കട്ടക്കിൽ കട്ടക്ക് കട്ടയായി യുവിയും ധോണിയും; ടീം ഇന്ത്യക്ക് 15 റൺസ് ജയം; പരമ്പര

കട്ടക്ക്: കട്ടക്കിൽ യുവരാജ് സിംഗും ധോണിയും കട്ടക്ക് കട്ടയായി നിന്നപ്പോൾ കോഹ്‌ലിപ്പടയ്ക്കു തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ ഇന്ത്യൻ ബോളർമാർ അവസാന ഓവറിൽ വരിഞ്ഞു മുറുക്കിയപ്പോൾ ഇന്ത്യയുടെ ജയം 15 റൺസിനായിരുന്നു. യുവരാജ് സിംഗിൻറെയും ധോണിയുടെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ ഉയർത്തിയ 382 റൺസ് ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 366 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇയാൻ മോർഗന്റെ സെഞ്ച്വറി പാഴാകുകയും ചെയ്തു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0നു മുന്നിലെത്തി.

കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിൽതന്നെ അലക്‌സ് ഹെയൽസി(14) നെ നഷ്ടമായി. തുടർന്നെത്തിയ ജോ റൂട്ടും (54) ജേസൺ റോയി (82) യും ചേർന്ന് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 100 കടത്തി. ഇരുവരും പുറത്തായശേഷം ഒത്തുകൂടിയ ഇയോയിൻ മോർഗനും മോയിൻ അലി (55) യും ഇന്ത്യൻ ബൗളിംഗിനെ തച്ചുതകർത്തു. എന്നാൽ മോയിൻ അലിയെ പുറത്താക്കി ഭുവശ്വേർ കുമാർ ഇന്ത്യയെ മത്സരത്തിലേക്കു തിരികെ എത്തിച്ചു.

48ാം ഒവറിൽ ജയിക്കാൻ 28 റൺസ് ബാക്കിനിൽക്കെ സെഞ്ചുറി കുറിച്ച മോർഗനെ ജസ്പ്രീത് ബുംറ റൺഔട്ടാക്കിയതോടെ ഇംഗ്ലണ്ടിൻറെ തോൽവി പൂർത്തിയായി. 80 പന്തിൽനിന്ന് ആറു ബൗണ്ടറികളും അഞ്ചു സിക്‌സറും അടക്കമായിരുന്നു മോർഗൻറെ 102. ഇന്ത്യക്കായി അശ്വിൻ മൂന്നും ബുംറ രണ്ടും വിക്കറ്റുകൾ നേടി.

നേരത്തെ, കോഹ്ലിയടക്കമുള്ള മുൻനിര നിറംമങ്ങിയപ്പോൾ ലഭിച്ച അവസരം തീർത്തും മുതലാക്കിയ വെറ്ററൻമാരായ യുവരാജ് സിംഗിൻറെയും നായക സ്ഥാനം വച്ചൊഴിഞ്ഞ മഹേന്ദ്രസിംഗ് ധോണിയുടെയും സെഞ്ചുറി മികവിലാണ് കട്ടക്കിൽ ഇന്ത്യ കൂറ്റൻ സ്‌കോർ അടിച്ചുകൂട്ടിയത്. 25/3 എന്ന നിലയിൽ തകർച്ച നേരിട്ട ഇന്ത്യയെ തോളേറ്റിയ യുവിയുടെയും ധോണിയുടെയും ഇന്നിംഗ്‌സുകളുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് അടിച്ചുകൂട്ടി.

ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 256 റൺസാണ് ഇന്ത്യൻ ഇംഗ്ലീഷ് പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. നാലാം ഓവറിൽ ഒത്തുചേർന്ന ഇവർ 43ാം ഓവറിലാണ് പിരിഞ്ഞത്. ആദ്യ അഞ്ച് ഓവറിനിടെ ലോകേഷ് രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരെ ക്രിസ് വോക്‌സ് മടക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here