പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടി ഓഫീസും തെരഞ്ഞെടുപ്പ് ചിഹ്നവും നഷ്ടപ്പെട്ട് മുലായം; കോടതിയെ സമീപിക്കുമെന്ന് മുലായം; അഖിലേഷ് എസ്പി ദേശീയ അധ്യക്ഷന്‍

ദില്ലി : സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവിന് ലഭിക്കും. അഖിലേഷിന്റെ വിഭാഗത്തെ ഔദ്യോഗിക സമാജ് വാദി പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനാക്കാനും എസ്പി തീരുമാനിച്ചു.

അച്ഛനും മകനും തമ്മിലുളള കലഹത്തില്‍ ആദ്യ ജയമാണ് മകനായ അഖിലേഷ് യാദവ് നേടിയത്. ഇത് തെരഞ്ഞെടുപ്പ് പോരില്‍ നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ ഏറെ നിര്‍ണായകമാവും. മുലായം വിഭാഗത്തിന് മറ്റൊരു ചിഹ്നമാകും അനുവദിക്കുക. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ മുലായം സിംഗ് യാദവ് കോടതിയില്‍ ചോദ്യം ചെയ്‌തേക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ സമാജ് വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണ്ണമായി. പാര്‍ട്ടി അധ്യക്ഷനായ മുലായം സിംഗിന്റെ ബോര്‍ഡിന് താഴെ അഖിലേഷിന്റെ പേരും തൂക്കിയിരുന്നു. ഇനി മുലായത്തിന്റെ ബോര്‍ഡ് അഴിച്ചുമാറ്റേണ്ടിവരും. പാര്‍ട്ടിക്കും ചിഹ്നത്തിനും പിന്നാലെ ഓഫീസും കൂടി ഇതോടെ മുലായത്തിന് നഷ്ടപ്പെടും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുലായം കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരങ്ങള്‍.
പാര്‍ട്ടി അധ്യക്ഷന്‍ പദവിക്ക് അവകാശം ഉന്നയിച്ച് അച്ഛനും മകനും ശക്തമായി നിലയുറപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിചിഹ്നം ലഭിച്ചത് അഖിലേഷിനാണ് ഏറെ നേട്ടമാകുക. പാര്‍ട്ടി അധ്യക്ഷനെന്ന മുലായത്തിന്റെ പേരുള്ള ബോര്‍ഡിന് താഴെ ഇന്ന് അഖിലേഷ് യാദവിന്റെ പാര്‍ട്ടി അധ്യക്ഷന്‍ ബോര്‍ഡും തൂങ്ങിയിരുന്നു.

അഖിലേഷിനെതിരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുലായം പാര്‍ട്ടി പ്രവര്‍ത്തകരോട് അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് യുവമുഖ്യമന്ത്രിയും രാംഗോപാല്‍ യാദവും ചേര്‍ന്ന് പാര്‍ട്ടി നശിപ്പിക്കുകയാണെന്നാണ് മുലായത്തിന്റെ ആക്ഷേപം.

മുലായവും സഹോദരന്‍ ശിവ്പാല്‍ യാദവും അഖിലേഷിനെതിരായി ശക്തമായി രംഗത്തുണ്ട്. എന്നാല്‍ മൃഗീയ ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയാണ് അഖിലേഷിന്റെ ശക്തി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണത്തുടര്‍ച്ച നേടുകയാണ് അഖിലേഷിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News