സമസ്ത മേഖലയിലും തുടരുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍; അസാധാരണ ബൂര്‍ഷ്വാ പാര്‍ട്ടിയുടെ അമിതാധികാരി; ബിജെപി സര്‍ക്കാരിന്റെ ഇടപെടലുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍

ഭൂപ്രഭുത്വം അവസാനിപ്പിക്കുന്ന വിപ്ലവത്തെയാണ് ജനാധിപത്യ വിപ്ലവം എന്ന് വിളിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ വളര്‍ച്ചയോടെയാണിത് സംഭവിക്കുന്നത്. രാജവാഴ്ച അവസാനിപ്പിക്കലും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ സ്ഥാപിതമാവലും ആണ് ഇതിന്റെ രാഷ്ട്രീയ ഉള്ളടക്കം. എന്നാല്‍ സോഷ്യലിസ്റ്റ് വിപ്ലവാനന്തരം, മുതലാളിത്തം വികസിതമായ രാജ്യങ്ങളില്‍ ഭൂപ്രഭുത്വത്തെ അവസാനിപ്പിക്കാന്‍ തയ്യാറാവതെ, അതുമായി സന്ധി ചെയ്തുകൊണ്ട് വളരാനാണ് മുതലാളിത്തം ശ്രമിച്ചത്.

അത്തരം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഭരണവര്‍ഗത്തിന്റെ കൈകളില്‍ ജനാധിപത്യം സുരക്ഷിതമാണെന്ന് കരുതാനാവില്ല. ജനാധിപത്യത്തിന്റെ ചട്ടക്കൂടു മാത്രം നിലനിര്‍ത്തിക്കൊണ്ട് സ്വേഛാധിപത്യത്തിലേക്ക് നീങ്ങാനുള്ള പ്രവണത ഇന്ത്യയിലെ ഭരണാധികാരി വര്‍ഗത്തിനുണ്ടാവുക സ്വാഭാവികം. സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിക്കുകയും സ്വന്തം അധികാരത്തിന് വെല്ലുവിളി ഉയരുന്നുവെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴൊക്കെ ഭരണാധികാരി വര്‍ഗം സ്വേഛാധിപത്യത്തിലേക്ക് നീങ്ങാനുള്ള ശക്തമായ പ്രവണതകള്‍ പ്രകടിപ്പിക്കും.

ഇന്ത്യയില്‍ ബിജെപി തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നതോടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സത്തു ഊറ്റിക്കളഞ്ഞ് അതിനെ വെറുമൊരു ചട്ടക്കൂട് മാത്രമാക്കി നിലനിര്‍ത്തിക്കൊണ്ട് സ്വേഛാധിപത്യ പ്രവണതകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ”ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘം മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍, ബിജെപി സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടിയല്ല” എന്ന് സിപിഐഎം പരിപാടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ ജനാധിപത്യ വിപ്ലവത്തിന്റെ കടമ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസി തയ്യാറാവാത്തതിനാല്‍ ഫ്യൂഡല്‍ ആശയങ്ങളുടെ അശാധമായ സ്വീഝീനം ജനങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്നുണ്ട്. ഇതിനെ ജാതിയവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ ഉണ്ടാക്കുന്നതിനായി ഭരണവര്‍ഗം ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു വേണം നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് ജനാധിപത്യ മൂല്യങ്ങളെയാകെ ചോര്‍ത്തിക്കളയാനും അതിനെ വെറുമൊരു ചട്ടക്കൂട് മാത്രമാക്കി നിലനിര്‍ത്തിക്കൊണ്ട് സ്വേഛാധിപത്യ നടപടികള്‍ സ്വീകരിക്കാനും നടത്തിയ ശ്രമങ്ങളെ വിലയിരുത്താന്‍.

