കോട്ടയം: കാഞ്ഞിരപ്പള്ളി അതിരൂപതയുടെ കീഴിലുള്ള അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പേരിൽ. kanjirappallypolice.in എന്ന വെബ്‌സൈറ്റിൽ കേറിയാൽ ലഭിക്കുന്നതു പക്ഷേ അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ വിശദാംശങ്ങളും. രണ്ടും പ്രവർത്തിക്കുന്നതാകട്ടെ ഒരേ ഡൊമെയ്‌നും സെർവറും ഉപയോഗിച്ച്. സൈറ്റ് ഇൻഫേമസ് കേരള എന്ന ഹാക്കർ സംഘം ഹാക്ക് ചെയ്തു. കോളജിനു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇൻഫേമസ് കേരളയുടെ മുന്നറിയിപ്പിനെ തങ്ങളുടെ പേജിൽ ഷെയർ ചെയ്ത് കേരള സൈബർ വാരിയേഴ്‌സ് ആണ് ഇക്കാര്യം പുറത്തെത്തിച്ചത്. സൈറ്റിലെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാമ്പാടി നെഹ്‌റു കേളജിലേതിനു സമാനമായ സാഹചര്യമാണ് അമൽജ്യോതിയിലും ഉള്ളതെന്നു ഈ മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. kanjirappallypolice.in എന്ന ഔദ്യോഗിക പൊലീസ് വെബ്‌സൈറ്റ്, അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ സെർവറിൽ നിയമവിരുദ്ധമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇൻഫേമസ് കേരള വ്യക്തമാക്കുന്നു.

Amaljyothy1

കാഞ്ഞിരപ്പള്ളി പൊലീസിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് മുഴുവൻ കോളജിന്റെ വിശദാംശങ്ങളാണ്. കോളജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുഴുവൻ വിശദാംശങ്ങളും ലഭ്യമാണ്. എല്ലാം ആർക്കും വേഗത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണെന്നു ഇൻഫേമസ് കേരള മുന്നറിയിപ്പു നൽകുന്നു. kanjirappallypolice.in എന്ന പൊലീസ് വെബ്‌സൈറ്റ്, അമൽ ജ്യോതി എൻജിനീയറിംഗ് കോളജിന്റെ സെർവറിൽ നിയമവിരുദ്ധമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇൻഫേമസ് കേരള വ്യക്തമാക്കി.

പൊലീസിന്റെ വെബ്‌സൈറ്റ് സർക്കാരിന്റെ സെർവറിലാണ് കൈകാര്യം ചെയ്യപ്പെടേണ്ടത്. ആരാണ് പൊലീസിന്റെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യാൻ കോളജിനു അനുവാദം നൽകിയതെന്ന് ഇൻഫേമസ് കേരളയുടെ മുന്നറിയിപ്പിൽ ചോദിക്കുന്നു. അതല്ല സർക്കാർ വെബ്‌സൈറ്റാണെങ്കിൽ അതിൽ കോളജിന്റെ വിശദാംശങ്ങൾ വരുന്നത്് എങ്ങനെ എന്നും ചോദിക്കുന്നു. വെബ്‌സൈറ്റ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ തന്നെയാണോ എന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Amaljyothy

കോളജിന്റെയും ജീവനക്കാരുടെയും ആധാർ കാർഡ് വിവരങ്ങളും തങ്ങളുടെ പക്കൽ ഉണ്ടെന്നും കോളേജിന്റെ ഫണ്ട് ഇടപാടുകളുടെ കോപ്പിയും തങ്ങളുടെ ലിസ്റ്റിലുണ്ടെന്നും ഇൻഫേമസ് കേരളയുടെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കോളജിലെ വിദ്യാർത്ഥികളുടെ എല്ലാ വിവരങ്ങൾക്കും സുരക്ഷ നൽകാതെയാണ് കോളജ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ വിവരങ്ങൾക്ക് മേൽ സ്വകാര്യതാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഇൻഫേമസ് കേരള കോളജിന് നിർദ്ദേശം നൽകുന്നു.

നേരത്തെ പാമ്പാടി നെഹ്‌റു കോളജിന്റെ വെബ്‌സൈറ്റ് കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. കോളജിന്റെ മുഴുവൻ വിശദാംശങ്ങളും ഹാക്കർമാർ പുറത്തുവിടുകയും ചെയ്തിരുന്നു. ഇൻഫേമസ് കേരളയാണ് നെഹ്‌റു ഗ്രൂപ്പ് കോളജുകളുടെയും അതിലെ ജീവനക്കാരുടെയും വിവരങ്ങൾ പുറത്തു വിട്ടിരുന്നത്.