‘ഊമയായ അയ്യപ്പഭക്തന് ശബരിമലയില്‍ എത്തിയപ്പോള്‍ സംസാര ശേഷി’; വ്യാജപ്രചരണം നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ

കൊച്ചി: സംസാരശേഷിയില്ലാത്ത യുവാവിന് ശബരിമലയില്‍ സംസാരശേഷി തിരിച്ചുകിട്ടിയെന്ന വ്യാജ പ്രചാരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അന്ധവിശ്വാസ പ്രചാരണം. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ്യമെന്തെന്ന് യുക്തിവാദി സംഘം മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെകെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.


കെകെ രാധാകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ:

*ശബരിമല ദിവ്യാത്ഭുതം*::: ഊമയായ അയ്യപ്പഭക്തന് സംസാര ശേഷി………
‘കഴിഞ്ഞ 36 വര്‍ഷമായി സ്ഥിരമായി ശബരിമലയില്‍ ദര്‍ശനം നടത്തിവരുന്ന ജനിച്ച നാള്‍ മുതലേ സംസാരശേഷി ഇല്ലായിരുന്നു. അദ്ദേഹം മൂകനും ബധിരനും ആയിരുന്നു. ഇന്നലെ ഒരു ദിവ്യാല്‍ ഭുതം സംഭവിച്ചു. ശബരിമലയില്‍ കര്‍പ്പൂരാഴി സമയത്ത് ശബരിമലയില്‍ വെച്ച് അത്യുച്ചത്തില്‍ ‘ സ്വാമിയേ’ എന്ന് ശരണം വിളിച്ചു.

മലപ്പുറം ജില്ലയില്‍ പരപനങ്ങാടി താലൂക്കില്‍, എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ മമ്പറം എന്ന സ്ഥലത്തുള്ള സന്തോഷ് എന്ന അയ്യപ്പ ഭക്തനാണ് ഇത്’. വാട്‌സ് ആപ്പും ഫേസ് ബൊക്കും മെസ്സഞ്ചറും അടക്കം സോഷ്യല്‍ മീഡിയയില്‍ ആ വാര്‍ത്ത വൈറല്‍ ആയി.ശരണം വിളിക്കുന്നതടക്കം സാക്ഷ്യപ്പെടുത്തി വീഡിയോ തല്‍സമയ സം പ്രേഷണം നടത്തി.കേരളാ യുക്തിവാദി സംഘത്തിന്റെ തീരുമാനപ്രകാരം ഞങ്ങള്‍ മമ്പുറത്തെ സന്തോഷിന്റ വീടു സന്ദര്‍ശിച്ചു. പലരും വരുന്നു, പോകുന്നു. ഒരു കൊച്ചു വീട്ടില്‍ അദ്ദേഹം ഭാര്യയും 2 കുട്ടികളുമായി കഴിയുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.

അദ്ദേഹത്തിന്റെ സഹോദരന്‍ രൂകേഷ് പറഞ്ഞത് മൂന്നു വയസ്സുള്ളപ്പോഴാണ് സന്തോഷിന് സംസാര ശേഷി നഷ്ടമായതെന്നാണ്. കഴുത്തിന്റെ ഒരു ഞരമ്പിന് ക്ഷതം ഏറ്റതു കൊണ്ടാണ് സംസാരശേഷി നഷ്ടപ്പെട്ടത്. അതിന് വളരെക്കാലമായി ചികില്‍സയിലാണ്. കോയമ്പത്തൂര്‍ ആശുപത്രിയിലെ ചികില്‍സയില്‍ ആയിരുന്നു. സംസാര ശേഷി പൂര്‍ണമായി തിരിച്ച് കിട്ടാന്‍ ഒരു ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.ചികില്‍സ തുടരുന്നുണ്ട്. തികഞ്ഞ ഒരു അയ്യപ്പ ഭക്തനാണ് സന്തോഷ്. അദ്ദേഹത്തിന് ഏതാണ്ട് മനസ്സിലാകുന്ന വിധത്തില്‍ സംസാരിക്കാന്‍ കഴിയുന്ന ഒരു വാക്കാണ് സ്വാമിയേ എന്ന വിളി.

