ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്; ഓദ്യോഗിക പ്രഖ്യാപനം ജയലളിതയുടെ ജന്മദിനത്തില്‍; അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ അംഗീകരിക്കാനാവില്ലെന്ന് ദീപ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്. ശശികലയെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ കഴിഞ്ഞദിവസം ദീപയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എംജിആര്‍- ജയലളിത അണ്ണാ ഡിഎംകെ എന്നാകും പാര്‍ട്ടിയുടെ പേരെന്നും തമിഴ്കം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയലളിതയുടെ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്ന് ദീപ പറഞ്ഞു. തന്നെ താഴ്ത്തിക്കെട്ടാന്‍ ചിലര്‍ നിരവധി കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. അതിന്റെ യഥാര്‍ത്ഥവശം ജനങ്ങള്‍ക്കറിയില്ല. രണ്ടു വഴിയാണ് തനിക്ക് മുന്നിലുള്ളത്, ഒന്നെങ്കില്‍ എഎഎഡിഎംകെ, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി. കൂടുതല്‍ തീരുമാനങ്ങള്‍ ജയലളിയതയുടെ ജന്മദിനമായ 24-ാം തീയതി പ്രഖ്യാപിക്കുമെന്നും ദീപ അറിയിച്ചു.

ദീപയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ബോര്‍ഡുകള്‍ ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന അതേ മാതൃകയിലാണ് ദീപയുടെ പോസ്റ്ററുകളും. വസ്ത്രധാരണവും തലമുടി ചീകിയിരിക്കുന്നതും കൈവീശിക്കാണിക്കുന്നതും ജയലളിതയുടേത് പോലെയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തന്റെ രാഷ്ട്രീയ പ്രവേശനം ആര്‍ക്കും ഒരിക്കലും തടയാനാവില്ലെന്ന് ജയലളിതയുടെ മരണത്തിന് ശേഷം ദീപ പറഞ്ഞിരുന്നു.

ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ് 42 വയസുകാരിയായ ദീപ. ലണ്ടനില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ ദീപ മാധ്യമപ്രവര്‍ത്തക കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News