വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത് ദുഖകരം; എങ്കിലും സമ്മതം, പക്ഷെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ജിഷ്ണുവിന്റെ ബന്ധുക്കള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കും വൈസ് പ്രിന്‍സിപ്പലിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബന്ധുക്കള്‍. ജിഷ്ണുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതില്‍ വിഷമമുണ്ട്. എന്നാല്‍ തെളിവ് ശേഖരിക്കുന്നതിനുവേണ്ടി വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം നടത്തിയവര്‍ക്കും പൊലീസിനുമുണ്ടായ ഗുരുതരമായ വീഴ്ചയില്‍ തങ്ങളെ ബലിയാടാക്കരുത്. പോസ്റ്റുമോര്‍ട്ടം വീണ്ടും നടത്തുന്നതില്‍ എതിരല്ലെന്നും, പക്ഷെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

നിരവധി കാര്യങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവഗണിച്ചത്. ജിഷ്ണുവിന്റെ കണ്ണിനും മൂക്കിനുമിടയിലുള്ള മുറിവുകള്‍ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിരുന്നില്ല. കൈയിലെയും കാലിലെയും പേശികളിലുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. കാലിന്റെ അടിവശത്ത് ക്ഷതവുമേറ്റിരുന്നു. ഇതും റിപ്പോര്‍ട്ടില്‍ അവഗണിച്ചിരുന്നു.

ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും ജിഷ്ണുവിന്റെ മാതാവ് ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ മുഖത്തെ പാടുകള്‍ മൃതദേഹം അഴിച്ചുമാറ്റുമ്പോഴുണ്ടായതാണെന്ന പിജി വിദ്യാര്‍ഥിയുടെ സാക്ഷ്യപ്പെടുത്തലും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബന്ധുക്കള്‍ പറയുന്നു.

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ ജിഷ്ണു പ്രതികരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കോളേജ് ഉടമ കൃഷ്ണദാസ്, പിആര്‍എ സാംജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലു, അധ്യാപകന്‍ സിപി പ്രവീണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ജിഷ്ണുവിനെ കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News