മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം അധ്യാപക സമൂഹത്തിന് അപമാനം; പ്രൊഫ. എന്‍എല്‍ ബീനയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് നെറികേടുകള്‍; അന്വേഷിച്ച് നടപടിയെടുക്കണമെന്നും എകെജിസിടി

കൊച്ചി : ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണ് പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നതെന്ന എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ അഭിപ്രായം അധ്യാപക സമൂഹത്തിനാകെ അപമാനമാണെന്ന് എകെജിസിടി. ആയിരത്തെഴുനൂറോളം പെണ്‍കുട്ടികളുള്‍പ്പെടെ രണ്ടായിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേരളത്തിലെ മാതൃകാ കലാലയത്തിന്റെ ചരിത്രത്തിലിന്നോളം ഒരു പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലാത്തത്ര നെറികേടുകളാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും എകെജിസിടി കുറ്റപ്പെടുത്തി.

ഈയിടെ കോളേജില്‍ കുട്ടികള്‍ നടത്തിയ ചുവരെഴുത്തുകള്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുകണ്ട് വിദ്യാര്‍ഥികള്‍ തന്നെ നീക്കംചെയ്യുകയും പൊലീസ് അവ പതിച്ചവര്‍ക്കെതിരെ കേസെടുക്കുകയുംചെയ്തു. എന്നാല്‍, ചുവരെഴുത്തുകള്‍ പ്രിന്‍സിപ്പല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ തീര്‍ത്തും അപക്വവും നിരുത്തരവാദപരവുമായ നടപടികളാണ് പ്രിന്‍സിപ്പലില്‍നിന്നുണ്ടാകുന്നത്.

അധ്യാപകര്‍ക്ക് അശ്ലീലച്ചുവയുള്ള സന്ദേശമയക്കുക, യുവ അധ്യാപികയുടെ സ്വഭാവഹത്യ നടത്തുന്ന തരത്തില്‍ ഊമക്കത്ത് തയ്യാറാക്കി പ്രചരിപ്പിക്കുക, അധ്യാപക സംഘടനയുടെ യോഗത്തിലേക്ക് അതിക്രമിച്ച് കയറിച്ചെല്ലുക, ക്യാമ്പസില്‍ അധ്യാപികമാര്‍ ആണ്‍കുട്ടികളുമായി സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുക തുടങ്ങിയ സംഭവങ്ങള്‍ മുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ക്ക് ന്യായീകരിക്കാനാകാത്ത ശിക്ഷകളാണ് ഇവര്‍ നല്‍കുന്നത്. കലാകായികരംഗങ്ങളില്‍ മിടുക്കരായ നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനകം കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടത്. പൂമരം എന്ന സിനിമയിലെ പ്രശസ്തമായ ഗാനം സംഗീതം നല്‍കി ആലപിച്ച ഫൈസല്‍ റാസി, ഈ ഗാനത്തില്‍ അഭിനയിച്ച ഷാന്‍ റൂപ് എന്നീ ബിരുദവിദ്യാര്‍ഥികള്‍ ഇങ്ങനെ പുറത്താക്കപ്പെട്ടവരാണ്.

22 വയസ്സുകഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിക്കാന്‍ ശ്രമമുണ്ടായപ്പോഴും കടുത്ത ലിംഗവിവേചന പ്രസ്താവനകള്‍ ഇവര്‍ നടത്തിയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കോളേജിലുണ്ടായ എല്ലാം പ്രശ്‌നങ്ങളുടെയും ഉത്തരവാദി ഇവരാണ്. ഇത്തരം ദുഷ്പ്രവണതകളെ ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ സ്വാശ്രയമേഖലയിലെ ചില സ്ഥാപനമേധാവികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥിവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ വിളയാട്ടങ്ങള്‍ സര്‍ക്കാര്‍ കോളേജിലേക്കുകൂടി വ്യാപിക്കും.

സ്വയംഭരണ കോളേജെന്നനിലയില്‍ മഹാരാജാസ് കോളേജില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. കെ രാമകൃഷ്ണനും ജനറല്‍ സെക്രട്ടറി ഡോ. കെകെ ദാമോദരനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here