അവസാനമില്ലാത്ത സമരാവേശം

രോഹിത് വെമുലയുടെ ദാരുണവധം നടന്നിട്ട് ഒരു വര്‍ഷമാകുന്നു. ഇന്ത്യയെ സങ്കടക്കടലിലാഴ്ത്തിയ ആ സംഭവത്തെ ആത്മഹത്യയെന്ന കണക്കില്‍പെടുത്തി അവഗണിക്കാന്‍ സാധ്യമല്ല. ‘ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടാര്‍ത്തനാദംപോലെ പായുന്ന”ജീവിതത്തെപ്പറ്റി കവി കുറിച്ചത് ചൂഷണവ്യവസ്ഥയില്‍ ദരിദ്രരുടെയും ദളിതരുടെയും അവസ്ഥയെപ്പറ്റിയാണ്. രോഹിതിന്റെ 558 വാക്കുകളടങ്ങിയ അന്ത്യലേഖനം ഇന്ത്യന്‍സമൂഹത്തില്‍ ജാതിശ്രേണിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന ‘പതിത ജന്മങ്ങളുടെ’ ആക്രോശവും സമരകാഹളവുമായി മാറി. അംബേദ്കറിനുശേഷം അടിച്ചമര്‍ത്തപ്പെട്ടവരുടെ ജ്വലിക്കുന്ന പ്രതീകമായി മാറാന്‍, പോരാട്ടജീവിതത്തിലൂടെയും സമരാഹ്വാനമായി മാറിയ അന്ത്യമൊഴിയിലൂടെയും രോഹിതിനു കഴിഞ്ഞു.

Rohith-Vemula-ma-baby--2

ജനുവരി ആറുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ‘രോഹിത് നിയമനിര്‍മാണം”നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജാതീയമായ അവഗണനയും ആക്രമണങ്ങളും അവസാനിപ്പിക്കാനും, അതിനു വിധേയരാകുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും ആക്രമണകാരികള്‍ക്ക് മാതൃകാപരമായ കടുത്ത ശിക്ഷ നല്‍കാനും ഉദ്ദേശിച്ചാണ് ഈ നിയമനിര്‍ദേശം. ഇതുസംബന്ധിച്ച് പുരോഗമന ജനാധിപത്യ വിദ്യാര്‍ഥി, യുവജനസംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യം ഏറ്റവും ന്യായമാണെന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങളാണ് നമുക്കു മുന്നിലുള്ളത്.

‘ഉള്‍പ്പെടുത്തലിനുമപ്പുറം: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ തുല്യപ്രാപ്യതയുടെ പ്രയോഗം”എന്ന ഗ്രന്ഥത്തില്‍ ഒരധ്യായംനിറയെ ജാതീയമായ അവഗണന എങ്ങനെ ആത്മഹത്യയിലേക്ക് അസംഖ്യം പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ തള്ളിയിടുന്നുവെന്നതിന്റെ അനുഭവവിവരണമാണ്. ആരോഗ്യവിദ്യാഭ്യാസ പഠനഗവേഷണരംഗത്തെ അതിപ്രശസ്ത സ്ഥാപനമാണ് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. ചണ്ഡീഗഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് മികച്ച നിലയില്‍ ബിരുദം നേടിയ ജസ്പ്രീത് സിങ്, ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എംഡി) പ്രവേശന പരീക്ഷ ആവര്‍ത്തിച്ചെഴുതിയിട്ടും വിജയിച്ചില്ല. കമ്യൂണിറ്റി മെഡിസിന്‍ പേപ്പറിനാണ് തോല്‍വി. മേല്‍ജാതിക്കാരനായ അധ്യാപകന്‍ ജസ്പ്രീതിന്റെ മുഖത്തുനോക്കി പറഞ്ഞു, നീ എത്രതവണ എഴുതിയാലും നിന്നെ ഞാന്‍ തോല്‍പ്പിക്കും. മനസ്സ് തകര്‍ന്ന ജസ്പ്രീത് ആത്മഹത്യചെയ്തു! വേറെ പരീക്ഷകര്‍ക്ക് ജസ്പ്രീതിന്റെ ഉത്തരക്കടലാസ് അയച്ചുകൊടുത്തു. ഈ പരിശോധനയില്‍ ജസ്പ്രീതിന് ജയിക്കാനുള്ള മാര്‍ക്ക് കിട്ടി. എന്തൊരു കൊടിയ, നിന്ദ്യമായ ഭീകരപ്രവര്‍ത്തനമാണ് ജാതിസ്പര്‍ധമൂലം നടക്കുന്നത്?

