കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നവർ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നു; കാണാതായ മലയാളികൾ അഫ്ഗാനിലെത്തി; ഇന്റർപോളിന്റെ സഹായം തേടി എൻഐഎ

ദില്ലി: കേരളത്തിൽ നിന്നും കാണാതായി പിന്നീട് ഐഎസിൽ ചേർന്നതായി സ്ഥിരീകരിക്കപ്പെട്ട മലയാളികൾ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. എൻഐഎക്കു ഇതുസംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചു. കാണാതായ മലയാളികൾ അഫ്ഗാനിസ്താനിൽ എത്തിയതായി എൻഐഎക്കു വിവരം ലഭിച്ചു. ഇവരെ തിരികെ എത്തിക്കാൻ ഇന്റർപോളിന്റെയും അഫ്ഗാൻ പൊലീസിന്റെയും സഹായം എൻഐഎ തേടിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെ ഐഎസിൽ ചേർന്നവർ എത്തിയിട്ടുണ്ട്.

അഫ്ഗാനിലെ നാംഗർഹാറിലെ ഐഎസ് ക്യാമ്പിലാണ് ഇവർ ഇപ്പോഴുള്ളത്. പലസമയങ്ങളിലായി സംസ്ഥാനത്തു നിന്നും നാടുവിട്ട് പോയ മുപ്പതോളം ആളുകളാണ് ഇപ്പോൾ നാംഗർഹാറിലെ ക്യാംപിൽ ഭീകരപരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ ആക്രമിക്കാനാണ് ഇവർ പദ്ധതിയിടുന്നതെന്നാണു വിവരം. ഇവർക്കൊപ്പം കേരള വിഭാഗം തലവൻ ഷാജീർ മംഗളാസ് സെരി അബ്ദുള്ളാ എന്നയാളും പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം ഐഎസ് ഭീകരർ നാംഗർഹാർ ക്യാംപിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസമാണ് കേരളത്തിൽ ജിഹാദിന് സമയമായെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്് പ്രത്യക്ഷപ്പെട്ടത്. ആക്രമണം നടത്താൻ ഫേസ്ബുക്കിലൂടെ പെട്രോൾ ബോംബ് നിർമ്മാണത്തിനുള്ള പരിശീലനവും നൽകിയിട്ടുള്ളതായും വാർത്ത പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ പോസ്റ്റിന്റെ ഉറവിടം അഫ്ഗാനാണെന്ന് അന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞു. ഇയാൾ തന്നെയാകാം മലയാളികളേയും ഈ പ്രവശ്യയിലേക്ക് എത്തിച്ചതെന്നും സംശയിക്കുന്നു. അറബ് രാജ്യങ്ങൾ വഴിയാണ് മിക്ക ആളുകളും അഫ്ഗാനിലേക്ക് യാത്രയായത്.

ഇസ്ലാമിക ആശയങ്ങളെ വിമർശിച്ച ഇ.എ ജബ്ബാറിനെ പോലെയുള്ളവരും സംഘ പരിവാറുമാണ് തങ്ങളുടെ ആദ്യ ഇരകളെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഷാജീർ പറഞ്ഞിരുന്നു. ഇല്ലാതാക്കേണ്ടവരുടെ പട്ടികയിൽ ഇസ്ലാമിനെ വിമർശിച്ച ചില മാധ്യമ പ്രവർത്തകരും ഉള്ളതായും വ്യക്തമാക്കിയിട്ടുണ്ട്. ജിഹാദിനെ നിരുത്സാഹപ്പെടുത്തുന്ന കപട പണ്ഡിതന്മാർക്ക് ചെവി കൊടുക്കരുതെന്നും ഷാജിർ മംഗളാസ് സെരി പറയുന്നു.

ഫേസ്ബുക്കിൽ താൻ നിരവധി പേർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചതായും തനിക്ക് അയച്ചവരുടെയെല്ലാം റിക്വസ്റ്റ് സ്വീകരിച്ചതായും ഷാജീർ പറയുന്നു. 2016 മെയ്-ജൂൺ മാസങ്ങളിലാണ് കേരളത്തെ നടുക്കി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതികളും യാവാക്കളും അടങ്ങുന്ന നിരവധിയാളുകളെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News