ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ എആര്‍ റഹ്മാനും; ഇന്നു നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപനം; ‘ഞാന്‍ തമിഴ് ജനതയ്‌ക്കൊപ്പം’

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സംഗീത രാജാവ് എആര്‍ റഹ്മാനും രംഗത്ത്. തമിഴ് ജനതയുടെ ഇച്ഛാശക്തിക്കൊപ്പം നില്‍ക്കുമെന്നും ഇന്നു താന്‍ നിരാഹാരമിരിക്കുമെന്നും റഹ്മാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതം അറിയിച്ച കോടതി ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എആര്‍ റഹ്മാന്റെ പ്രഖ്യാപനം.

അതേസമയം, വിഷയത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തോട് പറഞ്ഞു. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ആവശ്യം. വിഷയം പഠിക്കാന്‍ തമിഴ്‌നാട്ടിലേക്ക് കേന്ദ്രസംഘത്തെ അയക്കാനും തീരുമാനമായി.

മൃഗസ്‌നേഹി സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസങ്ങളായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്.

പ്രശസ്ത സിനിമാ താരങ്ങളുടെ പിന്തുണയും തമിഴ് ജനതയ്‌ക്കൊപ്പമുണ്ട്. വ്യാഴാഴ്ച മറീനാ ബീച്ചില്‍ നടന്ന പ്രക്ഷോഭത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ കോളേജുകള്‍ അടഞ്ഞുകിടക്കുകയാണ്. തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭം ശക്തമായിട്ടുണ്ട്. പോണ്ടിച്ചേരിയിലും വിദ്യാര്‍ഥികള്‍ കോളേജുകള്‍ ബഹിഷ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News