കോട്ടയം: ബിജെപി കോർകമ്മിറ്റി യോഗത്തിൽ എ.എൻ രാധാകൃഷ്ണനു രൂക്ഷവിമർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ.രാജഗോപാൽ എംഎൽഎയുമാണ് രാധാകൃഷ്ണനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കമൽ പാകിസ്താനിലേക്കു പോകണം എന്ന പ്രസ്താവന ഒരു രാഷ്ട്രീയ നേതാവിനു ചേർന്നതല്ലെന്നു ഇരുവരും വിമർശിച്ചു. അതേസമയം ചെഗുവേരയെ അനുകൂലിച്ച സി.കെ പത്മനാഭനെ ഒ.രാജഗോപാൽ പിന്തുണയ്ക്കുകയും ചെയ്തു.
സി.കെ പത്മനാഭനെതിരെ ബിജെപി അച്ചടക്കനടപടിയെടുത്തേക്കും എന്നു സൂചനയുണ്ട്. പാർട്ടി നിലപാടിനു എതിരായി പ്രസ്താവനയിറക്കിയ സി.കെ പത്മനാഭനെതിരെ ബിജെപി നടപടി എടുത്തേക്കും എന്നു സൂചന. ബിജെപി സംസ്ഥാന കൗൺസിൽ യോഗത്തിൽ സികെപി തീർത്തും ഒറ്റപ്പെട്ടു. നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ആർഎസ്എസ്. കോർകമ്മിറ്റി യോഗത്തിൽ സികെപിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നു.
ചെഗുവേരയെ അനുകൂലിച്ച് സികെ പത്മനാഭൻ നടത്തിയ പ്രസ്താവനയാണ് വിമർശനത്തിനിടയാക്കിയത്. പ്രസ്താവന നടത്താൻ സികെപി കൈരളി ചാനൽ തന്നെ തെരഞ്ഞെടുത്തത് ബോധപൂർവമാണെന്നാണ് വിമർശനം ഉയർന്നത്. അതേസമയം, സി.കെ പത്മനാഭൻ കോർകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തി. വിവാദ വിഷയങ്ങൾ വിശദമായി പിന്നീട് സംസാരിക്കാമെന്ന് സി.കെ പത്മനാഭൻ പറഞ്ഞു. പാർട്ടിയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. അതേസമയം സികെപി എന്റെ നേതാവാണെന്നായിരുന്നു എ.എൻ രാധാകൃഷ്ണന്റെ പ്രതികരണം.
സെക്രട്ടറിമാരുടെ യോഗത്തിനിടെ, വാർത്താസമ്മേളനം വിളിച്ച ശോഭാ സുരേന്ദ്രൻ സികെപിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകിയില്ല. ഇതെല്ലാം, സികെപി പ്രശ്‌നത്തിൽ ബിജെപി നിലപാടെടുത്തിട്ടുണ്ടെന്നും ഇനി അതെക്കുറിച്ചു അധികാരപ്പെട്ടയാൾ പറയുമെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.