സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ തീരുമാനം; സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2012 ജനുവരിയിൽ നിർത്തലാക്കിയ റീസർവേ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യക്തമായ ആക്ഷൻപ്ലാനോടെ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും റീസർവേ നടപടികൾ പൂർത്തിയാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിനു നബാർഡിൽ നിന്നും 500 കോടി രൂപയുടെ റീഫൈനാൻസ് സഹായം കൈപ്പറ്റുന്നതിനു സർക്കാർ ഗ്യാരണ്ടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ധനകാര്യവകുപ്പു നിർദ്ദേശിച്ച വ്യവസ്ഥകൾക്കു വിധേയമായിട്ടാകും സർക്കാർ ഗ്യാരണ്ടി.

1969-ലാണ് റീസർവേ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, ഇത്രയും വർഷങ്ങൾക്കിപ്പുറവും റീസർനേ പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. 2011-ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ 2012-ൽ റീസർവേ നിർത്തലാക്കുകയും ചെയ്തു. 1735 വില്ലേജുകളിൽ 931 വില്ലേജുകളിൽ മാത്രമാണ് റീസർവേ പൂർത്തിയായിട്ടുള്ളത്. ജീവനക്കാരില്ല എന്നുള്ളതാണ് റീസർവേയ്ക്കുള്ള പ്രധാന തടസ്സം.

ആകെയുള്ള 1582 പേരിൽ 312 പേർ വിവിധ കളക്ട്രേറ്റുകളിലും മറ്റുമായി സേവനമനുഷ്ഠിക്കുകയാണ്. ബാക്കിയുള്ള 1200 പേരിൽ റീസർവേ നടത്തുന്ന 100 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ആറുമാസം കൊണ്ട് ഒരു വില്ലേജിലെ റീസർവേ പൂർത്തിയാക്കാൻ മാത്രം 25 പേരെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്.

ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് ആദ്യഘട്ട റീസർവേ തുടങ്ങുക. കാസർഗോഡ് ജില്ലയിലാണ് സർക്കാർ ഭൂമി കയ്യേറ്റം കണ്ടെത്തിയിട്ടുള്ളത്. പട്ടയപ്രശ്‌നം ഏറ്റവും കൂടുതൽ നിലനിൽക്കുന്നത് ഇടുക്കിയിലും. ഇതാണ് ഈ രണ്ടു ജില്ലകളും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താൻ കാരണം. രണ്ടു ജില്ലകൾ വീതം ഉൾപ്പെടുത്തി ഏഴു ഘട്ടങ്ങളിലായി മൂന്നര വർഷംകൊണ്ടു റീസർവേ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

ആറുമാസത്തിനകം ആദ്യഘട്ടം പൂർത്തിയാക്കും. ഇതുസംബന്ധിച്ചു സർവേ വകുപ്പു സ്വീകരിച്ച നടപടികൾ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. ഇടുക്കിയിലും ഫെബ്രുവരി ആദ്യവാരം തന്നെ റീസർവേ ആരംഭിക്കാനാണ് തീരുമാനം. ആധുനിക സാങ്കേതികവിദ്യയായ ഇലക്ട്രോണിക്‌സ് ടോട്ടൽ സ്റ്റേഷൻ പ്രയോജനപ്പെടുത്തിയാകും റീസർവേ നടത്തുക. തുടർന്നു ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കും . കാസർകോട് ജില്ലയിൽ ഇതുവരെ എട്ടു ശതമാനം മാത്രമാണു റീസർവേ പൂർത്തിയായത്. റീസർവേയുടെ ഭാഗമായി പട്ടയ പ്രശ്‌നംകൂടി പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News