എംടി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അടൂര്‍; തീരുമാനമെടുത്തിട്ട് ‘ഇനി ആരും മിണ്ടരുത്’ എന്ന് പറയാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല; ബിജെപി ഖേദം പ്രകടിപ്പിക്കണം

തിരുവനന്തപുരം: ദേശീയപതാകയും ദേശസ്‌നേഹവും ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തലസ്ഥാനത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെയുള്ള സംഘപരിവാര്‍ ഭീഷണിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘമാണ് മാനവ ജാഗ്രതയെന്ന ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയുടെ സംഘടിപ്പിച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് വായിച്ചായിരുന്നു പരിപാടിയുടെ തുടക്കം.

കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്നും അടൂര്‍ പറഞ്ഞു. കമല്‍ വര്‍ഗീയവാദി എന്ന് പറയുന്നത് വലിയ പാതകവും കേരളത്തിന് അപമാനവും അപവാദവുമാണ്. മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എം.ടി ഈ സത്യം പറഞ്ഞതില്‍ എന്താണ് കുറ്റം. പ്രധാന വ്യക്തികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നകാര്യം മനസിലാക്കണം. തീരുമാനമെടുത്തിട്ട് ‘ഇനി ആരും മിണ്ടരുത്’ എന്ന് പറയാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അടൂര്‍ പറഞ്ഞു. എംടിക്കും കമലിനുമെതിരായ പ്രസ്താവനകള്‍ പിന്‍വലിച്ച് ബിജെപി നേതാക്കള്‍ ഖേദം പ്രകടിപ്പിക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.

ദില്ലിയിലെ അധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് എഴുത്തുകാരന്‍ സക്കറിയ ചോദിച്ചു. രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അധ്യക്ഷത വഹിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. എംടിക്കും കമലിനും നേരെയുള്ള ഭീഷണികള്‍ സാംസ്‌കാരിക ജീവിതത്തിനും സ്വതന്ത്ര ബോധത്തിനും നേരെ ഉയര്‍ന്ന ത്രിശൂലങ്ങളാണെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കമലിനെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് പറയുന്നവരെ മനുഷ്യസംസ്‌കാരമുള്ള ഒരു രാജ്യത്തേക്കും അയക്കാന്‍ കഴിയാത്തവരാണെന്ന് ടി.വി ചന്ദ്രന്‍ പറഞ്ഞു.

കുരീപ്പുഴ ശ്രീകുമാര്‍, ഡോ.ബി.ഇഖ്ബാല്‍, ജി.ശങ്കര്‍, ഡോ.ബിജു, നീലന്‍, ഡോ.നീനാ പ്രസാദ്, ജി.എസ് പ്രദീപ്, നേമം പുഷ്പരാജ്, വി.എന്‍ മുരളി, വസന്തകുമാര്‍ സാംബശിവന്‍, ബീന പോള്‍, ഭാഗ്യലക്ഷ്മി, സുജ സൂസന്‍ ജോര്‍ജ് തുടങ്ങി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here