മഞ്ചേരിയിൽ അരക്കോടി രൂപയുടെ കുഴൽപണം പിടികൂടി; എല്ലാം പുതിയ 2000 രൂപ നോട്ടുകൾ; അന്വേഷണം ദേശസാൽകൃത ബാങ്കുകളിലേക്ക്

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ അരക്കോടി രൂപയുടെ കുഴൽപണം പിടികൂടി. പുതിയ 2000 രൂപ നോട്ടുകൾ മാത്രം അടങ്ങിയതാണ് പിടികൂടിയത്. ആകെ 52.50 ലക്ഷം രൂപ പിടികൂടി. മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്രയും അധികം കുഴൽപണം എവിടെ നിന്നും കിട്ടി എന്ന കാര്യം അന്വേഷിച്ചു വരുകയാണ്. സംഭവത്തിൽ ജില്ലയിലെ ദേശസാൽകൃത ബാങ്കുകൾക്കുള്ള പങ്ക് സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

കോഴിക്കോട് മാവൂർ പാഴൂർ ഉണ്ണിമോയി (62), മുക്കം നെല്ലിക്കാപറമ്പ് തോണിച്ചാൽ ഫസലുറഹ്മാൻ (30), മഞ്ചേരി നറുകര പട്ടർകുളം മുഹമ്മദ് ജംഷീദ് (22) എന്നിവരാണു പിടിയിലായത്. ജംഷീദിനെ മഞ്ചേരി വയപ്പാറപ്പടിയിൽനിന്നാണു രണ്ടര ലക്ഷം രൂപയുമായി പിടികൂടിയത്. ഉണ്ണിമോയിയെയും ഫസലുവിനെയും 50 ലക്ഷവുമായി പുല്ലാരയിൽനിന്നും പിടികൂടി. മുംബൈയിൽനിന്ന് ട്രെയിൻ മാർഗം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സംഘം പണം കൊണ്ടുവന്നതെന്നു പൊലീസ് പറഞ്ഞു.

തുച്ഛമായ പ്രതിഫലത്തിനു കുഴൽപണ കാരിയർമാരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായത്. 4,000 രൂപയാണ് പണം എത്തിക്കുന്നതിനു പ്രതിഫലം ലഭിക്കുകയെന്നു ഇവർ പൊലീസിനോടു പറഞ്ഞു. ബോംബെ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘങ്ങളെയും വിദേശത്തും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന കുഴൽപണ സംഘങ്ങളെ കുറിച്ചും ഇവരിൽ നിന്നും പൊലീസിനു വിവരം ലഭിച്ചു. ജില്ലയിലെ മുഴുവൻ കുഴൽപണ മാഫിയകളെ കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിസിആർബി ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേരി സിഐ കെ.എം ബിജു, എസ്‌ഐ എസ്.ബി കൈലാസ് നാഥ്, പൊലീസുകാരായ മോഹൻദാസ്, ശശികുമാർ, ടി.ശ്രീകുമാർ, വിജയകുമാർ, പി.സഞ്ജീവ്, അഷ്‌റഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News