ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസഹായം തേടി തമിഴ്‌നാട് സർക്കാർ; മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രിയെ കാണും

ദില്ലി: ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസർക്കാരിന്റെ സഹായം തേടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ജെല്ലിക്കെട്ടിനു അനുമതി തേടി മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. തമിഴ്‌നാട്ടിൽ പ്രക്ഷോഭം ശക്തമായതിനിടയിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ കാണുന്നത്. ജെല്ലിക്കെട്ടിനു അനുമതി നൽകണമെന്നും ഇതിനായി സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നും പനീർസെൽവം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. സുപ്രീംകോടതി ജെല്ലിക്കെട്ടിനു നിരോധനം ഏർപ്പെടുത്തിയതിനു ശേഷം ഇത്യാദ്യമായാണ് അനുമതി ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ കാണുന്നത്.

ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭമാണ് ചെന്നൈയിൽ അരങ്ങേറുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ചെന്നൈയിലെ 30 കോളജുകൾക്ക് ഇന്ന് അവധി നൽകിയിരിക്കുകയാണ്. പ്രക്ഷോഭക്കാർക്കു നേരെ ഇന്നലെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ആറുപേർക്ക് പരുക്കേറ്റിരുന്നു. ചെന്നൈ മറീന ബീച്ചിൽ ആയിരക്കണക്കിനു ആളുകളാണ് ഇന്നലെ പ്രക്ഷോഭത്തിനായി ഒത്തുചേർന്നത്.

വിദ്യാർഥികളും യുവാക്കളും അടക്കം ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭത്തിന് ഇറങ്ങിയത്. തലസ്ഥാന നഗരമായ ചെന്നൈയിൽ ഉൾപ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ജെല്ലിക്കെട്ട് നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രക്ഷോഭം ശക്തിപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രി ഒ.പനീർസെൽവം നേരിട്ട് ഇടപെടാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് സമരക്കാരുടെ നിലപാട്.

ജെല്ലിക്കെട്ട് നിരോധനത്തിന് കാരണക്കാരായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് എന്ന സംഘടനയെ നിരോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. മൂന്ന് വർഷം മുമ്പാണ് ജെല്ലിക്കെട്ടിന് സുപ്രീം കോടതി നിരോധനമേർപ്പെടുത്തിയത്. എന്നാൽ ഇത്രയും സംഘടിതമായ പ്രക്ഷോഭം തുടങ്ങിയത് ഇതാദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here