മലപ്പുറത്ത് ആർഎസ്എസ് ആക്രമണത്തിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു; മരിച്ചത് ചികിത്സയിലായിരുന്ന പി.പി മുരളീധരൻ

മലപ്പുറം: മലപ്പുറത്ത് ആർഎസ്എസ് ആക്രമണത്തിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. സിപിഐഎം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗം പുതുക്കോട് പാറോളിൽ പി.പി മുരളീധരൻ ആണ് മരിച്ചത്. ആർഎസ്എസുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു മുരളീധരൻ. ഇന്നു ഉച്ചയോടെയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വൈകുന്നേരം 6 മണിക്ക് പുതുക്കോട്ട് മൃതദേഹം പൊതുദർശനത്തിനു വെച്ച ശേഷം വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം നാളെ വാഴയൂർ, ചെറുകാവ് പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 2015 നവംബർ 29നാണ് മുരളീധരൻ ആർഎസ്എസ് ആക്രമണത്തിനിരയായത്. ആയുധങ്ങളുമായി പാർട്ടി ഓഫീസ് തകർക്കാൻ ലക്ഷ്യമിട്ടെത്തിയവർ മുരളീധരനെയും ആക്രമിക്കുകയായിരുന്നു. ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയേറ്റ് തലക്ക് ഗുരുതരമായ പരുക്കേറ്റ മുരളീധരൻ അബോധാവസ്ഥയിലായിരുന്നു. വെല്ലൂർ മെഡിക്കൽ കോളജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ദീർഘകാലം ചികിത്സയിലായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ലോറി ഡ്രൈവറായിരുന്ന മുരളീധരൻ ചെറുകാവ് ലോക്കൽ കമ്മറ്റി അംഗമായി പ്രവർത്തിക്കുന്നതിനിടയിലാണ് ആർഎസ്എസ് ആക്രമണത്തിനിരയായത്. ചികിത്സാ സഹായത്തിനായി പാർട്ടി പ്രവർത്തകർ സമാഹരിച്ച 10 ലക്ഷം രൂപ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുളീധരന്റെ ജ്യേഷ്ഠന് കൈമാറിയത് കഴിഞ്ഞ ദിവസമായിരുന്നു. മുരളീധരന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here