Rohith-Vemula-ma-baby-1

2008ലാണ് ചണ്ഡീഗഡിലെ ഈ സംഭവം. ഇതിനുമുമ്പ് 200607ല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജാതിവിവേചനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. തോറട്ടിന്റെ റിപ്പോര്‍ട്ടും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. ഉന്നതകുലജാതരായ’വിദ്യാര്‍ഥികള്‍ മറ്റുള്ള വിദ്യാര്‍ഥികളെ അപ്രഖ്യാപിത വേര്‍തിരിക്കലിലൂടെ ചില പ്രത്യേക ഹോസ്റ്റലുകളിലായി ഒതുക്കുന്ന നീചമായ തൊട്ടുകൂടായ്മ തുടരുന്നു എന്നതാണത്. ഐഐടികള്‍ അടക്കം ഒട്ടേറെ സ്ഥാപനങ്ങളില്‍, ഭരണഘടനയും ഇന്ത്യന്‍ നിയമങ്ങളും നിരോധിക്കുകയും കുറ്റകരമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുള്ള ക്രിമിനല്‍ക്കുറ്റം തടസ്സമില്ലാതെ നടന്നുവരുന്നു. അത്തരം കുറ്റംചെയ്യുന്നവര്‍ അധികാരപദവികളില്‍ അല്ലലില്ലാതെ തുടരുകയും ചെയ്യുന്നു.

വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളില്‍ നടപ്പാക്കിയ സംവരണം തുടരണമെന്നും, സംവരണാനുകൂല്യമുള്ള വിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ഫലപ്രദമായി ലഭിക്കുന്നതിനാവശ്യമായ ശാസ്ത്രീയ ഇടപെടലുകള്‍കൂടി ഉറപ്പാക്കണമെന്നുമാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഒപ്പം നിയമലംഘകരെയും മ്‌ളേച്ഛമായ ജാതിവിവേചനം കാട്ടുന്നവരെയും കഠിനശിക്ഷയ്ക്ക് വിധേയമാക്കാനുള്ള നിയമങ്ങളും, അത് ഇച്ഛാശക്തിയോടെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള സ്ഥാപനസംവിധാനങ്ങളും ആവശ്യമുണ്ട്.

ഇത്തരമൊരവസ്ഥയില്‍ സംവരണംതന്നെ എടുത്തുകളയണമെന്ന് വാദിക്കുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടത്? മറ്റാരുമല്ല, ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ താക്കോല്‍ സ്ഥാനങ്ങളെല്ലാം കൈയടക്കിയിട്ടുള്ള ആര്‍എസ്എസിന്റെ തലവന്‍ മോഹന്‍ ഭാഗവതാണ് അത് തുറന്നുപറഞ്ഞത്. ലോക്‌സഭാ’സ്പീക്കര്‍ സുമിത്ര മഹാജനും വ്യത്യസ്തമായ ഭാഷയില്‍ ഇതേകാര്യം പറഞ്ഞു. സവര്‍ണാധിപത്യത്തിന്റെ നിയന്ത്രണത്തിലുള്ള ‘ഹിന്ദുരാഷ്ട്ര’സ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ‘തൊട്ടുകൂടാത്ത’വരെ അടിച്ചമര്‍ത്തുന്നതിലും അവഗണിക്കുന്നതിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തുറന്നുപറയുന്നതിന് നമുക്കവരോട് നന്ദി പറയാം.

ഗുണമേന്മയുടെ പേരിലാണ് സംഘപരിവാറുകാരും മറ്റ് പലരും ഇത്തരം വാദം ഉന്നയിക്കുന്നത്. എന്നാല്‍, എന്താണ് വസ്തുത? സ്വജീവിതം സവര്‍ണാധിപത്യത്തിന്റെ കരിമ്പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞുടച്ച രോഹിത് വെമുല, സിഎസ്‌ഐആറിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് നേടിയ പ്രതിഭാശാലിയായിരുന്നു. കാള്‍സാഗനെപ്പോലെ ശാസ്ത്രരചന നടത്താന്‍ കൊതിച്ച ആ ധിഷണയുടെ തിളക്കം 558 വാക്കുകളടങ്ങിയ അന്ത്യമൊഴിയുടെ രചനാശക്തിയിലും ആശയസൂക്ഷ്മതയിലും തെളിഞ്ഞുകാണാമായിരുന്നു. വെമുലയ്‌ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നാല് വിദ്യാര്‍ഥികളും മിടുമിടുക്കന്മാരായിരുന്നു. ഒരാള്‍ യുജിസി സ്‌കോളര്‍. പ്രതിമാസം 8000 രൂപ സ്‌കോളര്‍ഷിപ് ലഭിക്കുന്നവരായിരുന്നു മറ്റ് രണ്ട് വിദ്യാര്‍ഥികളും.

