ഗംഗയിലെ ഡോൾഫിനുകൾ; ജീവിതത്തിനും മരണത്തിനുമിടയിലെ ഗംഗയിലെ തോണിയാത്രകൾ

2017 ജനുവരി 14. മകരസംക്രാന്തി ഉത്സവത്തിനുശേഷം മടങ്ങിയ ആളുകൾ കയറിയ തോണി മറിഞ്ഞ വാർത്ത വരുന്നു. ബിഹാറിലെ പട്‌നയ്ക്കടുത്ത്. ആ യാത്രയിൽ ഗംഗയിൽ മുങ്ങിമരിച്ചത് ഇരുപതിൽ അധികം പേരായിരുന്നു. അറിയാതെ ചില പഴയകാല ചിത്രങ്ങൾ മനസ്സിലേക്ക് കയറി വരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ ഗംഗയിലെ തോണി യാത്രകളെ കുറിച്ച് എ‍ഴുതുകയാണ് ഇവിടെ.

ഒരുപാട് പഴയതല്ല. ലോകാരോഗ്യ സംഘടനയുടെ പോളിയോ നിർമാർജന പരിപാടിയിൽ ബിഹാറിലെ കട്ടിഹാറിൽ ജോലി ചെയ്യവേ പലതവണ ഗംഗ മുറിച്ചു കടന്നിട്ടുണ്ട്, വഞ്ചികളിൽ. പല വലുപ്പത്തിലെ തോണികൾ. പലപ്പോഴും വഞ്ചിക്കാരന്റെ കൈക്കരുത്തിൽ മാത്രം ചലിക്കുന്ന വള്ളങ്ങൾ. പക്ഷേ, എപ്പോഴും അതിൽ വളരെയധികം ആളുകൾ ഉണ്ടാകും. ആ വഞ്ചിയിൽ കയറാൻ കഴിയുന്നതിലും എത്രയോ അധികം.

ganga3

വഞ്ചകളില്‍ ഗംഗ മുറിച്ചുകടക്കുന്നവര്‍

ദിയാറകൾ (diaras), അഥവാ നദീ ദ്വീപുകളിലേക്കു (riverine islands) പോകുവാനും വരുവാനും ആളുകൾക്ക് ഈ തോണികൾ മാത്രമാണ് ആശ്രയം. പാലം അന്നുണ്ടായിരുന്നില്ല. ഇപ്പോഴും ഉണ്ടാവാൻ സാധ്യതയില്ല. ആളുകൾ മാത്രമല്ല, വലിയ കെട്ടുകളിലാക്കിയ പോച്ച, മുളകൾ, ആടുകൾ, കോഴികൾ അങ്ങനെ എല്ലാം അക്കരെ ഇക്കരെ കടക്കുന്നത് ഇത്തരം വഞ്ചികളിലാണ്. ഉത്തർപ്രദേശിൽ നിന്ന് ബിഹാറിൽ എത്തുന്ന ഗംഗ, പടിഞ്ഞാറ്-കിഴക്ക് ദിശയിൽ ഒഴുകുമ്പോൾ ബിഹാറിന്റെ പല ജില്ലകളും കടന്നാണ് പോകുക. കൂട്ടത്തിൽ ബിഹാറിനെ വടക്കു തെക്കു ഭാഗങ്ങളായി മുറിക്കുകയും ചെയ്യും.

ganga1

ഭഗൽപൂർ ജില്ലയ്ക്കു സമീപം വച്ച് തെക്കോട്ടു ഒഴുകിത്തുടങ്ങുന്ന ഗംഗ തൊട്ടടുത്തുള്ള കട്ടിഹാർ ജില്ലയുടെ മനിഹാരി ബ്ലോക്കിന് സമീപത്തു കൂടിയാണ് അതിന്റെ ബംഗാൾ ഉൾക്കടലിലേക്കുള്ള യാത്ര തുടരുന്നത്. കട്ടിഹാറിന്റെ തന്നെ കുർസേല ബ്ലോക്കിനു സമീപം വച്ച് കോശി നദി കൂടി ഗംഗയിൽ ലയിക്കും.