36 കൊല്ലമായി നിരന്തരം നടത്തുന്ന ഒരു ശബ്ദ വ്യായമം ആണത്. ഇക്കഴിഞ്ഞ ഒരുമാസക്കാലം പ്രത്യേകിച്ചും അത് നടന്നു. ശബരിമലയില്‍ കൂടുതല്‍ ആവേശ ഭരിതമായ ഒരു ശ്രമം വേറെയും. സന്തോഷിന്റെ കുടുംബ സുഹൃത്തായ പദ്മകുമാര്‍ എന്നോട് പറഞ്ഞത് ഇത്ര പരോപകാരിയായ ഒരാളെ കാണാന്‍ കിട്ടില്ലാ എന്നാണ്.അദ്ദേഹം പറയുന്ന ചില വാക്കുകള്‍ കൃത്യമായുഛ മനസ്സിലാക്കാന്‍ കഴിയും എന്നാണ്.വിദഗ്ധമായ ചികില്‍സ കിട്ടിയാല്‍ കുറേ ക്കൂടി ഭേദമാക്കാന്‍ കഴിയും എന്ന വിശ്വാസമാണ് പദ്മ കുമാറിനുള്ളത്.

വാര്‍ഡ് മെംബര്‍ സമീല്‍ കൊളക്കാട്ടില്‍ പറയുന്നത് നല്ല പൊതു ബോധമുള്ള ഒരു ഇടതു പക്ഷ അനുഭാവിയാണ് സന്തോഷ് എന്നാണ്.കെട്ടിട നിര്‍മാണ പ്രവൃത്തിയില്‍ ഡെഡിക്കേറ്റഡ് ആണെന്നാണ്. കൂടെ ജോലി ചെയ്യുന്ന ഷെരീഫിനെ ഒക്കെ പേര് പറഞ്ഞ് വിളിക്കാറുണ്ട്. ശബരിമലയില്‍ വെച്ച് ഒരാള്‍ പത്ര സമ്മേളനത്തിലെന്ന പോലെ വിഷയത്തെ പര്‍വതീകരിച്ച് പറഞ്ഞത് അദ്ദേഹത്തിന് സംസാര ശേഷി തിരിച്ച് കിട്ടി എന്നണ്. നേരത്തെ ഉണ്ടായിരുന്നത് തന്നെയാണ് ഇപ്പോഴും ഉള്ളത് എന്ന വസ്തുത അദ്ദേഹം മറച്ച് വെക്കുന്നു.
‘അത്ഭുതം’ നടന്ന ഉടനെ അവര്‍ മേല്‍ ശാന്തിയോട് സംഭവം പറഞ്ഞുവത്രെ. മേല്‍ ശാന്തി ഉടനെ അദ്ദേഹത്തിന് പരിചയം ഉള്ള ഒരു വിദഗ്ധ ഡോക്റ്ററുടെ ഫോണ്‍ നമ്പര്‍ കൊടുത്ത് വേഗം ചികില്‍സ നടത്താന്‍ പറഞ്ഞുവത്രെ.

സംസാര ശേഷി പൂര്‍ണമായും തിരിച്ച് കിട്ടിയെന്നും ഫോണില്‍ ഭാര്യയോട് വളരെയധികംനേരംസംസാരിച്ചുവെന്നും ഒക്കെയാണ് ചില പോസ്റ്റിംഗുകള്‍. ശുദ്ധകളവായ അവകാശവാദങ്ങളാണിത്. കാര്യമായ ഒരു പുരോഗതിയും സന്തോഷിന്റെ രോഗത്തില്‍ ഉണ്ടായിട്ടില്ല. വിദഗ്ദ ചികില്‍സ ലഭിച്ചാല്‍ വലിയ പുരോഗതിയുണ്ടാകും, അത്ര തന്നെ. ഇതാണ് വസ്തുത. നാട്ടുകാര്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel