മുംബൈ: എടിഎം ഇടപാടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങൾക്ക് അടുത്ത പ്രഹരം നൽകാൻ ഒരുങ്ങി ബാങ്കുകൾ. സൗജന്യ എടിഎം ഇടപാടുകൾ മൂന്നെണ്ണമാക്കി കുറയ്ക്കാൻ ബാങ്കുകൾ കേന്ദ്രസർക്കാരിനു മുന്നിൽ നിർദേശം വച്ചു. നിലവിൽ അഞ്ചു തവണയാണ് സൗജന്യമായി എടിഎം ഉപയോഗിക്കാനാകുക. നോട്ട് അസാധുവാക്കലിനെ തുടർന്ന് മതിയായ നോട്ടില്ലാതെ ജനം നട്ടം തിരിയുമ്പോഴാണ് ബാങ്കുകളുടെ പുതിയ നിർദേശം.
ബജറ്റിനു മുൻപായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു നിർദേശം ബാങ്കുകൾ കേന്ദ്രസർക്കാരിനു മുന്നിൽ വച്ചത്. ജനത്തെ ഡിജിറ്റൽ ഇടപാടുകളിലേക്കു മാറ്റാൻ ഇതു സഹായിക്കുമെന്നാണ് ബാങ്കുകളുടെ നിലപാട്. മുൻ സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുത്തത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാൽ ജനങ്ങൾ ഡിജിറ്റലാകുന്നതിന് നിർബന്ധിതരാകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
നിലവിൽ സൗജന്യമായി അഞ്ചു തവണയാണ് ഇടപാട് നടത്താൻ അനുമതിയുള്ളത്. അഞ്ചിൽ കൂടുതലായാൽ ഓരോ ഇടപാടിനും 20-23 രൂപ സർവീസ് ചാർജായും ഈടാക്കുന്നുണ്ട്. 2014 നവംബർ മുതൽ മുംബൈ, ദില്ലി, ചെന്നൈ, കൊൽക്കത്ത, ബംഗളുരു, ഹൈദരാബാദ് തുടങ്ങിയ മെട്രോകളിൽ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നത് മൂന്നുതവണ മാത്രമായി കുറച്ചിരുന്നു. ഇത് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ബാങ്ക് അധികൃതരുടെ നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here