നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയതിന് നന്ദി; വര്‍ഗീയ കലാപത്തിന്റെ സാധ്യതയില്‍ നിന്ന് കേരളത്തെ രക്ഷിച്ചു; മോദിയെയും ബിജെപിയെയും പരിഹസിച്ച് സക്കറിയ

തിരുവനന്തപുരം : കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയ നടപടിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് സക്കറിയ. നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയതിന് നന്ദി. വര്‍ഗീയ കലാപത്തിന്റെ സാധ്യതയില്‍ നിന്ന് കേരളത്തെ സംസ്ഥാന ബിജെപി നേതൃത്വവും നരേന്ദ്ര മോദിയും രക്ഷിച്ചുവെന്നും സക്കറിയ പരിഹസിക്കുന്നു.

‘ബിജെപി നേതാക്കളെ വധിച്ചു കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതി ഇട്ടതിനാല്‍’ ആണ് ഈ നടപടിയെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്.ബിജെപി നേതാക്കളെ വധിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകും എന്ന ഈ മുന്‍കൂട്ടി കാഴ്ചക്കും കരുതലിനും മലയാളികള്‍ എങ്ങിനെ ആണ് നരേന്ദ്ര മോദിക്കും കേരളത്തിലെ ബിജെപി നേതൃത്വത്തിനും നന്ദി പറയുകയെന്ന് സക്കറിയ ചോദിക്കുന്നു.

ഭാഗ്യവശാല്‍ ഈ നാല് നേതാക്കള്‍ മാത്രം. ബാക്കിയുള്ളവര്‍ക്ക് വര്‍ഗീയകലാപം ഉണ്ടാക്കുന്ന ഇനം മരണം വരിക്കാനുള്ള യോഗ്യത ഇല്ല എന്ന് കരുതണം. ഉണ്ടായിരുന്നു എങ്കില്‍ കണ്ണൂരിലും തലശ്ശേരിയിലും ഇതിനകം എത്ര വര്‍ഗീയ കലാപം ഉണ്ടാകേണ്ടിയത് ആയിരുന്നു. സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എ ആയ ഒ രാജഗോപാലിന് പോലും വൈ കാറ്റഗറി സുരക്ഷയ്ക്ക് യോഗ്യതയില്ലെന്നും സക്കറിയ പരിഹസിക്കുന്നു.

ഫേസ്ബുക് പോസ്റ്റിലൂടെ ചില സംശയങ്ങളും സക്കറിയ ഉന്നയിക്കുന്നു. ഗാന്ധിജിയെ ബ്രാഹ്മണന്‍ ആയ ഗോഡ്‌സെ വധിച്ചത് പോലെ ബിജെപി നേതാക്കളെ ഹിന്ദുക്കള്‍ തന്നെ വധിച്ചാലും വര്‍ഗീയ കലാപം ഉണ്ടാകുമോ? ഹിന്ദുക്കള്‍ക്കും തെറ്റ് പറ്റാമല്ലോ. നാല് സിപിഎം നേതാക്കള്‍ വധിക്കപ്പെട്ടാലും വര്‍ഗീയ കലാപം ഉണ്ടാകുമോ ആവോ? അതോ വെറും ഹര്‍ത്താലും കല്ലേറും മാത്രമോ? – സക്കറിയ ചോദിക്കുന്നു.

നാല് കോണ്‍ഗ്രസ് നേതാക്കള്‍ വധിക്കപ്പെട്ടാലോ? വെറും കണ്ണീരൊലിപ്പിക്കലും അനുശോചനവും മാത്രമേ ഉണ്ടാകുകയുള്ളോയെന്നും നരേന്ദ്ര മോദിയോടും കേരളത്തിലെ ബിജെപിയോടും സക്കറിയ സംശയം ഉന്നയിക്കുന്നു. മലയാളികളുടെ ഭാഗ്യത്തിന് ബിജെപിക്ക് അവര്‍ മൂലം ഉണ്ടായേക്കാവുന്ന ഒരു വര്‍ഗീയ കലാപം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. ഇത്രമാത്രം ശ്രദ്ധയോടെയും ദേശസ്‌നേഹത്തോടെയും മലയാളികളെ ഒരു വര്‍ഗീയ കലാപത്തിന്റെ സാധ്യതയില്‍ നിന്ന് രക്ഷിച്ചതിനു ബിജെപിക്കും നരേന്ദ്ര മോദിക്കും നന്ദി എന്ന് പറഞ്ഞാണ് സക്കറിയ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News