കോൺഗ്രസ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണമെന്നു എ.കെ ആന്റണി; സ്തുതിപാഠകർ പറയുന്നതല്ല നേതാക്കൾ കേൾക്കേണ്ടത്; തമ്മിലടിച്ചാല്‍ യുവാക്കളെ ആകര്‍ഷിക്കാനാകില്ല

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് എ.കെ ആന്റണി. കോൺഗ്രസ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണമെന്നു ആന്റണി പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനാണ് നേതാക്കൾ പരിശ്രമിക്കേണ്ടത്. തമ്മിലടിച്ചാൽ പാർട്ടിയെ ശക്തിപ്പെടുത്താനൊക്കില്ല. നേതാക്കൾ തമ്മിലടിക്കുന്നത് പാർട്ടിയിലേക്ക് യുവാക്കൾ കടന്നുവരുന്നതിനെ തടയുമെന്നും എ.കെ ആന്റണി പറഞ്ഞു. പരോക്ഷമായി ഉമ്മൻചാണ്ടിയെ ഉന്നംവച്ചാണ് ആന്റണിയുടെ ഈ പ്രസ്താവന.

പാർട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിട്ടുണ്ട്. ഈ യാഥാർത്ഥ്യം നേതാക്കൾ മനസ്സിലാക്കണം. പരസ്പരം തമ്മിലടിക്കുന്നതു നിർത്തി നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാൻ തയ്യാറാകണം. സ്തുതിപാഠകർ പറയുന്നതല്ല നേതാക്കൾ വിശ്വാസത്തിലെടുക്കേണ്ടതെന്നും എ.കെ ആന്റണി വ്യക്തമാക്കി.

പുതിയ ഡിസിസി അധ്യക്ഷൻമാരെ തെരഞ്ഞെടുത്തതു മുതൽ കേരളത്തിലെ കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. അന്നുമുതൽ ഉമ്മൻചാണ്ടി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. പാർട്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്നും ഉമ്മൻചാണ്ടി വിട്ടുനിന്നിരുന്നു. ഇന്നലത്തെ രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ പി.സി ചാക്കോയും പി.ജെ കുര്യനും ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇത്തരത്തിലൊരു പ്രസ്താവനയ്ക്ക് ആന്റണിയെ പ്രേരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here