ഇന്ത്യയുടെ ദേശീയ ജലജീവിയായി 2009-ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഗംഗയിലെ ഡോൾഫിനുകൾ (gangetic dolphins) കുറച്ചധികം കാണപ്പെടുന്ന പ്രദേശമാണിവിടെ. ലോകാത്താകെ ഉള്ള അഞ്ചു തരം ശുദ്ധജല ഡോൾഫിനുകളിൽ ഒന്നാണിത്. വംശനാശ ഭീഷണി നേരിടുന്ന ഇവരുടെ മനോഹരമായ ഡൈവിംഗ്, വഞ്ചിയുടെ തൊട്ടടുത്ത് കാണുവാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്
ഇത്തരം യാത്രകളിൽ.

രണ്ടു കാര്യങ്ങൾക്കായിട്ടാണ് ഇത്തരം യാത്രകൾ. ഒന്ന്, പോളിയോ സംശയിക്കപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ സർവെയ്‌ലൻസിന്റെ ഭാഗമായുള്ള പരിശോധനകൾ. അതിൽ കുട്ടിയുടെ തളർച്ച സംബന്ധിച്ചുള്ള വിശദമായ ശരീര പരിശോധന മുതൽ പോളിയോ തുള്ളിമരുന്ന് കിട്ടിയതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത് വരെ ഉൾപ്പെടും. മറ്റൊന്ന് പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായുള്ള തുള്ളിമരുന്ന് വിതരണ പരിപാടിയുടെ നിരീക്ഷണാർത്ഥമുള്ള യാത്രകൾ.

ദിയാറകൾ മിക്കവയും ഉടമസ്ഥരില്ലാ പ്രദേശങ്ങളാണ്. ഗംഗയിലെ വെള്ളമിറങ്ങുന്ന കുറേ മാസങ്ങളിൽ മാത്രമേ അവിടെ ആളുകൾ സ്ഥിരതാമസം ഉണ്ടാകുകയുള്ളൂ. ആ നാളുകളിൽ അവിടെ കൃഷിയുണ്ടാകും. അതുകൊണ്ടു ആ മാസങ്ങളിൽ അവിടുത്തെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് കിട്ടുന്നതിൽ പലപ്പോഴും വീഴ്ച സംഭവിക്കുന്നതായി ശ്രദ്ധയിൽ പെട്ടപ്പോഴാണ്, പ്രത്യേകമായ ഒരു കാര്യപരിപാടി ഉണ്ടാക്കുന്നത്. സർക്കാർ രേഖകളിൽ ഇത് ഭഗൽപൂർ ജില്ലയുടെ ഭാഗമാണെങ്കിലും എത്തിപ്പെടാൻ ഉള്ള സൗകര്യം കണക്കിലെടുത്ത് കട്ടിഹാർ ടീമിനായിരുന്നു ചുമതല.

അങ്ങനെയും പലതവണ അവിടെ പോയിട്ടുണ്ട്. വഞ്ചികൾ തീരെ സുരക്ഷിതമല്ല എന്നറിഞ്ഞു കൊണ്ടുതന്നെയായിരുന്നു ആ യാത്രകൾ നടത്തിയിരുന്നത്. മറ്റു മാർഗങ്ങൾ ഇല്ല തന്നെ. ലോകാരോഗ്യ സംഘടന നിർദേശമനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഉണ്ടാകും. അതാണ് നീന്തലറിയാത്ത എന്റെ ആശ്വാസം. പിന്നെ സഹപ്രവർത്തകരിൽ അർപ്പിച്ച വിശ്വാസവും.

ഇന്നു തോണിമറിഞ്ഞ വാർത്ത കേട്ടപ്പോൾ, ആ പഴയ യാത്രകൾ പെട്ടെന്ന് ഓർത്തു പോയി. ജീവൻ പണയം വച്ചുള്ള, ഒരുപാട് പേരുടെ ശ്രമഫലമാണ് നാം പോളിയോ മുക്തമായത്. ഇന്നു കേരളത്തിൽ പോലും ഉയരുന്ന വാക്‌സിൻ വിരുദ്ധരുടെ ശബ്ദങ്ങൾ, ചിലപ്പോഴെങ്കിലും വേദനിപ്പിക്കുന്നതും, അതുകൊണ്ടു തന്നെയാണ്
ഇത്തരം അപകടങ്ങൾ ഇനിയും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുക മാത്രമേ ചെയ്യാൻ കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News