റിൽ നിർദ്ദേശിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here