സഹകരണ ബാങ്കുകളിൽ കള്ളപ്പണമില്ലെന്നു സമ്മതിച്ച് ആർബിഐ; കള്ളപ്പണ ഇടപാട് നടക്കുന്നതിനു തെളിവില്ല; റിസർവ് ബാങ്കിന്റെ വെളിപ്പെടുത്തൽ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ

ദില്ലി: സഹകരണ ബാങ്കുകൾ കള്ളപണ ഇടപാടുകൾ നടത്തുന്നില്ലെന്ന് റിസർവ് ബാങ്ക് സമ്മതിച്ചു. സഹകരണ ബാങ്കുകളിൽ വ്യാജ ഇടപാടുകൾ നടക്കുന്നതിന് ഒരു തെളിവും ഇല്ലെന്നും റിസർവ് ബാങ്ക് വിവരാവകാശ നിയമ പ്രകാരം വ്യക്തമാക്കി. നോട്ടു മാറ്റത്തിനു ശേഷം കള്ളപണ ഇടപാട് ചൂണ്ടിക്കാട്ടി രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കള്ളപണ ഇടപാടിന് ആധികാരികമായ തെളിവ് ഇല്ലെന്നാണ് ഇപ്പോൾ റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

ആർടിഐ ആക്ടിവിസ്റ്റായ അനിൽ ഗൽഗാലിയാണ് റിസർവ് ബാങ്കിനെ സമീപിച്ചിരുന്നത്. നവംബർ എട്ടിനും ഡിസംബർ പത്തിനും ഇടയ്ക്കുള്ള കാലയളവിൽ സഹകരണ ബാങ്കുകളിൽ നിന്നു കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇതുസംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നു റിസർവ് ബാങ്ക് തങ്ങളുടെ മറുപടിയിൽ വ്യക്തമാക്കി. സഹകരണ ബാങ്കുകളിൽ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന വാദത്തിനു അടിത്തറ പാകുന്ന യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്നാണ് ആർബിഐ വൃത്തങ്ങൾ മറുപടി നൽകിയത്.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനം വന്ന് ആറു ദിവസങ്ങൾക്കു ശേഷം നോട്ട് മാറ്റുന്നത് അടക്കമുള്ള സഹകരണ ബാങ്കുകൾക്ക് കേന്ദ്രസർക്കാർ തടയിട്ടിരുന്നു. സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരെ സഹകരണ ബാങ്കുകൾ സുപ്രീംകോടതിയെ സമീപിച്ചു. കോടതിയിൽ നിന്ന് സഹകരണ ബാങ്കുകൾക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. ഇതിനു പുറമേ നബാർഡ് നടത്തിയ പരിശോധയിലും സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഇല്ലെന്നു കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ റിസർവ് ബാങ്കും സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഇല്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സഹകരണ ബാങ്കുകൾക്ക് മൂക്കുകയറിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നെന്നു വ്യക്തമാകുകയാണ്. സഹകരണ ബാങ്കുകൾക്കെതിരെ ചന്ദ്രഹാസം മുഴക്കി കാടിളക്കിയിരുന്നത് എന്തിനു വേണ്ടിയായിരുന്നെന്നു കേന്ദ്രം ഇനിയെങ്കിലും വ്യക്തമാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here