മോദിയുടെ നോട്ട് അസാധുവാക്കൽ ഇന്ത്യയെ ഹിരോഷിമയാക്കിയെന്നു ശിവസേന; ഹിരോഷിമയിലെ അണുബോംബ് വർഷത്തിനു സമാനമെന്നും സാമ്‌നയിൽ വിമർശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് വർഷിച്ചതിനു സമാനമാണെന്നു ശിവസേനയുടെ വിമർശനം. അണുബോംബ് വീണ ഹിരോഷിമയിലെയും നാഗസാക്കിയിലെയും അവസ്ഥയാണ് ഇപ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്കെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തി. കാഴ്ചയും കേൾവിയും ഇല്ലാത്തവരെ മന്ത്രിസഭയിലെടുത്തതു പോലെയാണ് മോദി റിസർവ് ബാങ്ക് ഗവർണറെ തെരഞ്ഞെടുത്തതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

അണുബോംബ് വർഷിച്ചാൽ എല്ലാവരും മരിക്കും. ഇന്ത്യൻ വിപണിയെ നരേന്ദ്ര മോദി അതുപോലെയാക്കിയെന്നാണ് വിമർശനം. സാമ്‌നയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കുന്നത്. യാതൊരുവിധ കൂടിക്കാഴ്ചകളോ കൂടിയാലോചനകളോ ഇല്ലാതെയായിരുന്നു മോദി നോ്ട്ട് അസാധുവാക്കൽ തീരുമാനം പ്രഖ്യാപിച്ചത്. നടപടിക്കു മുമ്പ് മോദി ആരുമായും ചർച്ച നടത്താൻ തയ്യാറായില്ല. റിസർവ് ബാങ്കിനോട് പോലും ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

തുടക്കം മുതൽ നോട്ട് അസാധുവാക്കലിനെ വിമർശിക്കുന്നുണ്ട് ശിവസേന. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ശിവസേന ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും ഇക്കാര്യത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ് ശിവസേന. ഇവർക്കു പുറമേ മുൻ ബിജെപി കേന്ദ്രമന്ത്രിയും വിമർശനവുമായി രംഗത്തെത്തി. അരുൺ ഷൂരിയാണ് വിമർശിച്ചത്. കഴിഞ്ഞ 70 വർഷത്തിനിടയിലെ വലിയ മണ്ടൻ തീരുമാനമാണ് നോട്ട് മാറ്റമെന്നാണ് അരുൺ ഷൂരി വിമർശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News