അഴീക്കോട്ടെ സദാചാര പൊലീസിംഗില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ്

തൃശൂര്‍ : തൃശൂര്‍ അഴീക്കോട്ട് മധ്യവയസ്‌കനായ മത്സ്യത്തൊഴിലാളിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. സിയാദ്, മിഖില്‍, ബാബു, സായിന്‍, ഷിക്കു എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ പൊലീസ് ആണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും കൊടുങ്ങല്ലൂര്‍ അറിയിച്ചു. അര്‍ദ്ധരാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് സദാചാര പൊലീസ് ചമഞ്ഞ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. നഗ്നനാക്കിയ ശേഷം വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട സദാചാര വിചാരണയും നടത്തി.

പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച രാത്രിയാണ് വടക്കെ ഇന്ത്യന്‍ മോഡല്‍ ശിക്ഷാരീതി നടപ്പിലാക്കിയത്. മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാം (47) ആണ് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായത്.

മണിക്കൂറുകളോളം നീണ്ട വിചാരണ ക്കൊടുവില്‍ പൊലീസെത്തിയാണ് സലാമിനെ മോചിപ്പിച്ചത്. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ സലാം കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റകൃത്യം സംബന്ധിച്ച് സലാം കൊടുങ്ങല്ലൂര്‍ പൊലീസില്‍ നടല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here