ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 351 റൺസ് വിജയലക്ഷ്യം; ഇംഗ്ലീഷ് പടയെ രക്ഷിച്ചത് ഓപ്പണിംഗ് നിരയും മധ്യനിരയും; ഹർദിക് പാണ്ഡ്യക്ക് രണ്ടുവിക്കറ്റ്

പുണെ: ഇംഗ്ലണ്ടിനെതിരെ പുണെയിൽ നടക്കുന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 351 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 350 റൺസെടുത്തു. ഓപ്പണർമാരുടെയും മധ്യനിരയുടെയും തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലീഷ് പടയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ജാസൺ റോയ്, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഇംഗ്ലണ്ട് നിരയിൽ അർധ സെഞ്ച്വറിയുമായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കു വേണ്ടി ഹർദിക് പണ്ഡ്യയും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. എന്നാൽ, കോഹ് ലിയുടെ തീരുമാനം തെറ്റിയോ എന്നു സംശയം ജനിപ്പിച്ച് ജാസൺ റോയ് അടിച്ചു തകർത്തു. 9 റൺസെടുത്ത ഓപ്പണർ അലക്‌സ് ഹെയ്ൽസിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും അതൊന്നും ജാസണെ ബാധിച്ചില്ല. പിന്നാലെ എത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് ജാസൺ മുന്നോട്ടു പോയി. 73 റൺസെടുത്ത ജാസണെ ജഡേജയാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ മോർഗൻ 28 റൺസെടുത്ത് റൂട്ടിനു പിന്തുണ നൽകി.

ഇതിനിടെ അർധ സെഞ്ച്വറി തികച്ച് മുന്നേറുകയായിരുന്ന റൂട്ടിനെ ബൂംറ മടക്കി. 31 റൺസെടുത്ത ബട്ട്‌ലറെ പാണ്ഡ്യയും മടക്കി. മധ്യനിരയിൽ ബെൻ സ്റ്റോക്‌സ് ആണ് മികച്ച ചെറുത്തുനിൽപ് പ്രകടമാക്കിയത്. 62 റൺസെടുത്ത സ്റ്റോക്‌സ് ബൂംറയുടെ പന്തിൽ ഉമേഷ് യാദവിന്റെ കൈകളിൽ ഒതുങ്ങി. മോയിൻ അലി 28 റൺസെടുത്തു.

ഇന്ത്യക്കു വേണ്ടി ഹർദിക് പാണ്ഡ്യയും ബൂംറയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജഡേജയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here