പൊന്നാനിയിൽ ഫീസടയ്ക്കാത്തതിനു 3-4 ക്ലാസുകളിലെ കുട്ടികളെ ലാബ് റൂമിൽ പൂട്ടിയിട്ടു; കെഎംഎം ഇംഗ്ലീഷ് സ്‌കൂളിന്റെ ക്രൂരനടപടി 150 രൂപ അടയ്ക്കാത്തതിന്

പൊന്നാനി: പൊന്നാനിയിൽ സ്‌കൂൾ ഫീസടയ്ക്കാത്തതിനു കുട്ടികളെ സ്‌കൂൾ അധികൃതർ ലാബ് റൂമിൽ പൂട്ടിയിട്ടു. 3-4 ക്ലാസുകളിലെ കുട്ടികളെയാണ് ക്ലാസിൽ നിന്നു പുറത്താക്കിയ ശേഷം രാവിലെ മുതൽ വൈകുന്നേരം വരെ ലാബ് റൂമിൽ പൂട്ടിയിട്ടത്. വൈകുന്നേരം മാതാപിതാക്കൾ എത്തിയ ശേഷമാണ് കുട്ടികളെ തുറന്നുവിട്ടത്. 37 കുട്ടികളെയാണ് പൂട്ടിയിട്ടത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.

പുത്തൻപള്ളി കെഎംഎം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലാണ് അധികൃതരുടെ ക്രൂരശിക്ഷ. ചൊവ്വാഴ്ച പകൽ 11 മുതൽ മൂന്ന് വരെ ഓഫീസ് റൂമിനടുത്ത മുറിയിൽ പൂട്ടിയിട്ടെന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. 150 രൂപ മാത്രം അടയ്ക്കാനുള്ള കുട്ടിയെയടക്കം ക്ലാസിൽ നിന്നു പുറത്താക്കിയെന്നു ആരോപണമുണ്ട്. വൈകിട്ടോടെ സംഭവമറിഞ്ഞ് രക്ഷിതാക്കളെത്തിയപ്പോൾ കുട്ടികളെ തുറന്നുവിട്ടു. കരഞ്ഞുകൊണ്ടാണ് കുട്ടികൾ പൂട്ടിയിട്ട മുറിയിൽനിന്ന് ഓടിവന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ രക്ഷിതാക്കളെത്തി സ്‌കൂൾ അധികൃതരെ ചോദ്യംചെയ്തു. പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി. പ്രിൻസിപ്പൽ ഫഹദിന്റെ നിർദേശപ്രകാരമാണ് അധ്യാപകർ ഇതിന് തയ്യാറായതെന്നാണ് ആരോപണം. പുതിയ സാമ്പത്തിക പ്രതിസന്ധിമൂലമാണ് രണ്ടാം ടേമിലെ ഫീസ് അടയ്ക്കാൻ താമസിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. അടുത്ത ആഴ്ച മുഴുവൻ ഫീസും അടയ്ക്കാം എന്ന് പറഞ്ഞിരുന്നു. വഖഫ് ബോർഡ് നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ അധികൃതരും രക്ഷിതാക്കളും വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്.

അതേസമയം, ഫീസടയ്ക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും അടയ്ക്കാത്ത രക്ഷിതാക്കളെ സ്‌കൂളിലെത്തിക്കാൻ കുറച്ച് വിദ്യാർഥികളെ മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here