നീതിന്യായരംഗം

നിയമനിര്‍മ്മാണം, നിയമനിര്‍വ്വഹണം, നീതിന്യായരംഗം എന്നിവയെ പരസ്പരം വേര്‍തിരിക്കുകയും അവ തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ആധുനിക ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനതത്വമാണ്. ഇന്ത്യന്‍ ഭരണഘടന ഈ തത്വം ഉള്‍ക്കൊണ്ടുകൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ നീതിന്യായരംഗത്തെ സ്വതന്ത്യമായി പ്രവര്‍ത്തിക്കാന്‍ നിയമനിര്‍വ്വഹണ വിഭാഗം അനുവദിക്കണം.

supreme-court

സുപ്രിംകോടതിയിലും ഹൈക്കോടതിയിലും നിയമനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് സുപ്രിംകോടതിയും കേന്ദ്രഗവണ്‍മെന്റും തമ്മില്‍ തര്‍ക്കമുണ്ട് എന്നതു പുതിയകാര്യമല്ല. അത് സമവായത്തിലൂടെ തീര്‍ക്കാന്‍ ശ്രമിക്കാതെ, കേന്ദ്രഗവണ്‍മെന്റിന്റെ ഇംഹിതത്തിന് വഴങ്ങാന്‍ സുപ്രിംകോടതി തയ്യാറായില്ലെങ്കില്‍ ഒരു പാഠം പഠിപ്പിക്കും എന്ന മട്ടിലാണ് മോദി ഗവണ്‍മെന്റ് പെരുമാറിക്കൊണ്ടിരിക്കുന്നത്. തര്‍ക്കം മൂലം നിരവധി ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ തുടരുകയാണ്.

43ശതമാനമാണ് ഒഴിവുകള്‍. കര്‍ണ്ണാടക ഹൈക്കോടതി സമുച്ചയത്തിന്റെ മുകള്‍ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന കോടതി മുറികളൊക്കെ പൂട്ടിക്കിടക്കുകയാണ്. കേസുകള്‍ തീര്‍പ്പാവാതെ കിടക്കുന്ന അവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴത്തെ സ്ഥിതിയാണിത്. ഒരു കേസു കേള്‍ക്കുന്ന അവസരത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റീസ് പറഞ്ഞത് ഇങ്ങനെയാണ്. ”ജഡ്ജിമാര്‍ക്ക് കോടതി മുറികളില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതി മുറികളുണ്ട് എന്നാല്‍ ജഡ്ജിമാരില്ല എന്നതാണ് സ്ഥിതി. നിങ്ങള്‍ക്ക് ഇപ്പോള്‍ കോടതി മുറികള്‍ അടച്ചുപൂട്ടാം, നീതിയെ പുറത്താക്കാം. പൂട്ടിയിടപ്പെട്ട നീതിന്യായ സംവിധാനം എന്ന് നമുക്കിതിനെ വിളിക്കാം ”

സൈന്യം

കരസേനാ മേധാവിയായി ആരു നിയമിക്കപ്പെട്ടു എന്നത് സാധാരണഗതിയില്‍ ഉല്‍കണ്ഠയുണര്‍ത്തുന്ന ഒരു ചോദ്യമല്ല. സീനിയോറിറ്റി മാത്രമാണ് പരിഗണിക്കപ്പെടാറുള്ളത്. 1983ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ മാത്രമാണ് സീനിയോറിറ്റി മറികടന്നുകൊണ്ടുള്ള ഒരു നിയമനമുണ്ടായത്. അന്ന് അതിനെ ശക്തിയായി എതിര്‍ത്ത പാര്‍ട്ടിയായിരുന്നു ബിജെപി.

Indian-Army

ഇപ്പോള്‍ അതേ കൃത്യം തന്നെയാണ് ബിജെപി നിര്‍വഹിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തരാഖണ്ടുക്കാരനായ ഒരാളെ സീനിയോറിറ്റി മറികടന്ന് നിയമിച്ചു. ഇതിലൂടെ സേനാധിപ നിയമനം പോലും രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി ഉപയോഗിക്കുകയാണെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

കരസേനാധിപനായി ജനറല്‍ വികെ സിംഗ് റിട്ടയര്‍ ചെയ്ത് ഒരു വര്‍ഷത്തിനകം തന്നെ ബിജെപിയില്‍ ചേരുകയും കേന്ദ്രമന്ത്രിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. സൈന്യത്തെ രാഷ്ട്രീയവല്‍കരിക്കുന്നതിനാണ് ഇത്തരം നടപടികള്‍ സഹായിക്കുക. ഇത് ജനാധിപത്യ പ്രക്രിയയ്ക്ക് ദോഷം ചെയ്യും.

