ഇടുക്കിയിൽ വായ്പാ കുടിശ്ശിക വരുത്തിയ പഞ്ചനക്ഷത്ര ഹോട്ടൽ ജപ്തി ചെയ്തു; നടപടി തേക്കടിയിലെ എലഫന്റ് കോർട്ട് ഹോട്ടലിനെതിരെ

കുമളി: ഇടുക്കിയിൽ വായ്പാ കുടിശ്ശിക വരുത്തിയ പഞ്ചനക്ഷത്ര ഹോട്ടൽ ജപ്തി ചെയ്തു. തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ എലഫന്റ് കോർട്ട് ഹോട്ടലാണ് ഫെഡറൽ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബാങ്ക് വായ്പ ഇനത്തിൽ 36 കോടി രൂപയാണ് ഹോട്ടൽ കുടിശ്ശിക വരുത്തിയത്.

ഇന്നലെയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ബാങ്കിന്റെ റിക്കവറി വിഭാഗം ജനറൽ മാനേജർ ഹരികൃഷ്ണ പിഷാരടി, അസിസ്റ്റന്റ് ജനറൽ മാനേജർ ടി.എ മുഹമ്മദ് സഗീറിന്റെയും നേതൃത്വത്തിലായിരുന്നു ജപ്തി നടപടികൾ. വായ്പാ കുടിശ്ശിക അടച്ചുതീർക്കാതെ പണം ഉണ്ടായിട്ടും മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി ഹോട്ടൽ ഇടപാടുകൾ നടത്തിവരുകയായിരുന്നെന്നു ബാങ്ക് അധികൃതർ പറഞ്ഞു. കുടിശ്ശിക തീർക്കാൻ ഹോട്ടലിനു സാവകാശം നൽകും. ഈ കാലയളവിൽ അടച്ചുതീർത്തില്ലെങ്കിൽ ഹോട്ടൽ ലേലത്തിൽ വിൽക്കും.

രണ്ടേക്കർ സ്ഥലത്തായി 62 മുറികളുള്ള തേക്കടിയിലെ ഏറ്റവും വലിയ ഹോട്ടലാണ് എലഫന്റ് കോർട്ട്. കുടിശ്ശിക തുക അടച്ചുതീർക്കാൻ മാർച്ച് 31വരെയാണ് ഹോട്ടലിനു സമയം നൽകിയിട്ടുള്ളത്. ഇതിനുശേഷം കുടിശ്ശിക അടച്ചുതീർത്തില്ലെങ്കിൽ ഹോട്ടൽ ലേലത്തിൽ വിൽക്കാനാണ് ബാങ്ക് തീരുമാനം. ഫെഡറൽ ബാങ്കിന്റെ എറണാകുളം വൈറ്റില ശാഖയിൽ നിന്ന് 2005-ലാണ് ഹോട്ടൽ ഉടമകളായ വിജയ ഗ്രൂപ് വായ്പയെടുത്തത്.

വിജയ ഗ്രൂപ്പിന്റെ തന്നെ കീഴിലുള്ള പെപ്പർവൈൻ ഹോട്ടലിന്റെ വായ്പ കുടിശ്ശികയിൽ 2.5 കോടി ജനുവരി 31ന് മുമ്പ് അടച്ചുതീർത്തില്ലെങ്കിൽ അതും ജപ്തി ചെയ്യാനാണ് ബാങ്ക് തീരുമാനം. ലാഭത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നുള്ള വരുമാനം വകമാറ്റി ചെലവഴിച്ചശേഷം ബാങ്കിനെ കബളിപ്പിക്കാനാണ് വിജയ ഗ്രൂപ്പ് ശ്രമിച്ചതെന്ന് ഹരികൃഷ്ണ പിഷാരടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News