മറ്റൊരു നെഹ്‌റു കോളജാണ് തേവര എസ്എച്ച്; ഇന്റേണൽ കട്ട് ചെയ്യൽ മുതൽ തൊഴുത്ത് കഴുകിക്കൽ വരെ നടക്കും; ഒരു മുൻ വിദ്യാർത്ഥിയുടെ അനുഭവക്കുറിപ്പ്

കൊച്ചി: സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജിൽ നടക്കുന്ന വിദ്യാർത്ഥി പീഡനങ്ങൾ പുറത്തറിയാൻ ഒരു ജിഷ്ണുവിന്റെ ജീവൻ ബലികൊടുക്കേണ്ടി വന്നു. എന്നാൽ, മാനേജ്‌മെന്റുകൾക്കു കീഴിലെ ആർട്‌സ് കോളജുകളിൽ നടക്കുന്ന വിദ്യാർത്ഥി പീഡനങ്ങൾ എത്രപേർ പുറത്തറിയുന്നുണ്ട്. തേവര സെക്രഡ് ഹാർട്ട് കോളജിൽ നടക്കുന്ന വിദ്യാർത്ഥി പീഡനങ്ങൾ തുറന്നെഴുതിയിരിക്കുകയാണ് കോളജിലെ ഒരു പൂർവ വിദ്യാർത്ഥി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അനൂപ് കൃഷ്ണ എന്ന വിദ്യാർത്ഥി തേവര എസ്എച്ചിലെ വിദ്യാർത്ഥി പീഡനങ്ങളെ കുറിച്ച് തുറന്നെഴുതിയത്.

ഇന്റേണൽ മാർക്ക് കുറയ്ക്കുക, അറ്റൻഡൻസ് വെട്ടിക്കുറച്ച് പരീക്ഷയുടെ തലേന്നു മാത്രം അറിയിച്ച് പരീക്ഷ എഴുതിക്കാതിരിക്കുക തുടങ്ങിയ സ്ഥിരം കലാപരിപാടികൾ തന്നെയാണ് ഇഷ്ടക്കേടുള്ളവർക്കെതിരെ എസ്എച്ച് മാനേജ്‌മെന്റും ചെയ്യുന്നത്. ഇയർ ബാക്ക് ആയാൽ റീ അഡ്മിഷൻ വേണം. ഇതിനാകട്ടെ മാനേജ്‌മെന്റ് പറയുന്ന ‘സർവീസുകൾ’ ചെയ്യണം. സർവീസ് എന്നാൽ, ഗ്രൗണ്ട് വൃത്തിയാക്കുക, കുതിര തൊഴുത്ത് കഴുകുക, ഓഡിറ്റോറിയം വൃത്തിയാക്കുക എന്നിവയാണ്. പെൺകുട്ടികളോടുള്ള അധ്യാപകരുടെ പെരുമാറ്റം ലൈംഗികച്ചുവ കലർന്നത്. പരാതിപ്പെട്ടാലും മാനേജ്‌മെന്റ് ഒരു ചുക്കും ചെയ്യില്ല. യൂണിവേഴ്‌സിറ്റിയിൽ പരാതി നൽകിയാലും രാഷ്ട്രീയ സ്വാധീനം വച്ച് അതെല്ലാം ഒതുക്കിക്കളയും.

തന്റെ സുഹൃത്തുക്കളായ പെൺകുട്ടികളോട് ഊർജതന്ത്ര വിഭാഗത്തിലെ അധ്യാപകൻ മോശമായി പെരുമാറിയതിനു പെൺകുട്ടികൾക്കൊപ്പം പരാതി നൽകിയതാണ് അനൂപ് കൃഷ്ണയെ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടാക്കിയത്. കരഞ്ഞപേക്ഷിച്ചപ്പോൾ പെൺകുട്ടികൾ പരാതി പിൻവലിച്ചു. എന്നാൽ, അറ്റൻഡൻസ് ഷോർട്ടേജിൽ പെടുത്തി അനൂപിനെ മാനേജ്‌മെന്റ് പരീക്ഷ എഴുതിച്ചില്ല. ഇയർ ബാക്ക് ആയ അനൂപ് റീ അഡ്മിഷനു ശ്രമിച്ചു. എന്നാൽ, മേൽപറഞ്ഞ സർവീസ് ചെയ്തതിനു ശേഷം മാത്രമാണ് അനൂപിനെ കോളജിൽ കയറ്റിയത്.

കാംപസിൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും അധ്യാപകർ നിർബാധം ഇതു തുടരുന്നു. ഒരിക്കൽ ഒരു വിദ്യാർത്ഥിയുടെ ഫോണിൽ മുൻ അധ്യാപകന്റെ മകൾക്കൊപ്പമുള്ള ചിത്രം കണ്ടതിനു വിദ്യാർത്ഥിയെ നിർബന്ധിത അവധി നൽകി പ്രവേശനം നിഷേധിച്ചു. വിദ്യാർത്ഥിനിയെ അധ്യാപകൻ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിട്ടും നടപടിയില്ല. ഒരിക്കൽ വസ്ത്രധാരണത്തിന്റെ പേരിൽ ഒരു പെൺകുട്ടിയോടു പുരോഹിതൻ കൂടിയായ അധ്യാപകൻ പറഞ്ഞ വാക്കുകൾ അറപ്പുളവാക്കുന്നതായിരുന്നെന്നു അനൂപ് പറയുന്നു. പിന്നീടൊരിക്കൽ അപകടത്തിൽ പരുക്കേറ്റതിനാൽ മുണ്ടുടുത്ത് വന്ന വിദ്യാർത്ഥിയെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചു.

ഇന്റേണലും അറ്റൻഡൻസും പേടിച്ച് ആരും ഒന്നും പുറത്തുപറയാറില്ല. ആൺ-പെൺ കുട്ടികളുടെ ബന്ധം കണ്ടെത്തി അത് വീട്ടിൽ അറിയിക്കുക, അറിയിച്ചിട്ടു ഫലം ഇല്ലെങ്കിൽ മോശം പരാമർശങ്ങൾ നടത്തി വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയവയും അധ്യാപകരുടെ സദാചാര പൊലീസിംഗിന്റെ ഭാഗമാണ്. ഒരു തരം അമ്മാവൻ അസൂയ ആണ് അവരെ നയിക്കുന്നതെന്നു അനൂപ് പറയുന്നു. താനും മറ്റൊരു നെഹ്‌റു കോളജിൽ ആണ് പഠിച്ചിരുന്നതെന്നാണ് അനൂപ് പറയുന്നത്. ഇന്നും അവിടെ വിദ്യാർത്ഥികൾ അനവധി പീഡനങ്ങൾ ഏറ്റുവാങ്ങുന്നതായും അനൂപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അനൂപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here