വിദേശനയം

വിദേശരാജ്യങ്ങളുമായി നല്ലബന്ധം ഉറപ്പുവരുത്തേണ്ടത് മുഖ്യമായും വിദേശകാര്യ മന്ത്രാലയത്തിന്റെയും അതിന്റെ മന്ത്രിയുടേയും ചുമതലയാണ്. എല്ലാവര്‍ക്കും അറിയാവുന്നതിപോലെ ഇപ്പോഴത്തെ വിദേശകാര്യമന്ത്രി സുഷമസ്വരാജും പ്രധാനമന്ത്രിയും തമ്മില്‍ സുഖകരമായ ബന്ധമല്ല നിലവിലുള്ളത്. പ്രധാനമന്ത്രിയാവട്ടെ വിദേശസഞ്ചാര ഭ്രാന്ത് പിടിപ്പെട്ടത് പോലെയാണ് വിദേശയാത്രകള്‍ നടത്തികൊണ്ടിരിക്കുന്നത്. അതില്‍ ഭൂരിഭാഗത്തിലും വിദേശകാര്യ മന്ത്രി അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്നില്ല എന്നുമാത്രമല്ല ഒറ്റയ്ക്ക് വിദേശനയം രൂപീകരിക്കുക എന്ന നിലപാടിലേക്ക് പ്രധാനമന്ത്രി എത്തിച്ചേരുകയും ചെയ്തിരിക്കുന്നു.

modi-@-kochi

പരമ്പരാഗതമായി ഇന്ത്യ സ്വീകരിച്ചു വന്നിരുന്ന ചേരിചേരാനയം മോദി ഗവണ്‍മെന്റ് പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. അയല്‍ രാജ്യങ്ങളെ ഉപേക്ഷിച്ച് അമേരിക്ക, ജപ്പാന്‍ എന്നീരാജ്യങ്ങളുടെ സൈനിക പങ്കാളിയായി മാറുന്ന നിലാണ് മോദിക്ക് താല്പര്യം കൂടുതല്‍. പ്രധാനമന്ത്രി കൂട്ടുത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിമ്പകരം ഒറ്റയ്ക്ക് ഭരണാധികാരിയാവുന്നു എന്നതാണ് ഇവിടെയും കാണുന്നത്.

സാമൂഹിക സംഘടനകള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവയാണ് സര്‍ക്കാരിതര സംഘടനകള്‍. ചിലകാര്യങ്ങളില്‍ ഇവയ്ക്ക് നിലനില്ക്കുന്ന സര്‍ക്കാരുകളെ എതിര്‍ക്കേണ്ടതായിവരും. വിദേശസംഭാവന കിട്ടുന്നവയും കിട്ടാത്തവയും ഇതിലുണ്ട്. ഇത്തരം സംഘടനകളില്‍ പ്രസിദ്ധമായ ഒന്നാണ് ഷബ്‌നം ഹാഷ്മിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അന്‍ഹാദ് (ജനാധിപത്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന) വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് വിദേശ സഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടായിരുന്ന ഒരു സംഘടനയായിരുന്നു അത്.

green-peace

2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്കിരയായവരുടെ കേസുകള്‍ നടത്താനും അവരുടെ കുടുംബാംഗങ്ങളെ സഹായിക്കാനുമൊക്കെ മുന്‍നിന്ന് പ്രവര്‍ത്തിച്ചുവെന്നതിനാല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ നരേന്ദ്രമോദിയുടെ കണ്ണിലെ കരടായി ഈ സംഘടന മാറിയിരുന്നു. 2016 മാര്‍ച്ച് 20ന് വിദേശധന സഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് അഞ്ചുവര്‍ഷ കാലാവധി വച്ച് ഇവര്‍ക്ക് പുതുക്കി കിട്ടിയിരുന്നതാണ്.

എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 15ന് ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കികൊണ്ടുള്ള ഒരു ഉത്തരവ് പ്രത്യക്ഷപ്പെട്ടു.”പൊതു താല്പര്യത്തിന് വിഘാതമാവുന്ന അനാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി” എന്നാണ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. ആര്‍ക്കും എതിരായി എപ്പോഴും ഉന്നയിക്കാവുന്ന ഒരാരോപണമാണിത്. ഇവരുടെ മാത്രമല്ല വളരെ പ്രസിദ്ധമായ മറ്റു സംഘടനകളുടെയും ലൈസന്‍സ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. മോദിയേയും ആര്‍എസ്എസിനെയും എതിര്‍ക്കുന്ന സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയലാണ് ഇതുകൊണ്ട് ഭരണകൂടം ലക്ഷ്യമാക്കുന്നത്.

