വാട്‌സ്ആപ്പ് സന്ദേശങ്ങൾ സുരക്ഷിതമെന്നു വാട്‌സ്ആപ്പ്; എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ ആർക്കും വായിക്കാനാകില്ല

വാട്‌സ്ആപ്പ് സന്ദേശങ്ങൾ സുരക്ഷിതമല്ലെന്നും ഹാക്കർമാർ സന്ദേശങ്ങൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി വാട്‌സ്ആപ്പ്. എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ ഹാക്കർമാർ വായിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പിൻവാതിലിലൂടെ സന്ദേശങ്ങൾ കൈക്കലാക്കുകയും ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് വാട്‌സ്ആപ്പ് നിഷേധിച്ചത്. ആർക്കും പിൻവാതിലിലൂടെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ ലഭിക്കില്ലെന്നു വാട്‌സ്ആപ്പ് വ്യക്തമാക്കി. ഇത്തരത്തിൽ സർക്കാർ പിൻവാതിലിലൂടെ സമീപിച്ചാലും അതിനെ എതിർക്കുമെന്നും വാട്‌സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടൺ പറഞ്ഞു.

നിലപാട് വ്യക്തമാക്കിക്കൊണ്ട് വാട്‌സ്ആപ്പ് ധവളപത്രം ഇറക്കി. സെക്യൂരിറ്റി റിസർച്ചർ ആയ തോബിയാസ് ബോയൽടർ ആണ് വാട്‌സ്ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയിരുന്നത്. ഏതെങ്കിലും സർക്കാർ ഏജൻസി ആവശ്യപ്പെട്ടാൽ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ മാറ്റം വരുത്താൻ വാട്‌സ്ആപ്പ് തയ്യാറാകുമെന്നും അങ്ങനെ സന്ദേശങ്ങൾ പുറത്താകുമെന്നുമായിരുന്നു തോബിയാസ് ചൂണ്ടിക്കാട്ടിയിരുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെക്‌നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റ് ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാൻ കഴിയുമെന്നും തോബിയാസ് ആരോപിച്ചിരുന്നു. എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ വൻ സുരക്ഷാ വീഴ്ചയുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ തെറ്റുതിരുത്താൻ അധികൃതർ തയ്യാറായില്ലെന്നും തോബിയാസ് ആരോപിച്ചു.

തോബിയാസിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം ഉണ്ടെന്നതു കൊണ്ടു മാത്രം ഒന്നും സുരക്ഷിതമാകുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉപയോക്താക്കൾ അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾ കാണുകയോ വായിക്കുകയോ ചെയ്യില്ലെന്നാണ് ഫേസ്ബുക്കും വാട്‌സാപ്പും ഉറപ്പു നൽകുന്നത്. എന്നാൽ വിവിധ സർക്കാരുകളിലെ സാങ്കേതിക വിദഗ്ധർ മെസേജുകൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.

എൻഡ് ടു എൻഡ് എൻക്രിപ്ഷനിലെ സുരക്ഷാ വീഴ്ചയാണ് ഇതിനു കാരണം. ഇതു സുരക്ഷിതമാക്കിയാൽ ഒരാളും സന്ദേശങ്ങൾ വായിക്കില്ല. എന്നാൽ വാട്‌സാപ്പും ഫേസ്ബുക്കും ഇതിനു തയാറാകുന്നില്ലെന്നും തോബിയാസ് പറയുന്നു. എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ പ്രോട്ടോകോൾ എന്ന സംവിധാനമാണ് സന്ദേശങ്ങൾക്ക് സുരക്ഷ നൽകുന്നത്. എന്നാൽ ഹാക്ക് ചെയ്ത് സന്ദേശങ്ങളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ മറികടക്കാനുള്ള ശേഷി പ്രോട്ടോക്കോളിന് ഇല്ലെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here