Rohith-Vemula

എത്ര ദയനീയവും ദരിദ്രവുമായ പശ്ചാത്തലത്തില്‍നിന്നാണ് ആ ദളിത് വിദ്യാര്‍ഥികള്‍ വന്നത് എന്നുകൂടി ഓര്‍ക്കുമ്പോഴാണ് അവരുടെ അക്കാദമിക് മികവിന്റെ മൂല്യം വ്യക്തമാവുക. തൊഴില്‍രഹിതരോ കര്‍ഷകത്തൊഴിലാളികളോ അടിമവേലക്കാരോ ആണ് ആ അഞ്ചുപേരുടെയും മാതാപിതാക്കള്‍.

സംവരണംകൊണ്ടുമാത്രം ഈ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല എന്നതും നാം മനസ്സിലാക്കണം. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ശാസ്ത്രീയവും അര്‍ഥവത്തുമായ വിദ്യാഭ്യാസ ഇടപെടല്‍ സാധ്യമാണ്. കേരളത്തില്‍ 200611ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ചില ഇടപെടലുകള്‍ ഇതിനു മാതൃകയാണ്. പട്ടികവര്‍ഗവിഭാഗത്തില്‍നിന്ന് മെഡിക്കല്‍ കോളേജുകളില്‍ സംവരണംചെയ്യപ്പെട്ട സീറ്റുകള്‍ അധികവും യോഗ്യരായ വിദ്യാര്‍ഥികള്‍ ക്വാളിഫൈ ചെയ്യാത്തതിനാല്‍’സംവരണാനുകൂല്യമുള്ള ഇതരവിഭാഗങ്ങള്‍ക്കായി കൈമാറ്റംചെയ്യപ്പെടുകയാണെന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. വിദ്യാഭ്യാസ, പട്ടികജാതിവര്‍ഗ, ആരോഗ്യവകുപ്പുകള്‍ ചേര്‍ന്ന് ഇതിനൊരു പരിഹാരം കണ്ടുപിടിച്ചു. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രവേശനപരീക്ഷയില്‍ യോഗ്യത ലഭിക്കുംവിധമുള്ള പ്രത്യേക പരിശീലനപരിപാടികള്‍ ആവിഷ്‌കരിച്ചു. അതിന് നല്ല ഫലമുണ്ടാവുകയുംചെയ്തു.

RohithVemula-hcu-1

വിദ്യാഭ്യാസത്തിന്റെ എല്ലാതലങ്ങളിലും ഇത്തരത്തിലുള്ള പഠനസഹായ പരിപോഷണ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ രോഹിത് വെമുലയെപ്പോലുള്ള ഒട്ടേറെ പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ കഴിയും. എന്നാല്‍, പഠനസ്ഥലത്തും ജോലിസ്ഥലത്തും അടിച്ചമര്‍ത്തലില്‍നിന്നും വിവേചനത്തില്‍നിന്നും അവരെ കാത്തുസൂക്ഷിക്കാനുള്ള നിയമവും അതിന്റെ സൂക്ഷ്മമായ പ്രയോഗവുംകൂടി ഉറപ്പാക്കാനാകണം. സംസ്‌കാരസമ്പന്നവും നീതിബോധവുമുള്ള ഒരു സമത്വാധിഷ്ഠിത സമൂഹമായി നാം മാറിയാലേ ഇതൊക്കെ സാക്ഷാല്‍ക്കരിക്കാനാകൂ.

ഏതാനും നിമിഷങ്ങള്‍മാത്രം ആകാശത്ത് ഒളിചിതറുന്ന മിന്നല്‍പ്പിണര്‍പോലെയായിരുന്നു രോഹിത് വെമുലയുടെ ജീവിതം. പക്ഷേ, അത് മരണത്തില്‍ അവസാനിക്കുന്നില്ല. രക്തസാക്ഷിത്വത്തിലൂടെ അവസാനമില്ലാത്ത സമരാവേശമായി നമ്മില്‍ നിറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News