ഇന്നു രോഹിത് വെമുല ശഹാദത്ത് ദിനം; വെമുല ആത്മാഹുതി ചെയ്തിട്ട് ഒരു വർഷം

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുല ജീവാഹുതി ചെയ്തിട്ട് ഒരു വർഷം പൂർത്തിയായി. വിവേചനമില്ലാതെ പഠനത്തിനും ജീവിക്കാനുമുള്ള അവകാശത്തിനായി പൊരുതുന്ന വിദ്യാർത്ഥികളിൽ രോഹിത്തിന്റെ ഓർമ്മകൾ അണയുന്നില്ല. മരണം ജീവിക്കാനുള്ള സമരമാക്കിയ വിദ്യാർത്ഥി പോരാളിയായിരുന്നു രോഹിത് വെമുല.

ഹൈദരാബാദ് സർവകലാശാലയിലെ ഒരു ഗവേഷണ വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല. പ്ലാന്റ് സയൻസിൽ സിഎസ്‌ഐആർ ഫെലോഷിപ്പും സയൻസ് ആൻഡ് ടെക്‌നോളജിയിൽ യുജിസി ജെആർഫും ലഭിച്ച സമർത്ഥനായ വിദ്യാർത്ഥി. സംവരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും അതിനു നിൽക്കാതെ മെറിറ്റ് ലിസ്റ്റിൽ അഡ്മിഷൻ നേടിയ ഒരു മിടുക്കൻ. അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ എന്ന സംഘടനയുടെ സജീവ പ്രവർത്തകനും സംഘാടകനും. എല്ലാത്തിനും അപ്പുറം ഒരു ദരിദ്ര കുടുംബത്തിന്റെ ഏക അത്താണി.

എബിവിപി പ്രവർത്തകരുമായി ക്യാംപസിനകത്തുണ്ടായ ഒരു തർക്കത്തെ തുടർന്നാണ് രോഹിത് വെമുലയും മറ്റു നാലു വിദ്യാർത്ഥികളും സസ്‌പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ പരാതി വ്യാജമാണെന്നും രോഹിത് കുറ്റക്കാരനല്ലെന്നും സർവകലാശാല തന്നെ പിന്നീട് തെളിച്ച് പറഞ്ഞു. ബിജെപി നേതാവും കേന്ദ്രതൊഴിൽ മന്ത്രിയുമായ ബന്ദാരു ദത്താത്രേയയുടെ പ്രത്യേക നിർദേശപ്രകാരം കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി തന്റെ ശരിയായ ശേഷി പുറത്തെടുത്തു.

രോഹിതിനും നാലു കൂട്ടുകാർക്കുമെതിരെ നടപടിയെടുക്കാൻ സർവകലാശാലാ അധികാരികളുടെ മേൽ സമ്മർദ്ദം ചെലുത്തിയത് സ്മൃതി ഇറാനിയായിരുന്നു. നാലുപേരും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾ. ചീഫ് വാർഡൻ ആയിരുന്നപ്പോൾ പതിമൂന്ന് ദളിത് വിദ്യാർത്ഥികളെ പുറത്താക്കി കഴിവ് തെളിയിച്ച അപ്പാറാവുവിനെ വിസിയാക്കിയായിരുന്നു ഈ കാടൻ നടപടി. ക്യാംപസിനകത്ത് വിദ്യാർത്ഥികൾ വലിയ സാമൂഹ്യ ബഹിഷ്‌കരണത്തിന് ഇരകളായി. ഒടുവിൽ സമ്മർദ്ദം താങ്ങാനാകാതെ ഹോസ്റ്റലിൽ തൻറെ പ്രസ്ഥാനത്തിന്റെ വിമോചന സ്വപ്നങ്ങളുടെ കൊടിയിൽ രോഹിത് ജീവനൊടുക്കി.

രാജ്യം കണ്ട ദളിത് പോരാട്ടത്തിന്റെ കഠിന രാഷ്ട്രീയ ചരിത്രത്തിലേക്ക് മറ്റൊരു ഉജ്ജ്വലമായ ജീവിതാധ്യായം കൂടി എഴുതിച്ചേർക്കപ്പെട്ടു. ഹൈദരാബാദ് സർവകലാശാലയിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന ഒമ്പതാമത്തെ ദളിത് വിദ്യാർത്ഥിയായിരുന്നു രോഹിത്. പക്ഷേ രാജ്യം ആളിക്കത്താൻ നിമിത്തമായത് രോഹിത്തിൻറെ ജീവാഹുതിയിൽ. രാജ്യത്ത് വിദ്യാലയങ്ങൾ എത്തപ്പെട്ടിരിക്കുന്ന ഞെട്ടിക്കുന്ന ധാർമിക അധ:പതനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറയില്ലാത്ത കാവിവത്കരണവും ദളിതന് വിദ്യാഭ്യാസം നൽകിയ ജനാധിപത്യ ആശയങ്ങളുടെ കരുത്ത് ചോർന്നുപോയതും രോഹിത് വെമുലയുടെ മരണം സാക്ഷ്യപ്പെടുത്തുന്നു.

‘എന്റെ ജനനമാണ് എന്റെ കുറ്റം’ എന്ന് ആത്മഹത്യ കുറിപ്പിൽ രോഹിത് എഴുതിയിട്ടുണ്ട്. എന്റെ മരണമാണ് എന്റെ സന്ദേശമെന്ന് നമുക്കിപ്പോൾ അത് മാറ്റിവായിക്കാനാവുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News