കളിയാട്ടക്കാവിൽ തിരിതെളിഞ്ഞു; കൗമാര കലോത്സവത്തിനു പ്രൗഢഗംഭീര തുടക്കം; മുഖ്യമന്ത്രി പിണറായി തിരികൊളുത്തി

കണ്ണൂർ: കണ്ണൂരിന്റെ കളിയാട്ടക്കാവുകൾ ഇനി കലയുടെ പെരുംകളിയാട്ടത്തിന്റെ അരങ്ങാകും. കൗമാര കലാമാമാങ്കത്തിനു കണ്ണൂരിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിനു തിരികൊളുത്തി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങി പ്രൗഢഗംഭാരമായ വേദിയിലായിരുന്നു കലയുടെ പെരുംകളിയാട്ടത്തിനു തിരിതെളിഞ്ഞത്. ഗായിക ചിത്രയും വേദിയിലുണ്ടായിരുന്നു.

കലയെയും സാഹിത്യത്തെയും ഹൃദയം കൊണ്ട് സ്വീകരിക്കുന്നവരാണ് കണ്ണൂരുകാരെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പിന്തുണ തർക്കങ്ങളേതുമില്ലാത്ത നല്ല മേള സംഘടിപ്പിക്കാൻ സഹായിക്കുമെന്നു കരുതുന്നു. പഠനപ്രക്രിയയ്ക്കു പുറത്തുള്ള പ്രവർത്തിയാണ് കലാമേളകൾ. സമഗ്രമായ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിനു അനുകൂലമായാണ് കരിക്കുലം ചിട്ടപ്പെടുത്തയിരിക്കുന്നത്. ഇതിൽ കലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ഇപ്പോൾ കലയ്ക്കും കലയുമായി ബന്ധപ്പെട്ടവർക്കും ഭീഷണിയുടെ കാലമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അവർ ഭീഷണി നേരിടുന്നു. ഇത് ജനാധിപത്യത്തിൻറെ കടയ്ക്കൽ കത്തിവെക്കലാണ്. ദബോൽക്കറും പൻസാരെയും കൽബുർഗിയും എംഎഫ് ഹുസൈനും കമൽ ഉൾപ്പെടെ പലരും ഭീഷണികളെ നേരിടുന്നു. എംടിയെ അടക്കം ആക്ഷേപിക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തി.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here