ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ തമിഴ് ജനത നാലാംദിവസവും തെരുവില്‍; തമിഴ്‌നാട്ടില്‍ നാളെ ബന്ദ്; ട്രെയിനുകള്‍ തടയുമെന്ന് ഡിഎംകെ; പ്രക്ഷോഭം വിദേശരാജ്യങ്ങളിലേക്കും

ചെന്നൈ: സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് ജനത നാലാം ദിവസവും തെരുവില്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ തമിഴ്‌നാട്ടിന്റെ വിവിധ ജില്ലകളില്‍ ബന്ദ് ആചരിക്കാനും ഡിഎംകെ തീരുമാനിച്ചു. മധുരൈ, ഡിണ്ടിഗല്‍ ജില്ലകളില്‍ ട്രെയിന്‍ തടയുന്നത് നാളെയും തുടരും.

നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പുതുച്ചേരിയില്‍ ബന്ദാചരിക്കും. നാം തമിഴര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണു ബന്ദ്. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെയും മധുരൈ, ഗിണ്ടിഗല്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പ്രകോഭം തമിഴ് ജനതയുള്ള ശ്രീലങ്ക, യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ലണ്ടനില്‍ തമിഴ് സംഘം സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹൈ കമീഷന്‍ ഓഫീസിന് മുന്നില്‍ ചൊവാഴ്ച്ച പ്രതിഷേധം സംഘടിപ്പിക്കും.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ എആര്‍ റഹ്മാനും രംഗത്തെത്തി. തമിഴ് ജനതയുടെ ഇച്ഛാശക്തിക്കൊപ്പം നില്‍ക്കുമെന്നും നാളെ താന്‍ നിരാഹാരമിരിക്കുമെന്നും റഹ്മാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതം അറിയിച്ച കോടതി ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എആര്‍ റഹ്മാന്റെ പ്രഖ്യാപനം.

മൃഗസ്‌നേഹി സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസങ്ങളായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്. പ്രശസ്ത സിനിമാ താരങ്ങളുടെ പിന്തുണയും തമിഴ് ജനതയ്‌ക്കൊപ്പമുണ്ട്. വ്യാഴാഴ്ച മറീനാ ബീച്ചില്‍ നടന്ന പ്രക്ഷോഭത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ കോളേജുകള്‍ അടഞ്ഞുകിടക്കുകയാണ്. തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭം ശക്തമായിട്ടുണ്ട്. പോണ്ടിച്ചേരിയിലും വിദ്യാര്‍ഥികള്‍ കോളേജുകള്‍ ബഹിഷ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here