ജെല്ലിക്കെട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; ഇടപെടുന്നത് കോടതിയലക്ഷ്യമെന്ന് പനീര്‍ശെല്‍വത്തോട് മോദി

ദില്ലി: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടപെടാന്‍ വിസമ്മതം അറിയിച്ച കോടതി ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ വന്‍ ജനകീയപ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു കൂട്ടം അഭിഭാഷകരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം, വിഷയത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തോട് പറഞ്ഞു.ജെല്ലിക്കെട്ടിന്റെ സാംസ്‌കാരിക പാരമ്പര്യം അംഗീകരിക്കുന്നുവെന്നും മോദി പറഞ്ഞു. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ആവശ്യം. വിഷയം പഠിക്കാന്‍ തമിഴ്‌നാട്ടിലേക്ക് കേന്ദ്രസംഘത്തെ അയക്കാനും തീരുമാനമായി.

മൃഗസ്‌നേഹി സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമൂന്നു ദിവസങ്ങളായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്.

പ്രശസ്ത സിനിമാ താരങ്ങളുടെ പിന്തുണയും തമിഴ് ജനതയ്‌ക്കൊപ്പമുണ്ട്. വ്യാഴാഴ്ച മറീനാ ബീച്ചില്‍ നടന്ന പ്രക്ഷോഭത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ കോളേജുകള്‍ അടഞ്ഞുകിടക്കുകയാണ്. തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭം ശക്തമായിട്ടുണ്ട്. പോണ്ടിച്ചേരിയിലും വിദ്യാര്‍ഥികള്‍ കോളേജുകള്‍ ബഹിഷ്‌കരിച്ചു. നിരോധനമേര്‍പ്പെടുത്തിയിട്ട് മൂന്നുവര്‍ഷമായെങ്കിലും ഇതാദ്യമായാണ് പ്രക്ഷോഭം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News