മാധ്യമങ്ങള്‍

മാധ്യമങ്ങളുടെ ഉടമസ്ഥത വന്‍കിട കോര്‍പ്പറേറ്റുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കും അതുവഴി ഭരണകൂട താല്പര്യങ്ങള്‍ക്കും ദോഷം വരുത്തുന്ന വാര്‍ത്തകള്‍ ഒന്നുംതന്നെ പുറത്തുവരുന്നില്ല എന്ന സ്ഥിതി വന്‍കിട മാധ്യമങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ക്ക് വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് രാജിവെച്ചു പുറത്തു പോകേണ്ടിവരുന്ന സ്ഥിതിയും രൂപപ്പെടുന്നുണ്ട്.

shutdown-ndtv

എതിര്‍ത്തു നില്ക്കുന്ന മാധ്യമങ്ങളെ നിരോധിക്കുക എന്നിടത്തോളം കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്‍ഡിടിവിക്ക് 24 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള ശ്രമം ഇതിന്റെ ഭാഗമായി കാണണം. ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്ന മാധ്യമ തലവന്മാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയും വന്നുചേരുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി പറയുന്നത് മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും അധികം അപകടകരമായ സ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നാണ്. 2014ന് ശേഷം 11 മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല ചെയ്യപ്പെട്ടത് എന്ന വസ്തുത ഇകാര്യം തെളിയിക്കുന്നു.

വിദ്യാഭ്യാസ – സാംസ്‌കാരിക രംഗങ്ങള്‍

രോഹിത് വെമുലയുടെ ആത്മഹത്യയും നിരവധിയായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്നുവന്നത് ഇക്കാലത്താണ്. അധ:സ്ഥിത ജനവിഭാഗങ്ങളോട് ഹിന്ദുത്വവാദികള്‍ എടുക്കുന്ന സമീപനവും സിലബസ് തന്നെ വര്‍ഗീയ വത്കരിക്കുന്നതിനുവേണ്ടി നടക്കുന്ന ശ്രമങ്ങളും വിദ്യാഭ്യാസരംഗത്തെ കലുഷിതമാക്കി. ഒപ്പം സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരികവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ അപ്രാപ്തരായ ആര്‍എസ്എസ് അനുഭാവികളെയോ പ്രവര്‍ത്തകരെയൊ കുത്തിനിറയ്ക്കുന്നു. നിയുക്തമാവുന്ന രംഗത്ത് യാതൊരു സംഭാവനയും നല്‍കാത്തവരെയാണിങ്ങനെ നിയമിക്കുന്നത്.

ധനകാര്യം

നോട്ടുനിരോധനം റിസര്‍വ് ബാങ്കിന്റെ ചുമതലയാണ്. വേണമെങ്കില്‍ ധനമന്ത്രിയ്ക്ക് ഇടപെടാം. എന്നാല്‍ പ്രധാനമന്ത്രിതന്നെ ഈകാര്യം നേരിട്ട് ഏറ്റെടുത്ത് പ്രഖ്യാപിക്കുന്നത് നാം കണ്ടു. ധനകാര്യവകുപ്പൊ ക്യാബിനറ്റൊ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടു പോലുമില്ല എന്ന വാര്‍ത്ത വന്നിരുന്നു. ഡിസംബര്‍ 31ന്റെ പ്രസംഗത്തിലാവട്ടെ കുറെ ഭാഗം ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ വരേണ്ട കാര്യങ്ങളായിരുന്നു. പ്രധാനമന്ത്രിയുടെ ഏകാംഗനാടകമാണ് നാം ഇവിടെയും ദര്‍ശിച്ചത്.

