സ്കൂള്‍ കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ഗുണ്ടകളുടെ ശ്രമം; തലശേരിയില്‍ കുടുംബത്തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ബിജെപിക്കാരന്‍റെ മൃതദേഹം കലോത്സവവേദിയിലൂടെ കൊണ്ടുപോയി; പൊലീസ് കനത്ത ജാഗ്രതയില്‍

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ഗുണ്ടകളുടെ ആസൂത്രിത ശ്രമം. തലശേരി അണ്ടല്ലൂരില്‍ കുടുംബത്തര്‍ക്കത്തില്‍ വെട്ടേറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍കോളജില്‍നിന്ന് അനാവശ്യമായി കണ്ണൂരിലെ കലോത്സവ വേദിയിലൂടെ ആര്‍എസ്എസുകാര്‍ കൊണ്ടുപോയി. ആസൂത്രിതമായി അക്രമമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ആര്‍എസ്എസിന്‍റെ ഭാഗത്തുനിന്ന് ഇന്നു കണ്ണൂരില്‍ കണ്ടത്. രാവിലെ ഹര്‍ത്താലിന്‍റെ മറവില്‍ വ്യാപകമായി അക്രമം ആര്‍എസ്എസ് അ‍ഴിച്ചുവിടുകയും ചെയ്തിരുന്നു.

പ്രവര്‍ത്തകന്‍റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനും നേതാക്കള്‍ സഞ്ചരിക്കുന്ന രണ്ടു വാഹനങ്ങള്‍ക്കും മാത്രം അനുമതി പൊലീസ് ഇടപെടുകയായിരുന്നു. വിലാപയാത്ര കടന്നുപോകുമ്പോള്‍ അക്രമം അ‍ഴിച്ചുവിടാനായിരുന്നു ആര്‍എസ്എസിന്‍റെ ശ്രമം എന്നു മനസിലാക്കിയ കളക്ടര്‍ മീര്‍ മുഹമ്മദ് സമയോചിതമായി ഇടപെടുകയായിരുന്നു. അക്രമമുണ്ടാക്കില്ലെന്ന ബിജെപി നേതാക്കളുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ വിലാപയാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

ഉച്ചക‍ഴിഞ്ഞപ്പോള്‍തന്നെ ആര്‍എസ്എസുകാര്‍ കണ്ണൂര്‍ നഗരത്തില്‍ തമ്പടിച്ചിച്ചിരുന്നു. കണ്ണൂര്‍ പ‍ഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യപ്രശ്നങ്ങളുണ്ടാക്കന്‍ ശ്രമിക്കുകയായിരുന്നു. കലോത്സവ വേദിക്കു സമീപത്തുകൂടി വിലാപയാത്ര കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസുകാര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. രാവിലെ കണ്ണൂര്‍ നഗരത്തില്‍ പൊലീസിനും മാധ്യമപ്രവർത്തകർക്കും നേരെ ബിജെപി അക്രമം അഴിച്ചുവിട്ടിരുന്നു. ഹർത്താലിന്റെ മറവിൽ ബിജെപി പ്രവർത്തകർ നഗരത്തിൽ അഴിഞ്ഞാടുകയായിരുന്നു. കലോത്സവത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബിജെപി അറിയിച്ചിരുന്നെങ്കിലും കലോത്സവത്തിനെത്തിയ വാഹനങ്ങളെ പോലും വെറുതെ വിട്ടില്ല. കലോത്സവത്തിനെത്തിയ വാഹനങ്ങളും ബിജെപിക്കാർ തടഞ്ഞു.

കലോത്സവം അലങ്കോലപ്പെടുത്താൻ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ശ്രമം നടത്തി. കലോത്സവത്തിന്റെ പ്രധാനവേദിക്ക് സമീപം വ്യാപകമായ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആർഎസ്എസ് സംഘം പൊലീസിനുനേരെ ബോംബെറിഞ്ഞു. ബിജെപി ഹർത്താലിനെ തുടർന്ന് നടത്തിയ പ്രകടനത്തിനിടെയാണ് ബോംബുമായെത്തിയ സംഘം അഴിഞ്ഞാടിയത്.

പഴയ ബസ്ന്റാന്റിന് സമീപം എൻജിഒ യൂണിയൻ ബിൽഡിംഗിനുനേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേശാഭിമാനി ബ്യൂറോ ഓഫീസിന്റെ ചില്ല് തകർത്തു. കലോത്സവത്തിന്റെ ബോർഡും ബാനറുകളും സിപിഐഎം പ്രചരണ ബോർഡുകളും സിഐടിയു കെടിമരവും തല്ലിത്തകർത്തു.

ഹർത്താലിൽ നിന്നു ജനങ്ങൾക്ക് ആശ്വാസം നൽകാൻ അവശ്യ സർവീസ് നടത്തുകയായിരുന്ന വാഹനങ്ങൾ ബിജെപി പ്രവർത്തകർ തടഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പ്രവർത്തകർ തടഞ്ഞത്. പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഹർത്താൽ അനുകൂലികൾ പൊലീസിനെ കയ്യേറ്റം ചെയ്തു. ഈസമയം സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കു നേരെയും കയ്യേറ്റമുണ്ടായി. ബിജെപിക്കാർ റോഡിൽ കുത്തിയിരുന്നു റോഡ് ഉപരോധിച്ചു.

തളിപ്പറമ്പിൽ ബിജെപി പ്രകടനത്തിനിടെ സിഐടിയു ഓഫീസിനു നേർക്ക് കല്ലേറുണ്ടായി. പ്രധാന റോഡിലെ സിഐടിയു ഏരിയാ കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫിസിന്റെ രണ്ട് ഗ്ലാസുകൾ തകർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here