സി കെ പദ്മനാഭനെതിരേ നടപടിയുണ്ടാകുമെന്നു സൂചന; സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍; സികെപിയുടെ പീപ്പിള്‍ ടിവി ചര്‍ച്ച അഭിമുഖം ബിജെപി ചര്‍ച്ച ചെയ്യും

കോട്ടയം: ചെഗുവേരയെയും കമലിനെയും എം ടി വാസുദേവന്‍ നായരെയും പിന്തുണച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ പദ്മനാഭനെതിരേ അച്ചടക്കനടപടിയുണ്ടാകും. കോട്ടയത്തു ചേരുന്ന ബിജെപി നേതൃയോഗങ്ങളാണ് നടപടിക്കാര്യത്തില്‍ തീരുമാനമെടുക്കുക. പീപ്പിള്‍ ടിവിക്കു സി കെ പദ്മനാഭന്‍ നല്‍കിയ അഭിമുഖത്തിലെ ഉള്ളടക്കം സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കടുത്ത ആര്‍എസ്എസ് നയങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന കുമ്മനം രാജശേഖരന്‍, സികെപിക്കെതിരേ നടപടിയെടുക്കുന്നതിനോട് അനുകൂലമായ നിലപാടിലാണ് എന്നാണറിയുന്നത്. നേരത്തേ, സികെപിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു.

കമലിനെ പാകിസ്താനിലേക്ക് അയ്ക്കണമെന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടു പീപ്പിള്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് സി കെ പദ്മനാഭന്‍ വിവാദ പ്രസ്താവന നടത്തിയത്. എം ടി വാസുദേവന്‍ നായര്‍ ഹിമാലയതുല്യനായ മലയാളിയാണെന്നും പെരുമ‍ഴക്കാലവും ഗദ്ദാമയും പോലുള്ള ചിത്രങ്ങളെടുത്ത കമലിന്‍റെ ദേശ സ്നേഹത്തില്‍ ആര്‍ക്കും സംശയമില്ലെന്നും യുവാക്കള്‍ ചെഗുവേരയെ മാതൃകയാക്കണമെന്നുമായിരുന്നു സി കെ പദ്മനാഭന്‍റെ പരാമര്‍ശങ്ങള്‍.

ഇന്നു കോട്ടയത്തു യോഗം ചേരുന്നതിനു മുമ്പുതന്നെ സികെപിക്കെതിരേ നടപടിവേണമെന്ന ആവശ്യം ബിെജപിയില്‍ ശക്തമായിരുന്നു. സികെപിയുടെ നിലപാടുകള്‍ക്ക് സമാനമായ അഭിപ്രായങ്ങളുമായി മറ്റൊരു ബിജെപി നേതാവും സംസ്ഥാന വക്താവുമായ എംഎസ് കുമാറും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News