തെരഞ്ഞെടുപ്പ് ഏകീകരണം

1952ല്‍ ലോകസഭയിലേക്കും അന്ന് നിലവിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലേക്കുമൊക്കെ ഒരുമിച്ചാണ് തെരഞ്ഞെടുപ്പു നടന്നത്. എന്നാല്‍ പിന്നീടൊരിക്കലും അങ്ങനെ നടന്നിട്ടില്ല. ഇന്ത്യയിലെ സമ്പന്നമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് പിന്നീട് വ്യത്യസ്ത ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പുകളും ലോകസഭാ തെരഞ്ഞെടുപ്പും നടക്കുന്ന സ്ഥിതിയുണ്ടായത്. കേന്ദ്രത്തിന്റെ ചില ജനാധിപത്യവിരുദ്ധ നടപടികളും ചില നിയമസഭാതെരഞ്ഞെടുപ്പുകള്‍ കാലാവധിക്കുമുമ്പ് നടത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നാലിപ്പോള്‍ കള്ളപ്പണത്തിന്റെ സ്വാധീനം പറഞ്ഞ് തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ ഒന്നാണ് ഈ നീക്കം.

പാര്‍ലമെന്റും പ്രധാനമന്ത്രിയും

ഗുജറാത്ത് മുഖ്യമന്ത്രിയായരുന്നപ്പോള്‍ ഏറ്റവും കുറവുദിവസം നിയമസഭ കൂടുകയും അതില്‍ ഏറ്റവും കുറച്ചു ദിവസം മാത്രം പങ്കെടുക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. പ്രധാനമന്ത്രിയായപ്പോള്‍ അതേ സ്ഥിതിയാണ് പാര്‍ലമെന്റിലും ദര്‍ശിക്കാനാവുന്നത്.

ഇതൊക്കെ കാണിക്കുന്നത്, തെരഞ്ഞെടുപ്പുകള്‍, പാര്‍ലമെന്റ് എന്നിങ്ങനെ ജനാധിപത്യത്തിന്റെ പ്രകടനപരമായ ചട്ടക്കൂടുകള്‍ ഒക്കെ നിലനിര്‍ത്തികൊണ്ട് അതിന്റെ അന്ത:സത്ത ചേര്‍ത്തിക്കളയുന്ന പുതിയൊരു പരീക്ഷണമാണ് നരേന്ദ്രമോദിയുടെ കീഴില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ്. നവലിബറല്‍ നയങ്ങളുടെ ഗുണഭോക്താക്കളായ ധനമൂലധന ശക്തികളെ സംബന്ധിച്ചേടത്തോളം ഇത് ഗുണകരമായ ഒരു സംവിധാനമാണ്. പ്രധാനമന്ത്രി എന്ന ഒറ്റ അധികാരകേന്ദ്രത്തെ പ്രീണിപ്പിച്ചാല്‍ ഏത് കാര്യവും നടത്തിയെടുക്കാമെന്ന സ്ഥിതി വന്നുചേര്‍ന്നിരിക്കുന്നു .

Narendra-Modi
മറുഭാഗത്ത് ബിജെപിയിലാവട്ടെ മോദിയുടെ ഈ അമിതാധികാര പ്രവണതയെ എതിര്‍ക്കാന്‍ മാത്രം കെല്പുള്ള നേതാക്കളൊന്നും തന്നെ നിലവിലില്ല എന്ന സ്ഥിതിയും വന്നിട്ടുണ്ട്. പേരിനെങ്കിലും എതിര്‍പ്പുയര്‍ത്തിയിരുന്ന അദ്വാനി പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിഞ്ഞു. പ്രതിപക്ഷത്താവട്ടെ മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായി നിലകൊണ്ടിരുന്ന കോണ്‍ഗ്രസ് ബിജെപിയുടേതിന് സമാനമായ സാമ്പത്തിക നയം തന്നെയാണ് തുടര്‍ന്നുവരുന്നത്.

ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചക്കിടയാക്കിയത് കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളാണ്. ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷവും അതിന് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മും മാത്രമാണ്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു നടത്തുന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇടതുപക്ഷത്തിന് അസംതൃപ്ത ജനവിഭാഗങ്ങളുടെ പിന്തുണയാര്‍ജിക്കാനും ഒരു ബദല്‍ ശക്തിയായി അതിവേഗം വളര്‍ന്നുവരാനും കഴിയും. ആ പ്രതീക്ഷയുടെ പൂര്‍ത്തീകരണമാണ് ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here