ഗാന്ധിയും ചർക്കയും ഖാദിയും ഒരു പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

ദില്ലി: ഗാന്ധിയും ചർക്കയും ഖാദിയും സ്വകാര്യ സ്വത്തല്ലെന്നു ബിജെപി. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽ നിന്നു ഗാന്ധിയെ മാറ്റി പകരം മോദിയെ പ്രതിഷ്ഠിച്ച സംഭവത്തോടുള്ള പ്രതികരണമായിട്ടാണ് ബിജെപി ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിനെ നേരിട്ട് കടന്നാക്രമിച്ചു കൊണ്ടായിരുന്നു ബിജെപി വക്താവ് ഷൈന എൻസിയുടെ പ്രതികരണം. ഗാന്ധിയും ഖാദിയും ചർക്കയും ഒരു രാഷ്ട്രീയപാർട്ടിയുടെയും സ്വകാര്യ സ്വത്തല്ലെന്നു ഷൈന പറഞ്ഞു. കലണ്ടർ വിവാദത്തിൽ ബിജെപി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുകയായിരുന്നു.

രാഷ്ട്രപിതാവിനെയും ഖാദിയെയും ചർക്കയെയും ഒരു രാഷ്ട്രീയപാർട്ടിയും സ്വകാര്യ സ്വത്താക്കേണ്ടതില്ല. ഞങ്ങൾക്ക് ആരുടെയും വ്യക്തിപരമായ അഭിപ്രായങ്ങൾ കേൾക്കേണ്ടതില്ല. പക്ഷേ, ഒരു പാർട്ടിയുടെയും സംഘടനയുടെയും ആശയത്തിന്റെയും വക്താക്കളല്ല ഗാന്ധിയും ഖാദിയും ചർക്കയും എന്ന കാര്യം വ്യക്തമാണെന്നും ഷൈന പറഞ്ഞു. ഖാദി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നു നമ്മൾ മനസ്സിലാക്കണമെന്നും അവർ വ്യക്തമാക്കി.

നേരത്തെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയും ബിജെപിക്കെതിരെ രംഗത്തു വന്നിരുന്നു. രാജ്യം ഇത്തരം അവഹേളനങ്ങൾ ഒരു കാരണവശാലും സഹിക്കില്ലെന്നു വദ്ര പറഞ്ഞു. ഗാന്ധിയും അദ്ദേഹത്തിന്റെ പേരും ഏതൊരു രാഷ്ട്രീയപാർട്ടിയുടെയും മുകളിലാണെന്നും വദ്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here