തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്തമാകുന്നു; മറീന ബീച്ചില്‍ പ്രതിഷേധവുമായി 3000 പേര്‍; കോയമ്പത്തൂരിലും മധുരയിലും പ്രതിഷേധം തുടരുന്നു; പിന്തുണയുമായി സിനിമാ താരങ്ങളും

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തമിഴ്‌നാട്ടില്‍ ശക്തമാകുന്നു. ചെന്നൈ മറീന ബീച്ചിലെ വിവേകാനന്ദ ഹൗസിന് സമീപം കാമരാജ് ശാലൈയില്‍ സെക്രട്ടറിയേറ്റിലേക്കുള്ള വഴി പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. വിദ്യാര്‍ഥികളടക്കം 3000 പേരാണ് പ്രക്ഷോഭപരിപാടികളില്‍ പങ്കെടുക്കുന്നത്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത എല്ലാവരെയും വിട്ടയയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചെന്നൈയ്ക്ക് പുറമെ, കോയമ്പത്തൂരിലും മധുരയിലും ശക്തമായ പ്രക്ഷോഭമാണ് തുടരുന്നത്.

നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം തഞ്ചാവൂര്‍, അളങ്കാനല്ലൂര്‍, പാലമേട്, തിരുവാരൂര്‍, നാഗപട്ടണം, സേലം എന്നീ ജില്ലകളിലും പ്രക്ഷോഭം നടന്നു. അളങ്കാനല്ലൂരില്‍ ചൊവാഴ്ച 220 ഓളം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

പ്രമുഖ സിനിമാ താരങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. നടനും ചലച്ചിത്ര സംവിധായകനുമായ ടി.രാജേന്ദ്രന്‍, സംഗീത സംവിധായകരായ ആദി, ജി.വി.പ്രകാശ്, നടന്‍ വിജയ്, കമല്‍ഹാസന്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here