ഇതാണ് എന്റെ നായിക; ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി

കൊച്ചി: തന്റെ പുതിയ ചിത്രത്തിലെ ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടി തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്. മമ്മൂട്ടി നായകനായെത്തുന്ന പേരൻപ് എന്ന ചിത്രത്തിൽ നായികയാകുന്നത് ഭിന്നലിംഗക്കാരിയായ അഞ്ജലി അമീർ ആണ്. സീനു രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതാണ് തന്റെ നായിക എന്നു പറഞ്ഞാണ് മമ്മൂട്ടി അഞ്ജലിയെ പരിചയപ്പെടുത്തിയത്.

ഭിന്നലിംഗക്കാരായ ആളുകളുടെ പ്രശ്‌നങ്ങൾ ഇതിനു മുമ്പ് നിരവധി സിനിമകളിൽ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിഭാഗത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ഇഷ്ട താരത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അഞ്ജലിയും. ഇതു അഞ്ജലിയും തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

അഞ്ജലിയുടെ വാക്കുകൾ

‘ഒരു ഭിന്നലിംഗ ജീവിതത്തിന്റേതായ പ്രതിബന്ധങ്ങൾ ജീവിതത്തിൽ എല്ലായ്‌പ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. ഞാൻ ശസ്ത്രക്രിയക്ക് വിധേയയാവുന്ന കാലത്ത് എൽജിബിടിക്യു സമൂഹത്തിന് സ്വീകാര്യത കുറവായിരുന്നു ഇവിടെ. ഒരു ട്രാൻസ്‌ജെൻഡർ മോഡൽ എന്ന നിലയിൽ അവസരങ്ങൾക്കായി എനിക്ക് തമിഴ്‌നാട്ടിലേക്ക് കുടിയേറേണ്ടി വന്നു.

മോഡലിംഗിൽ പ്രവർത്തിച്ചിരുന്നപ്പോഴും സിനിമയാണ് എന്നെ ഭ്രമിപ്പിച്ചിരുന്നത്. അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. തുടർച്ചയായ അന്വേഷണങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ ചില തമിഴ്ചിത്രങ്ങളിൽ അവസരം ലഭിച്ചു. തമിഴിനൊപ്പം മലയാളത്തിലും പ്രദർശനത്തിനെത്തുന്ന ‘പേരൻപി’ൽ മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരം അതിന്റെ തുടർച്ചയായി വന്നതാണ്.

അഭിനയരംഗത്തേക്ക് പുതുതായി എത്തിയ ആൾ എന്ന നിലയിൽ ഒരു വലിയ അനുഭവമായിരുന്നു അത്. മമ്മൂക്കയെ ആദ്യം കാണുമ്പോൾ ഭയമായിരുന്നു. പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോഴേക്കും പേടിയെല്ലാം മാറി. അങ്ങേയറ്റത്തെ സഹകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

നിരൂപകശ്രദ്ധ നേടിയ സിനിമകളുടെ സംവിധായകനാണ് റാം. അദ്ദേഹം നൽകിയ പിന്തുണയും എടുത്തുപറയേണ്ടതാണ്. തിരക്കഥ കടലാസിലേക്ക് കുറിച്ചുവെക്കാത്ത സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഹൃദയത്തലാണ് ആ തിരക്കഥയുടെ സ്ഥാനം’.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here